

ന്യൂസ് ആപ്പ് ആയ ഡെയ്‌ലി ഹണ്ട്, ഏറ്റവുമധികം ഉപയോക്താക്കളുള്ള ഗെയ്മിംഗ് ആപ്പുകളിലൊന്നായ പബ്ജി എന്നിവയുടെ ഉപയോഗം കരസേനാംഗങ്ങള്‍ക്കിടയില് നിരോധിച്ചു. ഇവയോടൊപ്പം നേരത്തെ തന്നെ ഉപയോഗം നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരുന്ന ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, സ്‌നാപ്ചാറ്റ് ഉള്‍പ്പെടെയുള്ള 87 ആപ്പുകള്‍ക്കും വിലക്കുണ്ട്. രാജ്യസുരക്ഷ കണക്കിലെടുത്താണ് കരസേനാംഗങ്ങള്‍ക്കിടയില്‍ ഇനി ഒരു അറിയിപ്പുണ്ടാകും വരെ ഈ 89 സമൂഹമാധ്യമ സൈറ്റുകളുടെ ഉപയോഗം പാടില്ലെന്ന് സേനാ നേതൃത്വം അറിയിച്ചിട്ടുള്ളത്.
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി ചോരുന്നതു തടയാന്‍ ലക്ഷ്യമിട്ടാണു നടപടി. അതിനാല്‍ സൈറ്റുകളില്‍ സ്വന്തം പേരിലുള്ള അക്കൗണ്ടുകള്‍ സേനാംഗങ്ങള്‍ ഉപേക്ഷിക്കണം. മാത്രമല്ല മറ്റു പേരുകളിലുള്ള അക്കൗണ്ട് സ്വന്തം നമ്പര്‍ ഉപയോഗിക്കുന്ന ഫോണിലും പാടില്ല. സേനാംഗമാണെന്നു തിരിച്ചറിയും വിധമുള്ള വിവരങ്ങള്‍ പങ്കുവയ്ക്കാതെ സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്ന അനുമതിയാണു റദ്ദാക്കുന്നത്. മൊബൈല്‍ ഫോണിലുള്ള ഇവയുടെ ആപ്ലിക്കേഷനുകളും ഈ മാസം 15ന് അകം നീക്കണം.
ചൈനീസ് നിക്ഷേപമുള്ള ഡെയ്ലി ഹണ്ട് വാര്‍ത്താ ആപ്പും ടിക് ടോക് അടക്കം അടുത്തിടെ രാജ്യത്ത് നിരോധിച്ച 59 മൊബൈല്‍ ആപ്ലിക്കേഷനുകളും ഇതിലുള്‍പ്പെടും. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാട്‌സാപ് ഉപയോഗിക്കരുതെന്ന് കഴിഞ്ഞ നവംബറില്‍ തന്നെ കരസേന നിര്‍ദേശിച്ചിരുന്നതാണ്.
നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു സേന അറിയിച്ചു. 13 ലക്ഷത്തോളം പേരാണു കരസേനയിലുള്ളത്. പാക് ചാര സംഘടനയായ ഐഎസ്‌ഐയും ചൈനീസ് സംഘങ്ങളും യുവതികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ വഴി സേനാംഗങ്ങളെ പ്രലോഭിപ്പിച്ച് വിവരങ്ങള്‍ ചോര്‍ത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണു നടപടി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine