ഇന്ത്യന്‍ നഗരങ്ങള്‍ പ്രളയ മുനമ്പില്‍; നടപടിയില്ലെങ്കില്‍ അപകടമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്

നഗരങ്ങളിലെ വെള്ളപ്പൊക്കം വര്‍ഷം തോറും ഇന്ത്യക്ക് ഉണ്ടാക്കുന്നത് 34,000 കോടി രൂപയുടെ നഷ്ടം
Flood in Indian cities
Flood in Indian cities
Published on

ഇന്ത്യന്‍ നഗരങ്ങള്‍ പ്രളയം ഉള്‍പ്പടെയുള്ള കാലാവസ്ഥാ ഭീഷണികളുടെ നടുവിലാണെന്ന് ലോകബാങ്കിന്റെ റിപ്പോര്‍ട്ട്. മുംബൈ ഉള്‍പ്പടെ രാജ്യത്തെ ഏതാനും പ്രധാന നഗരങ്ങളില്‍ മനുഷ്യരുടെ ജീവഹാനി ഉള്‍പ്പടെയുള്ള നഷ്ടങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് Towards Resilient and Prosperous Cities in India റിപ്പോര്‍ട്ടില്‍ ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ നഗരവികസന വകുപ്പുമായി ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനസംഖ്യയിലെ വളര്‍ച്ച, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് എന്നിവയാണ് നഗരങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ 2050 നുള്ളില്‍ 2,40,000 കോടി ഡോളറിന്റെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

പ്രധാന വെല്ലുവിളികള്‍

ഇന്ത്യന്‍ നഗരങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടാണ്. ക്രമം തെറ്റിയുള്ള മഴ, ഉഷ്ണ തരംഗം, കടല്‍ നിരപ്പ് ഉയരല്‍ എന്നിവയാണ് പ്രധാന ഭീഷണികളെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. നഗരങ്ങളില്‍ ജീവിക്കുന്നവരുടെ എണ്ണം അടുത്ത കാല്‍നൂറ്റാണ്ടിനുള്ളില്‍ ഇരട്ടിയോളം വര്‍ധിക്കും. 95 കോടിയോളം പേര്‍ നഗരവാസികളാകും. 2020 ലെ ലോകബാങ്ക് കണക്ക് പ്രകാരം ഇത് 48 കോടിയാണ്.

സുരക്ഷിതമായ വീടുകള്‍, ഗതാഗത സൗകര്യം, മഴവെള്ളവും മലിന ജലവും കൈകാര്യം ചെയ്യുന്നതിലെ കാര്യക്ഷമത എന്നീ കാര്യങ്ങളില്‍ ഇന്ത്യ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വേള്‍ഡ് ബാങ്ക് ഇന്ത്യ ഡയറക്ടര്‍ അഗസ്റ്റി ടോണോ കൗമി ചൂണ്ടിക്കാട്ടി.

34,000 കോടി രൂപയുടെ നഷ്ടം

കാലാവസ്ഥാ വെല്ലുവിളികള്‍ മൂലം ഇന്ത്യ വര്‍ഷം തോറും നേരിടുന്നത് 34,000 കോടി രൂപയുടെ നഷ്ടമാണെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇത് 500 കോടി കൂടി വര്‍ധിക്കും. നിലവില്‍ ഇന്ത്യയുടെ ജിഡിപിയുടെ 0.7 ശതമാനം ഇത്തരം വെല്ലുവിളികളെ നേരിടുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് ആഗോള ശരാശരിയെ അപേക്ഷിച്ച് കുറവാണ്. സ്വകാര്യ മേഖലയെ കൂടി പങ്കാളികളാക്കി പ്രളയ പ്രതിരോധ നടപടികള്‍ ശക്തമാക്കേണ്ടതുണ്ട്. റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

ഭീഷണി കൂടുതല്‍ മുംബൈയില്‍

ഇന്ത്യയില്‍ പ്രളയത്തിന്റെ ആഘാതം കൂടുതല്‍ മുംബൈ നഗരത്തിലാണെന്ന് നേരത്തെ ഭുവനേശ്വര്‍ ഐഐടി നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ആഗോള തലത്തില്‍ തന്നെ മുംബൈ പ്രളയസാധ്യതാ പട്ടികയില്‍ മുന്നിലാണ്. ബീഹാര്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ആസാം, ഗുജറാത്ത് (സൂറത്ത്), ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രളയ സാധ്യത കൂടുതല്‍ കണ്ടെത്തിയിട്ടുള്ളത്. കേരളത്തില്‍ എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് പ്രളയ സാധ്യത കൂടുതല്‍.

ഇന്ത്യയിലെ ജനസംഖ്യയില്‍ 44 ശതമാനം പേരും പ്രളയ ഭീഷണിയിലാണെന്ന് മൂഡീസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിവേഗത്തിലുള്ള നഗരവല്‍ക്കരണം, വയല്‍നികത്തല്‍, ഡ്രൈനേജുകളുടെ അഭാവം എന്നിവയാണ് പ്രധാന കാരണങ്ങളായി വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com