

അബൂദബി നാഷണല്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (അഡ്‌നോക്) നിന്ന് ദീര്‍ഘ കാലത്തേക്ക് പ്രകൃതി വാതകം വാങ്ങാന്‍ ഭാരത് പെട്രോളിയവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും കരാറുണ്ടാക്കുന്നു. ഐഒസി 14 വര്‍ഷത്തേക്കുള്ള കരാറിനാണ് തയ്യാറെടുക്കുന്നത്. ഭാരത് പെട്രോളിയം ആദ്യഘട്ടത്തില്‍ അഞ്ചു വര്‍ഷത്തെ വ്യാപാര ഇടപാടുകളാണ് നടത്തുക. ആവശ്യമെങ്കില്‍ ഈ കാലാവധി നീട്ടും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ എല്‍എന്‍ജി ശേഖരം വര്‍ധിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
വര്‍ഷം തോറും 12 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അഡ്‌നോക്കില്‍ നിന്ന് വാങ്ങുക. ഇതിന് 700 കോടി ഡോളര്‍ (60,000 കോടി രൂപ) മൂല്യം വരും. അടുത്ത വര്‍ഷം മുതല്‍ കരാര്‍ പ്രാബല്യത്തിലാകും. ഭാരത് പെട്രോളിയം അഞ്ചു വര്‍ഷത്തേക്ക് 25 ലക്ഷം ടണ്‍ എല്‍എന്‍ജിയാണ് വാങ്ങുക. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ആരംഭിക്കുന്ന കരാര്‍ ആവശ്യമെങ്കില്‍ പിന്നീട് അഞ്ചുവര്‍ഷത്തേക്ക് കൂടി നീട്ടും.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്‍എന്‍ജി ശേഖരം ഇരട്ടിയാക്കാനാണ് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ശ്രമിക്കുന്നത്. യുഎഇയില്‍ നിന്നും ഖത്തറില്‍ നിന്നും വാങ്ങുന്നതിനാണ് ഇന്ത്യന്‍ കമ്പനികള്‍ ടെന്ററുകള്‍ സ്വീകരിച്ചത്. കുറഞ്ഞ വിലയില്‍ അഡ്‌നോക്ക് ഓര്‍ഡറുകള്‍ സ്വന്തമാക്കുകയായിരുന്നു. ഈ വര്‍ഷം ജര്‍മനി, മലേഷ്യ എന്നീ രാജ്യങ്ങളിലെ പ്രമുഖ എണ്ണക്കമ്പനികളുമായും അഡ്‌നോക്ക് എല്‍എന്‍ജി കരാറുകള്‍ ഒപ്പു വെച്ചിട്ടുണ്ട്.
പ്രകൃതി വാതകത്തിന്റെ കയറ്റുമതി പ്രതിവര്‍ഷം 58 ലക്ഷം ടണില്‍ നിന്ന് 1.54 കോടി ടണ്‍ ആക്കി ഉയര്‍ത്താനാണ് അഡ്‌നോക്ക് നീക്കം നടത്തുന്നത്. റുവൈസിലെ പുതിയ എല്‍എന്‍ജി പദ്ധതി 2028 ല്‍ പ്രവര്‍ത്തനം തുടങ്ങും.
Read DhanamOnline in English
Subscribe to Dhanam Magazine