

ഇന്ത്യന്‍ കമ്പനികള്‍ വിദേശരാജ്യങ്ങളില്‍ നടത്തുന്ന നിക്ഷേപത്തില്‍ വന്‍ വര്‍ധന. അഞ്ച് വര്‍ഷം മുമ്പ് ഏകദേശം 18 ബില്യണ്‍ ഡോളറായിരുന്ന വിദേശ നിക്ഷേപ പ്രതിബദ്ധത ഇപ്പോള്‍ 49 ബില്യണ്‍ ഡോളറിനടുത്തെത്തിയിരിക്കുകയാണ്. പുതിയ വിപണികളും സാങ്കേതികവിദ്യകളും സ്വന്തമാക്കാനുള്ള ഇന്ത്യന്‍ കമ്പനികളുടെ നീക്കമാണ് നിക്ഷേപ വര്‍ധനയ്ക്ക് പിന്നില്‍. എന്നാല്‍, വിദേശത്തേക്കുള്ള പണമൊഴുക്ക് ശക്തമാകുന്നത് രൂപയുടെ മൂല്യത്തെയും രാജ്യത്തേക്കുള്ള അറ്റ വിദേശനിക്ഷേപത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ 14.5 ബില്യണ്‍ ഡോളറായിരുന്ന ഇന്ത്യന്‍ കമ്പനികളുടെ വിദേശനിക്ഷേപം 2025-26ല്‍ ഏകദേശം 27 ബില്യണ്‍ ഡോളറായി ഉയര്‍ന്നെന്നാണ് കണക്കുകള്‍. വിദേശത്ത് നിക്ഷേപിക്കാനുള്ള കമ്പനികളുടെ മൊത്തം പ്രതിബദ്ധതയും യഥാര്‍ഥത്തില്‍ രാജ്യത്തിന് പുറത്തേക്ക് പോയ പണവും വ്യത്യസ്തമാണെന്നതാണ് ശ്രദ്ധേയം.
വിദേശ വിപണികളില്‍ സാന്നിധ്യം ശക്തമാക്കാനും പുതിയ സാങ്കേതികവിദ്യകള്‍ സ്വന്തമാക്കാനുമാണ് ഇന്ത്യന്‍ കമ്പനികള്‍ വന്‍തോതില്‍ പണം മുടക്കുന്നത്. വിദേശത്ത് പുതിയ സ്ഥാപനം ആരംഭിക്കുന്നതിനുപകരം നിലവിലുള്ള കമ്പനികളെ ഏറ്റെടുക്കുന്നത് വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കും.
ഇതിന്റെ പ്രധാന ഉദാഹരണമാണ് സണ്‍ ഫാര്‍മയുടെ അമേരിക്കന്‍ ഔഷധ കമ്പനിയായ ഓര്‍ഗാനോണിനെ ഏറ്റെടുക്കാനുള്ള 11.75 ബില്യണ്‍ ഡോളറിന്റെ കരാര്‍. ഇറ്റാലിയന്‍ വാണിജ്യ വാഹന നിര്‍മാതാക്കളായ ഇവെകോയെ ഏകദേശം 4.5 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കാനുള്ള ടാറ്റ മോട്ടോഴ്സിന്റെ നീക്കവും ശ്രദ്ധേയമാണ്. നവംബര്‍ മൂന്നിന് ഏറ്റെടുക്കലിന് പിന്നാലെ ഇരുകമ്പനികളും സംയുക്ത പ്രവര്‍ത്തനത്തിന്റെ പുതിയ ഘട്ടത്തിലേക്ക് കടന്നതായി ടാറ്റ പ്രഖ്യാപിച്ചിരുന്നു.
