
നാഷണല്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് കൗണ്‍സില്‍ കമ്മിറ്റി (എന്‍.ഐ.ഡി.സി.സി) സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് എക്സിബിഷന്‍ 'ഇന്‍ഡെക്സ് 2025' മെയ് 2 മുതല്‍ 5 വരെ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള നാല് മന്ത്രാലയങ്ങളുടെയും 20 വിദേശ എംബസികളുടെയും പങ്കാളിത്തത്തോടെയാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.
രാജ്യത്തെ വ്യവസായ പുരോഗതിക്കായി രൂപീകരിച്ച 'ഇന്‍ഡ് ആപ്പ്' (IND App) ഉദ്ഘാടനവും എക്സിബിഷനില്‍ വച്ച് നടക്കും. എക്സിബിഷന്റെ ഓരോ ദിവസവും വിവിധ കേന്ദ്ര പദ്ധതികളെക്കുറിച്ച് അതാത് മന്ത്രാലയങ്ങളുടെ സെമിനാറുകളും ഉണ്ടാകും. വിവിധ കേന്ദ്രപദ്ധതികള്‍, സബ്സിഡികള്‍, ഗ്രാന്റുകള്‍ എന്നിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് കാര്യമായ അറിവില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഇതിന് പരിഹാരം കാണുകയെന്നതാണ് എക്സിബിഷനിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നതെന്ന് എന്‍.ഐ.ഡി.സി.സി ദേശിയ വൈസ് ചെയര്‍പേഴ്സണ്‍ ഗൗരി വത്സ വ്യക്തമാക്കി.
മെയ് രണ്ടിന് കേന്ദ്ര എം.എസ്.എം.ഇ വകുപ്പ് മന്ത്രി ജിതിന്‍ റാം മാഞ്ചി എക്സിബിഷന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ്, ബെന്നി ബഹനാന്‍ എം.പി, റോജി എം.ജോണ്‍ എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുക്കും. എക്സിബിഷന്റെ തുര്‍ന്നുള്ള ദിവസങ്ങളില്‍ കേന്ദ്രമന്ത്രിമാരായ ചിരാഗ് പാസ്വാന്‍, ബി.എല്‍.വര്‍മ്മ, സുരേഷ് ഗോപി, രാജീവ് രഞ്ചന്‍ സിംഗ്, മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, വിവിധ മന്ത്രാലയങ്ങളുടെ ജോയിന്റ് സെക്രട്ടറിമാര്‍, വിവധ രാജ്യങ്ങളിലെ എംബസി പ്രതിനിധികള്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യുസഫലി, ഡോ.ബി.യു അബ്ദുള്ള തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇന്‍ഡെക്സ് 2025 എക്സിബിഷനില്‍ സ്റ്റാള്‍ എടുത്തിരിക്കുന്ന സ്ഥാപനങ്ങളെ ഇന്‍ഡസ്ട്രിയല്‍ ഡവലപ്പ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പ്രത്യേക ഫോറത്തില്‍ ഉള്‍പ്പെടുത്തി മറ്റ് സംസ്ഥാനങ്ങളിലേക്കും, വിദേശ വിപണിയിലേക്കും വളര്‍ത്തുന്നതിന് എന്‍ഐഡിസിസി നേരിട്ട് സഹായം നല്‍കുമെന്നും സംഘടകര്‍ വ്യക്തമാക്കി. ഐസിഎല്‍ ഫിന്‍കോര്‍പ്പാണ് ലെന്റിംഗ് പാര്‍ട്ണര്‍. ഇതു സംബന്ധിച്ച ധാരണപത്രം എന്‍.ഐ.ഡി.സി.സി ദേശിയ വൈസ് ചെയര്‍ പേഴ്സണ്‍ ഗൗരി വത്സയും ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് സി.എം.ഡി അഡ്വ. കെ.ജി അനില്‍കുമാറും കൈമാറി.
മിനിസ്ട്രി ഓഫ് മൈക്രോ സ്മോള്‍ ആന്റ് മീഡിയം എന്റര്‍ പ്രൈസസ് (എംഎസ്എംഇ), മിനിസ്ട്രി ഓഫ് ഫുഡ് പ്രൊസസിംഗ് ഇന്‍ഡസ്ട്രി (എംഒഎഫ്പിഐ), വാണിജ്യ മന്ത്രാലയം, മിനിസ്ട്രി ഓഫ് ഫിഷറീസ്, ആനിമല്‍ ഹസ്ബന്‍ട്രി ആന്റ് ഡയറിംഗ് എന്നീ മന്ത്രാലയങ്ങളാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്.
നാല് ദിവസങ്ങളിലായി നടക്കുന്ന എക്സിബിഷനില്‍ 450 ലധികം സ്റ്റാളുകള്‍ ഉണ്ടാകും. ബയര്‍, സെല്ലര്‍ മീറ്റിംഗുകള്‍ കൂടാതെ എം.എസ്.എം.ഇയുടെ സഹായത്തോടെ ഇന്‍ഡ്യന്‍ ബ്രാന്‍ഡുകള്‍ ആഗോള തലത്തില്‍ പ്രചരിപ്പിക്കുന്നതിനുളള വേദികൂടിയായി ഇന്‍ഡെക്സ് 2025 മാറും. ആഗോള തലത്തില്‍ ബിസിനസ് നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കാനും വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തുവാനും ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനുമുള്ള അവസരവും എക്സിബിഷന്‍ വഴി ലഭിക്കും.
ഇരുന്നൂറിലധികം ബിസിനസ് ആന്റ് റീട്ടെയില്‍ ചെയിനുകള്‍, മുഖ്യധാരാ ബാങ്കുകള്‍ അടക്കം 20 ലധികം ധനകാര്യ സ്ഥാപനങ്ങള്‍ വിവിധ രാജ്യങ്ങളിലെ എംബസി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. മറ്റ് സംസ്ഥാനങ്ങളില്‍ സംഘടിപ്പിച്ചിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് എക്സിബിഷന്‍ നടത്തുന്നതെന്നും സംഘാടകര്‍ വ്യക്താക്കി.
Read DhanamOnline in English
Subscribe to Dhanam Magazine