ഗള്‍ഫ് രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യന്‍ വിമാനക്കമ്പനികള്‍; യാത്രയ്ക്ക് മുമ്പ് പ്രവാസികള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

ജോലി ആവശ്യങ്ങള്‍ക്കും കുടുംബസന്ദര്‍ശനങ്ങള്‍ക്കും തീര്‍ഥാടനത്തിനുമായി യാത്ര ആസൂത്രണം ചെയ്തവരെയും തീരുമാനം ബാധിക്കാനിടയുണ്ട്
A aircraft is landing on a airport
canva
Published on: 

സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് സൗദി അറേബ്യയിലെ നാല് പ്രധാനപ്പെട്ട നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍. നവംബര്‍ 30 വരെ ജിദ്ദ, റിയാദ്, മദീന, ദമ്മാം എന്നിവിടങ്ങളിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കുമുള്ള സര്‍വീസുകളുമാണ് റദ്ദാക്കിയത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് തീരുമാനമെന്ന് കമ്പനി അറിയിച്ചു.

യെമനിലെ ഹൂതി വിമതരുമായി നടക്കുന്ന സംഘര്‍ഷങ്ങള്‍ സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നടക്കുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളാണ് വിമാന സര്‍വീസുകളെ ബാധിക്കുന്ന പ്രധാന ഘടകം.

റിയാദിലെ വിമാനത്താവളം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ക്കുനേരെ ആക്രമണങ്ങളുണ്ടായതോടെ പല ആഗോള വിമാനക്കമ്പനികളും സര്‍വീസ് നിര്‍ത്തിവയ്ക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.

എയര്‍ ഇന്ത്യ സര്‍വീസുകളെയും ബാധിച്ചു

ഇന്‍ഡിഗോ മാത്രമല്ല സര്‍വീസ് റദ്ദാക്കിയത്. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയും ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 21 വരെയും നിര്‍ത്തിവച്ചിരിക്കുകയാണ്. ആകാശ എയറും റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെ റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ചായിരിക്കും വിമാനക്കമ്പനികളുടെ തുടര്‍നടപടികള്‍.

യാത്രയ്ക്ക് മുമ്പ് പ്രവാസികള്‍ അറിയേണ്ടത്

സൗദി അറേബ്യയിലെ പ്രധാന നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ തുടര്‍ച്ചയായി റദ്ദാക്കുന്നത് കേരളത്തില്‍നിന്നുള്ള പ്രവാസികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിച്ചേക്കും. ജോലി ആവശ്യങ്ങള്‍ക്കും കുടുംബസന്ദര്‍ശനങ്ങള്‍ക്കും തീര്‍ഥാടനത്തിനുമായി യാത്ര ആസൂത്രണം ചെയ്തവരെയും തീരുമാനം ബാധിക്കാനിടയുണ്ട്.

വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രയില്‍ മാറ്റം വരുന്നവരെ ബുക്കിങ് സമയത്ത് നല്‍കിയ ഫോണ്‍ നമ്പര്‍, ഇമെയില്‍ തുടങ്ങിയ വിവരങ്ങള്‍ വഴി നേരിട്ട് അറിയിക്കുന്നുണ്ടെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. ബാധിക്കപ്പെട്ട യാത്രക്കാര്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും കമ്പനി അറിയിച്ചു.

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വിമാനത്തിന്റെ നിലവിലെ സ്ഥിതി ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരിശോധിക്കണമെന്നും യാത്രക്കാര്‍ക്ക് നിര്‍ദേശമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```