Begin typing your search above and press return to search.
ജോലി തേടി വിസിറ്റിങ് വിസയില്‍ ഗള്‍ഫില്‍ പോകുന്നവര്‍ ജാഗ്രതൈ! പുതിയ പരിഷ്‌കാരങ്ങള്‍ അറിഞ്ഞിരിക്കണം
തൊഴില്‍ തേടി മറ്റൊരു രാജ്യത്തേക്ക് പോകാനാഗ്രഹിക്കുന്നവര്‍ ആദ്യം പരിഗണിച്ചിരുന്നത് ഗള്‍ഫ് രാജ്യങ്ങളെയാണ്. എന്നാല്‍ സ്വദേശിവല്‍ക്കരണവും യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റവും വര്‍ധിച്ചതോടെ ഗള്‍ഫിലേക്കുള്ള ഒഴുക്കില്‍ കുറവു വന്നിട്ടുണ്ട്. സന്ദര്‍ശക വീസയില്‍ ജോലി തേടി യു.എ.ഇയില്‍ എത്തുന്നവര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ് പുതിയതായി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍.
യാത്ര മാനദണ്ഡങ്ങള്‍ പുതുക്കിയതോടെ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശങ്ങളുമായി എയര്‍ലൈന്‍ കമ്പനികള്‍ രംഗത്തെത്തിയിട്ടുണ്ട്. അധികൃതര്‍ ആവശ്യപ്പെടുന്ന യാത്രരേഖകളില്ലാതെ യു.എ.ഇയിലേക്ക് യാത്ര ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. സാധുവായ പാസ്‌പോര്‍ട്ട്, തിരിച്ചുള്ള വിമാനടിക്കറ്റ്, യു.എ.ഇയിലെ താമസവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍, സാമ്പത്തികഭദ്രത തെളിയിക്കുന്ന രേഖ എന്നിവ കൈവശം കരുതണമെന്നാണ് വിമാനക്കമ്പനികളുടെ മുന്നറിയിപ്പ്.
ജോലി തേടി പോകുന്നവര്‍ക്ക് തിരിച്ചടി
വിസിറ്റിംഗ് വീസയില്‍ യു.എ.ഇയിലെത്തി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒപ്പംനിന്ന് ജോലി കണ്ടെത്താന്‍ ശ്രമിക്കുന്ന മലയാളികളെ സംബന്ധിച്ച് തിരിച്ചടിയാണ് പുതിയ പരിഷ്‌കാരങ്ങള്‍. ഒരു മാസത്തെ വിസിറ്റിംഗ് വീസയില്‍ വരുന്നവര്‍ റിട്ടേണ്‍ ടിക്കറ്റ്, ബാങ്ക് അക്കൗണ്ടില്‍ 68,000 രൂപ (3,000 ദിര്‍ഹം) എന്നിവ കരുതണം. കൂടുതല്‍ കാലം തങ്ങുന്നവരുടെ കൈവശം 1.13 ലക്ഷം രൂപയെങ്കിലും ഉണ്ടാകണം.
യു.എ.ഇയിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും രേഖകളും ഫോണ്‍നമ്പറും നിര്‍ബന്ധമാണ്. ഈ രേഖകളില്ലാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യയും സ്‌പൈസ് ജെറ്റും പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.
ആവശ്യമായ രേഖകളില്ലാതെ പിടിക്കപ്പെട്ടാല്‍ എല്ലാ ചാര്‍ജുകളും പിഴയും ടിക്കറ്റ് ബുക്ക് ചെയ്ത ഏജന്‍സിയില്‍ നിന്ന് ഈടാക്കുമെന്നും എയര്‍ലൈനുകളുടെ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. പുതിയ പരിഷ്‌കാരങ്ങള്‍ വന്നതോടെ യു.എ.ഇയിലേക്ക് ജോലി തേടി പോകുന്നവരെ ഇത് വലിയ തോതില്‍ ബാധിക്കും.
Next Story
Videos