കടലിനടിയില്‍ രണ്ടുലക്ഷം കോടി ലിറ്റര്‍ 'കറുത്ത സ്വര്‍ണം'! ഇന്ത്യ ₹1,700 ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാകും, വമ്പന്‍ പ്രതീക്ഷയുമായി മോദി സര്‍ക്കാര്‍

നിലവില്‍ രാജ്യത്തിന് ആവശ്യമായ 85 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുകയാണ്
Indian oil field
Canva
Published on

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആന്തമാന്‍ ദ്വീപിനകലെയുള്ള രണ്ട് ലക്ഷം കോടിയോളം ലിറ്റര്‍ വരുന്ന അസംസ്‌കൃത എണ്ണ ശേഖരം സ്വന്തമാക്കാന്‍ ഇന്ത്യ. ഇതിന്റെ പര്യവേഷണ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി വ്യക്തമാക്കി. അടുത്തിടെ ഗയാനയില്‍ കണ്ടെത്തിയ എണ്ണപ്പാടത്തേക്കാള്‍ വലുതായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

സൗത്ത് അമേരിക്കന്‍ രാജ്യമായ ഗയാനയില്‍ അടുത്തിടെ 11.6 ബില്യന്‍ ബാരല്‍ ക്രൂഡ് ഓയില്‍ ശേഖരം കണ്ടെത്തിയിരുന്നു. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ 20 ഓയില്‍ റിസര്‍വുകളുടെ പട്ടികയില്‍ ഇടം പിടിച്ച ഗയാനയുടെ തലവര തന്നെ മാറി. എണ്ണ പര്യവേഷണം ആരംഭിച്ചതോടെ സാമ്പത്തിക മേഖലയും കാര്യമായി മെച്ചപ്പെട്ടു. ഇപ്പോഴത്തെ പര്യവേഷണങ്ങള്‍ വിജയത്തിലെത്തിയാല്‍ ഇന്ത്യയും സമാന രീതിയില്‍ കുതിക്കുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ. ഇതോടെ ഇപ്പോഴത്തെ 3.7 ട്രില്യന്‍ ഡോളറിന്റെ ഇന്ത്യന്‍ സാമ്പത്തിക മേഖല 20 ട്രില്യന്‍ കോടി ഡോളറിന്റേതാകുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

വിജയിച്ചാല്‍ കളി മാറും

ആന്തമാന്‍ കടലില്‍ ക്രൂഡ് ഓയില്‍ സാന്നിധ്യം കണ്ടെത്താനായാല്‍ നിലവിലെ ഇറക്കുമതി കുറച്ച് സാമ്പത്തികമായി ഉയര്‍ച്ചയിലേക്ക് കുതിക്കാന്‍ ഇന്ത്യക്ക് കഴിയും. ഇപ്പോഴും ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. രാജ്യത്ത് ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 85 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നവയാണ്. യു.എസും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യവും ഇന്ത്യയാണ്. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ (2024-25) എണ്ണയിറക്കുമതിക്കായി 242.4 ബില്യന്‍ ഡോളറാണ് (ഏകദേശം 20 ലക്ഷം കോടി രൂപ) ഇന്ത്യ ചെലവിട്ടത്. ഈ ചെലവ് ഒഴിവാക്കാമെന്ന് മാത്രമല്ല കയറ്റുമതിയിലൂടെ വന്‍ നേട്ടവുമുണ്ടാക്കാമെന്നാണ് പ്രതീക്ഷ.

നിലവിലെ പര്യവേഷണം ഇങ്ങനെ

അസം, ഗുജറാത്ത്, രാജസ്ഥാന്‍, മുംബൈ ഹൈ, കൃഷ്ണ-ഗോദാവരി നദീതടം എന്നീ സ്ഥലങ്ങളിലാണ് നിലവില്‍ രാജ്യത്ത് എണ്ണ പര്യവേഷണം നടക്കുന്നത്. കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് വിശാഖപട്ടണം, മംഗളൂരു, പദൂര്‍ എന്നിവിടങ്ങളില്‍ തന്ത്രപരമായ പെട്രോളിയം റിസര്‍വുകളും സൂക്ഷിക്കുന്നുണ്ട്. ഓയില്‍ ഇന്ത്യ, ഒ.എന്‍.ജി.സി തുടങ്ങിയ കമ്പനികളുടെ സഹകരണത്തോടെ ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളിലേക്ക് കൂടി എണ്ണ പര്യവേഷണം നീക്കാനാണ് കേന്ദ്രപദ്ധതി. പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സി നിലവില്‍ 438 എണ്ണക്കിണറുകളാണ് രാജ്യത്ത് പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് 37 വര്‍ഷത്തെ ഏറ്റവും വലുതാണ്. പര്യവേഷണത്തിന് 37,000 കോടി രൂപ കമ്പനി ചെലവിട്ടതായും കണക്കുകള്‍ പറയുന്നു.

അതേസമയം, ഇത്തരം പരീക്ഷണങ്ങള്‍ക്ക് വലിയ തുക ചെലവാകുന്നത് വെല്ലുവിളിയാണെന്നാണ് മന്ത്രി പറയുന്നത്. ഗയാനയില്‍ 100 മില്യന്‍ ഡോളര്‍ വീതം ചെലവിട്ട് 44 എണ്ണക്കിണറുകളിലാണ് പരീക്ഷണം നടന്നത്. ഇതിലെ 41ാമത്തെ കിണറിലാണ് എണ്ണപ്പാടം കണ്ടെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com