

റഷ്യയില്‍ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് ശിക്ഷയായി ഇന്ത്യക്ക് അധിക നികുതി ചുമത്തുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്ന സൂചനയുമായി ഇന്ത്യ. ഏറ്റവും കുറഞ്ഞ വിലയില്‍ ഏത് രാജ്യത്തു നിന്നാണോ അസംസ്‌കൃത എണ്ണ ലഭിക്കുന്നത്, അവിടെ നിന്ന് വാങ്ങുകയെന്നതാണ് ഇന്ത്യയുടെ വാണിജ്യ നയമെന്ന് റഷ്യയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി വിനയ് കുമാര്‍ വ്യക്തമാക്കി. റഷ്യയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസിന് (TASS) നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്ന കാലത്തോളം റഷ്യയുമായി ഇടപാടുകള്‍ തുടരുമെന്ന് അദ്ദേഹം സൂചന നല്‍കി.
ഇന്ത്യയിലെ ജനങ്ങളുടെ ഊര്‍ജ സുരക്ഷയാണ് സര്‍ക്കാരിന് പ്രധാനമെന്ന് വിനയ് കുമാര്‍ പറഞ്ഞു. അന്താരാഷ്ട്ര ഇടപാടുകള്‍ നടക്കുന്നത് വാണിജ്യാടിസ്ഥാനത്തിലാണ്. ഏറ്റവും കുറഞ്ഞ നിരക്ക് ലഭിക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങും. റഷ്യ ഉള്‍പ്പടെ നിരവിധി രാജ്യങ്ങളുമായി ഇടപാടുകള്‍ നടക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ ഊര്‍ജ സുരക്ഷക്ക് സഹായകമാകുന്നുണ്ട്. വിനയ് കുമാര്‍ അഭിമുഖത്തില്‍ പറഞ്ഞു.
അമേരിക്കന്‍ സര്‍ക്കാര്‍ ഇന്ത്യക്ക് ചുമത്തിയ അധിക നികുതി അന്യായവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി പ്രതികരിച്ചു. റഷ്യയുമായി അമേരിക്കയും വാണിജ്യ ഇടപാടുകള്‍ നടത്തുന്നുണ്ട്. മറ്റു രാജ്യങ്ങളും റഷ്യയില്‍ നിന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. റഷ്യന്‍ ഇടപാടിന്റെ പേരില്‍ ഇന്ത്യക്ക് മാത്രം പിഴയടിക്കുന്നത് നീതീകരിക്കാനാവാത്ത നടപടിയാണ്. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഇടപാടുകള്‍ പരസ്പര ധാരണകളുടെയും ബിസിനസ് താല്‍പര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ഇന്ത്യയുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാനാവശ്യമായ നടപടികളാണ് ഇന്ത്യ തുടരുക. വിനയ് കുമാര്‍ വ്യക്തമാക്കി.
റഷ്യയുമായുള്ള ഇന്ത്യയുടെ വാണിജ്യ ഇടപാട്, ഉക്രെയ്നില്‍ റഷ്യ നടത്തുന്ന യുദ്ധത്തെ സഹായിക്കുന്നതാണെന്ന് ആരോപിച്ചാണ് ഇന്ത്യക്ക് അമേരിക്ക 50 ശതമാനം നികുതി ചുമത്തിയത്. ട്രംപിന്റെ നിലപാടിനെ ഇന്ത്യാ സര്‍ക്കാര്‍ നേരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഒരു രാജ്യവുമായി വാണിജ്യ ഇടപാടുകള്‍ നടത്തുന്നതിന് മറ്റൊരു രാജ്യത്തിന് സ്വാതന്ത്ര്യമുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് സംസ്‌കരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ആര്‍ക്കും വാങ്ങാം, വാങ്ങാതിരിക്കാം. ആരെയും നിര്‍ബന്ധിക്കുന്നില്ല. ബിസിനസിന്റെ വളര്‍ച്ചയെ അനുകൂലിക്കുന്ന അമേരിക്ക, മറ്റു രാജ്യങ്ങള്‍ ബിസിനസ് നടത്തുന്നതിനെ എതിര്‍ക്കുന്നത് ശരിയായ നിലപാടല്ല. എസ്.ജയശങ്കര്‍ പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine