ഇറക്കുമതിച്ചെലവ് കുറയ്ക്കണം, ഡീസലില്‍ എഥനോളോ ഉപയോഗിച്ച ഭക്ഷ്യയെണ്ണയോ ചേര്‍ക്കാന്‍ സര്‍ക്കാര്‍

ഡീസലില്‍ അഞ്ച് ശതമാനം എഥനോളോ ഉപയോഗിച്ച ഭക്ഷ്യയെണ്ണയോ ചേര്‍ക്കാനുള്ള ആലോചനയുമായി കേന്ദ്രസര്‍ക്കാര്‍. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 20 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോള്‍ (ഇ20) എന്ന ലക്ഷ്യത്തിലേക്കുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ നീക്കം. ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ രീതികളിലൂടെ രാജ്യത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിച്ചെലവ് കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പെട്രോള്‍/ ഡീസലില്‍ എഥനോള്‍ ചേര്‍ക്കുന്നത്.
എഥനോള്‍ ചേര്‍ക്കുന്നത് എന്തിന്?
കരിമ്പിലും മധുരക്കിഴങ്ങിലുമുള്ള പഞ്ചസാര, ചില ധാന്യങ്ങളിലുള്ള അന്നജം എന്നിവ പുളിപ്പിക്കുന്നതിലൂടെയാണ് എഥനോള്‍ അഥവാ ഈഥൈല്‍ ആല്‍ക്കഹോള്‍ നിര്‍മിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങളായ ഡീസലും പെട്രോളും കത്തുമ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ എഥനോള്‍ ചേര്‍ക്കാമെന്ന ആശയമുണ്ടാകുന്നത് 2001 മുതലാണ്. 2003ല്‍ അഞ്ച് ശതമാനം എഥനോള്‍ ചേര്‍ന്ന ഇ5 പെട്രോള്‍ 13 സംസ്ഥാനങ്ങളില്‍ വിതരണം ചെയ്താണ് തുടക്കം. നിലവില്‍ 15 ശതമാനം എഥനോള്‍ ചേര്‍ത്ത പെട്രോളാണ് (ഇ15) രാജ്യത്തുള്ളത്. എഥനോളിലുള്ള ഓക്‌സിജന്റെ സാന്നിധ്യം പെട്രോളിനെ കൂടുതല്‍ കാര്യക്ഷമമായി കത്തിക്കുകയും കാര്‍ബണ്‍ ബഹിര്‍ഗമനവും അന്തരീക്ഷ മലിനീകരണ തോതും കുറയ്ക്കുകയും ചെയ്യും.
ആവശ്യമായ പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളുടെ 88 ശതമാനവും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എഥനോള്‍ ചേര്‍ക്കുന്നതിലൂടെ പ്രതിവര്‍ഷം ചുരുങ്ങിയത് 400 കോടി ഡോളര്‍ (ഏകദേശം 33,500 കോടി രൂപ) ഇറക്കുമതിച്ചെലവ് ഇനത്തില്‍ ലാഭിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എഥനോള്‍ കര്‍ഷകര്‍ക്കും അധിക വരുമാന സ്രോതസാണ്. ഡീസലില്‍ കൂടി ചേര്‍ക്കുന്നതോടെ എഥനോള്‍ പോലുള്ള ഹരിത ഇന്ധനങ്ങള്‍ കൂടുതലായി ഉത്പാദിപ്പിക്കേണ്ടി വരും. ഇത് കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദ്ദ അന്തരീക്ഷത്തിലേക്ക് രാജ്യത്തെ നയിക്കുമെന്നും വിലയിരുത്തലുണ്ട്.
എഥനോള്‍ ചേര്‍ന്ന ഡീസല്‍ ബി.എസ് 3, ബി.എസ് 4 വാഹനങ്ങളില്‍ ഇതിനോടകം തന്നെ പരീക്ഷിച്ചിട്ടുണ്ട്. ഓട്ടോമോട്ടീസ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എ.ആര്‍.എ.ഐ) നടത്തിയ 500 മണിക്കൂര്‍ പരീക്ഷണത്തില്‍ തകരാറുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് മാത്രമല്ല, സാധാരണ ഡീസലിനേക്കാള്‍ ഇന്ധനക്ഷമത കൂടുതലാണെന്നും തെളിഞ്ഞു. എന്നാല്‍ ബി.എസ് 6 വാഹനങ്ങളില്‍ ഈ പരീക്ഷണം നടന്നിട്ടില്ല. എഥനോള്‍ ചേര്‍ത്ത ഡീസല്‍ ഉപയോഗിക്കുന്നതിനുള്ള തീരുമാനം ഇപ്പോള്‍ പരീക്ഷണ ഘട്ടത്തിലാണെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി അടുത്തിടെ രാജ്യസഭയില്‍ പറഞ്ഞിരുന്നു.
എഥനോള്‍ അല്ലെങ്കില്‍ ഉപയോഗിച്ച ഭക്ഷ്യയെണ്ണ
അതേസമയം, ഉപയോഗിച്ച ഭക്ഷ്യയെണ്ണയില്‍ നിന്ന് ഉത്പാദിപ്പിച്ച ബയോഡീസലും സാധാരണ ഡീസലും ചേര്‍ക്കാന്‍ കഴിയുമോ എന്നും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. എഥനോളിന്റെ ലഭ്യതക്കുറവാണ് ഇങ്ങനെയൊരു ആലോചനക്ക് പിന്നില്‍. മൃഗക്കൊഴുപ്പ്, വെജിറ്റബിള്‍ ഓയില്‍, റെസ്‌റ്റോറന്റുകളില്‍ പാചകത്തിന് ഉപയോഗിച്ച എണ്ണ തുടങ്ങിയവയില്‍ നിന്നാണ് സാധാരണ ബയോ ഡീസല്‍ ഉത്പാദിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ആലോചനകളിലാണ് സര്‍ക്കാര്‍.
Related Articles
Next Story
Videos
Share it