സാമ്പത്തിക വൈഷമ്യങ്ങള്‍ മറികടന്ന് ഇന്ത്യ ലോകത്തിനു മാതൃകയാകുമെന്ന് മോദി

സാമ്പത്തിക വൈഷമ്യങ്ങള്‍ മറികടന്ന് ഇന്ത്യ ലോകത്തിനു   മാതൃകയാകുമെന്ന് മോദി
Published on

കോവിഡ് നേരിടാന്‍ അത്യാധുനിക ആരോഗ്യ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും വലിയ ജനസംഖ്യ കാരണം പ്രശ്‌നങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യയെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാരിന്റെ ആദ്യ വാര്‍ഷികത്തില്‍ ജനങ്ങള്‍ക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്.എങ്കിലും ലോകത്തിലെ ശക്തവും സമ്പന്നവുമായ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യക്കാരുടെ കൂട്ടായ ശക്തിയും കഴിവും സമാനതകളില്ലാത്തതാണെന്ന് തെളിയിക്കാന്‍ കഴിയുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോകം പ്രതീക്ഷിച്ചിരുന്നത് കൊറോണ വൈറസ് മഹാമാരി ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഇന്ത്യയെ ആയിരിക്കുമെന്നാണ്. എന്നാല്‍ ഇന്ത്യാക്കാര്‍ പൂര്‍ണ്ണ ആത്മവിശ്വാസത്തിലൂടെയും ഊര്‍ജ്ജസ്വലതയിലൂടെയും ലോകം നമ്മെ നോക്കികാണുന്ന രീതിയെ മാറ്റിമറിച്ചു. നിലവിലെ പ്രതിസന്ധിയില്‍ ആര്‍ക്കും അസൗകര്യമോ അസ്വസ്ഥകളോ ഉണ്ടായിട്ടില്ലെന്ന് തീര്‍ച്ചയായും അവകാശപ്പെടാനാവില്ല. നമ്മുടെ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെ നാട്ടുകാര്‍ വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട്. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഞങ്ങള്‍ ഏകീകൃതമായി നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്നു- പ്രധാനമന്ത്രി കത്തില്‍ കുറിച്ചു.

ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ സുവര്‍ണ അധ്യായമെന്നാണ് തന്റെ ഭരണകാലത്തെ മോദി വിശേഷിപ്പിക്കുന്നത്.ജനങ്ങളുടെ ആത്മവിശ്വാസവും ക്ഷമയും ഇന്ത്യയെ സഹായിച്ചെന്നും മോദി കത്തില്‍ കുറിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നേട്ടങ്ങളും മുന്നിലെ പ്രതിസന്ധികളും കത്തിലുണ്ട്. സാമ്പത്തിക മേഖലകളില്‍, തങ്ങളുടെ കരുത്ത് പ്രകടമാക്കുന്നതിലൂടെ ലോകത്തെ മുഴുവന്‍ ആശ്ചര്യപ്പെടുത്തുക  മാത്രമല്ല അവരെ മുഴുവന്‍ പ്രചോദിപ്പിക്കാനും 130 കോടി ഭാരതീയര്‍ക്ക് കഴിയുമെന്ന്  പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥകള്‍ എങ്ങനെ തിരിച്ചുവരും എന്നതിനെപ്പറ്റി വലിയ സംവാദങ്ങള്‍ നടക്കുന്നുണ്ട്. ഐക്യത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി കൊറോണ വൈറസിനെതിരെ പോരാടി ലോകത്തെ ആശ്ചര്യപ്പെടുത്തിയവരാണ് നമ്മള്‍. അതുപോലെ തന്നെ, സാമ്പത്തിക രംഗത്തിന്റെ പുനരുജ്ജീവനത്തിലും, നാം ലോകത്തിനു തന്നെ മാതൃകയാകുമെന്ന് എല്ലാവരും വിശ്വസിക്കുന്നു.  നാം സ്വയം പര്യാപ്തത കൈവരിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ്. നമ്മുടെ ശേഷികള്‍ അടിസ്ഥാനമാക്കി, നമ്മുടേതായ വഴികളിലൂടെ നമുക്ക് മുന്നോട്ട് പോയേ തീരൂ.

ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് വേണ്ടി അടുത്തിടെ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഈ ദിശയിലുള്ള പ്രധാന കാല്‍വയ്പാണ്. കര്‍ഷകരാകട്ടെ, തൊഴിലാളികളാകട്ടെ, ചെറുകിട സംരഭകരാകട്ടെ, സ്റ്റാര്‍ട്ട് അപ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവാക്കളാകട്ടെ, ഓരോ ഭാരതീയനും അവസരങ്ങളുടെ ഒരു പുതുലോകം സൃഷ്ടിക്കാന്‍ ഈ നീക്കം ഗുണം ചെയ്യുമെന്ന് തീര്‍ച്ച. മണ്ണിന്റെ മണവും തൊഴിലാളികളുടെ വിയര്‍പ്പും കഠിനാധ്വാനവും കഴിവുകളും പുതിയ ഉത്പന്നങ്ങള്‍ക്ക് ജന്മം നല്‍കും. ഇറക്കുമതിയിന്മേലുള്ള ആശ്രയത്വം കുറച്ച്, സ്വയം പര്യാപ്തമായ ഭാരതത്തിലേക്ക് അത് നമ്മെ നയിക്കും: മോദി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com