

ഇന്ത്യന്‍ വ്യോമയാന കമ്പനികളുടെ നടപ്പുസാമ്പത്തിക വര്‍ഷത്തിലെ (2025-26) നഷ്ടം 95,000-1,05,000 കോടി രൂപ കടന്നേക്കും. മുന്‍വര്‍ഷത്തിലെ 55,000 കോടിയുടെ നഷ്ടത്തില്‍ നിന്നും ഇരട്ടിയോളമാകും ഇക്കുറിയെന്ന് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോളതലത്തില്‍ യാത്രക്കാരുടെ എണ്ണം കുറയുന്നതിന് പുറമെ പുതിയ വിമാനങ്ങളുടെ ഡെലിവറി വൈകുന്നതും തിരിച്ചടിക്ക് കാരണമാകും.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ പ്രാദേശിക യാത്രക്കാരുടെ എണ്ണത്തില്‍ 7-10 ശതമാനം വരെ വര്‍ധനയുണ്ടാകുമെന്നായിരുന്നു നേരത്തെ ഐ.സി.ആര്‍.എ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇത് ഇക്കുറി വളര്‍ച്ച 4-6 ശതമാനം വരെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രാദേശിക യാത്രക്കാരുടെ എണ്ണം 17.2-17.6 കോടിയാകുമെന്നാണ് ഏജന്‍സിയുടെ കണക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വിമാനയാത്രയുടെ ഡിമാന്‍ഡ് കൂടിയത് വ്യോമയാന വ്യവസായത്തിനാകെ ഗുണം ചെയ്തതായി ഐ.സി.ആര്‍.എ സീനിയര്‍ വൈസ് പ്രസിഡന്റ് കുഞ്ചല്‍ ഷാ പറയുന്നു. എന്നാല്‍ ഈ വര്‍ഷം വിമാനയാത്രികര്‍ കരുതലോടെയാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ പ്രാദേശിക യാത്രക്കാരുടെ എണ്ണത്തിലെ വളര്‍ച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 4.4 ശതമാനമായിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍, വിമാനപാതയിലെ തടസങ്ങള്‍, അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തം എന്നീ കാരണങ്ങളാണ് ഇതിന് പിന്നിലുണ്ടായത്. ഇക്കുറി മഴ കൂടിയതും യു.എസിലെ താരിഫ് പ്രശ്‌നങ്ങളും അടുത്ത മാസങ്ങളിലും വിമാന യാത്രയെ സാരമായി ബാധിക്കാനാണ് സാധ്യത. ഡിമാന്‍ഡ് കുറഞ്ഞതോടെ ആദ്യ പാദത്തിലെ വരുമാനം അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലേക്കെത്തി. ഇന്ത്യയിലെ വിമാനക്കമ്പനികള്‍ ഓര്‍ഡല്‍ നല്‍കിയ പുതിയ വിമാനങ്ങള്‍ അടുത്ത് തന്നെ ഡെലിവറി ചെയ്യാന്‍ സാധ്യതയുണ്ട്. ഡിമാന്‍ഡ് കുറഞ്ഞ് നില്‍ക്കുന്ന സമയത്ത് ശേഷി വര്‍ധിപ്പിക്കാനുള്ള കമ്പനികളുടെ ശ്രമം വില വര്‍ധനക്ക് ഇടയാക്കും. ഇത് നഷ്ടവ്യാപനം കൂട്ടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ നഷ്ടം വര്‍ധിക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ കണക്കുകള്‍ കൊവിഡ് കാലത്തേക്കാള്‍ മെച്ചപ്പെട്ടതാണെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. 2021-22 കാലത്ത് 2.16 ലക്ഷം കോടി രൂപയും തൊട്ടടുത്ത വര്‍ഷം 1.79 ലക്ഷം കോടി രൂപയുമായിരുന്നു വ്യോമയാന മേഖലയുടെ നഷ്ടം. ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്കിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയും നഷ്ടത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. വിമാനത്തിന്റെ പ്രവര്‍ത്തനച്ചെലവില്‍ 40 ശതമാനം വരെയാണ് ഇന്ധത്തിന് ചെലവിടേണ്ടി വരുന്നത്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ ആദ്യ അഞ്ച് മാസം വിമാന ഇന്ധനത്തിന്റെ വില കിലോലിറ്ററിന് 87,962 രൂപയായിരുന്നു. ഇത് തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 8 ശതമാനം കുറവാണെങ്കിലും കൊവിഡ് കാലത്തെ വിലയേക്കാള്‍ വളരെകൂടുതലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആദ്യ നാല് മാസങ്ങളില്‍ അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം മൂന്ന് ശതമാനത്തോളം ഇടിഞ്ഞതും വിലയില്‍ സമ്മര്‍ദ്ദമുണ്ടാക്കി.
2025 മാര്‍ച്ച് 31ലെ കണക്ക് അനുസരിച്ച് ഇന്ത്യന്‍ വിമാനക്കമ്പനികളുടെ പക്കലുള്ള ആകെ വിമാനങ്ങളുടെ എണ്ണം 855 ആണ്. എന്നാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 1,600 പുതിയ വിമാനങ്ങളാണ് ഇന്ത്യന്‍ കമ്പനികള്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. നിലവിലുള്ള പഴയ മോഡലുകള്‍ക്ക് പകരം കൂടിയ ഇന്ധനക്ഷമതയുള്ള വിമാനങ്ങള്‍ സര്‍വീസിനെത്തും. ഇതോടെ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ICRA warns Indian aviation industry losses could widen to ₹95,000-1,05,000 crore in FY26 due to global headwinds, fuel costs, and weak demand recovery.
Read DhanamOnline in English
Subscribe to Dhanam Magazine