ഇത്തരം നിക്ഷേപങ്ങളിലൂടെ ആഗോള ബ്രാന്‍ഡുകള്‍, ഗവേഷണ സൗകര്യങ്ങള്‍, വിതരണ ശൃംഖലകള്‍, പുതിയ ഉപഭോക്താക്കള്‍ എന്നിവ ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കും. വിദേശത്ത് ബിസിനസ് വളരുന്നത് ഇന്ത്യയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കയറ്റുമതിക്കും ഗുണകരമാകാനുള്ള സാധ്യതയുമുണ്ട്.
സിംഗപ്പൂര്‍, യുഎഇ, യുഎസ് എന്നിവയാണ് ഇന്ത്യന്‍ കമ്പനികളുടെ പ്രധാന വിദേശ നിക്ഷേപ കേന്ദ്രങ്ങള്‍. മൊത്തം നിക്ഷേപത്തിന്റെ പകുതിയിലേറെയും ഈ രാജ്യങ്ങളിലേക്കാണ് പോകുന്നത്.
എന്നാല്‍, എല്ലാ നിക്ഷേപങ്ങളും ഈ രാജ്യങ്ങളില്‍ നേരിട്ടുള്ള ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണമെന്നില്ല. നികുതി ആസൂത്രണം, അന്താരാഷ്ട്ര ബിസിനസ് നിയന്ത്രണം, മറ്റ് രാജ്യങ്ങളിലെ കമ്പനികളെ ഏറ്റെടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഹോള്‍ഡിങ് കമ്പനികള്‍ സ്ഥാപിക്കുന്ന രീതിയും നിലവിലുണ്ട്.
ഇത്തരം ഘടനകളിലൂടെ വിദേശത്തേക്ക് പോകുന്ന മൂലധനത്തിന്റെ അന്തിമ ഉപയോഗവും അതുവഴി ലഭിക്കുന്ന നേട്ടങ്ങളും നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. വിദേശത്ത് നിക്ഷേപിച്ച പണം മറ്റൊരു രാജ്യത്തെ കമ്പനി വഴി വീണ്ടും ഇന്ത്യയിലേക്ക് വിദേശനിക്ഷേപമായി എത്തുന്ന 'റൗണ്ട് ട്രിപ്പിങ്' സാധ്യതയും പരിശോധനയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്.
ഇന്ത്യന്‍ കമ്പനികള്‍ വിദേശത്ത് നിക്ഷേപിക്കുമ്പോള്‍ ആവശ്യമായ വിദേശ കറന്‍സി വാങ്ങേണ്ടിവരും. ഇത് ഡോളറിനുള്ള ആവശ്യം ഉയര്‍ത്തുകയും മറ്റ് സാഹചര്യങ്ങള്‍ മാറ്റമില്ലെങ്കില്‍ രൂപയുടെ മൂല്യത്തില്‍ സമ്മര്‍ദമുണ്ടാക്കുകയും ചെയ്യാം.
എന്നാല്‍, വിദേശ നിക്ഷേപം വര്‍ധിക്കുന്നതുകൊണ്ട് മാത്രം രൂപയുടെ മൂല്യം ഇടിയുമെന്ന് പറയാനാകില്ല. വിദേശത്തുനിന്നുള്ള മൂലധന വരവ്, കയറ്റുമതി വരുമാനം, ക്രൂഡ് ഓയില്‍ വില, പലിശനിരക്ക്, റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ തുടങ്ങിയ നിരവധി ഘടകങ്ങളാണ് രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത്.
രൂപ ദുര്‍ബലമാകുന്നത് പ്രവാസികള്‍ക്ക് ചില നേട്ടങ്ങള്‍ നല്‍കും. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് അയയ്ക്കുന്ന ഓരോ ദിര്‍ഹത്തിനും കൂടുതല്‍ രൂപ ലഭിക്കാം. അതേസമയം, ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ധനം, സ്വര്‍ണം, ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയുടെ വില ഉയരാനുള്ള സാധ്യതയുണ്ട്. വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വിദേശയാത്ര നടത്തുന്നവര്‍ക്കും രൂപയുടെ മൂല്യത്തകര്‍ച്ച അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine