വൈദ്യുതി ഇല്ലാത്ത ഗ്രാമത്തില്‍ നിന്ന് ബിസിനസ് സാമ്രാജ്യത്തിലേക്ക്; അമേരിക്കയില്‍ ബിസിനസ് നടത്തി കോടിശ്വരന്‍മാരായ ഇന്ത്യക്കാരില്‍ ഇവരുമുണ്ട്; ഫോബ്‌സ് ലിസ്റ്റില്‍ ഇടം പിടിച്ചവരെ പരിചയപ്പെടാം

43 രാജ്യങ്ങളില്‍ നിന്നുള്ളവരെ പരിഗണിച്ചപ്പോള്‍ 12 ഇന്ത്യക്കാര്‍ ഫോബ്‌സ് റാങ്കിംഗില്‍ ഇടം പിടിച്ചു
Forbes Ranking
Forbes Ranking
Published on

അമേരിക്കയില്‍ പോയി കോടീശ്വരനായ ഇന്ത്യക്കാരുടെ ഫോബ്‌സ് പട്ടികയില്‍ ഇത്തവണ, വൈദ്യുതി എത്തിപ്പെടാതിരുന്ന ഇന്ത്യയിലെ കുഗ്രാമത്തില്‍ വളര്‍ന്ന് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരാളുമുണ്ട്- ജെയ് ചൗധരി. അമേരിക്കയിലെ ഇന്ത്യക്കാരിലെ ഏറ്റവും വലിയ കോടീശ്വരനാണ് ചൗധരി. ഹിമാചല്‍ പ്രദേശിലെ ഉന ജില്ലയിലെ പാനോ ഗ്രാമത്തില്‍ നിന്ന് അമേരിക്കയില്‍ സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ ഉടമയായ അദ്ദേഹം നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് സ്വന്തം ബിസിനസ് പടുത്തുയര്‍ത്തിയത്. അമേരിക്കയിലെ വിദേശികളായ കോടീശ്വരന്‍മാരില്‍ 12 ഇന്ത്യക്കാരാണ് ഇത്തവണ ഫോബ്‌സ് ലിസ്റ്റില്‍ ഇടം പിടിച്ചത്. കുടിയേറ്റക്കാരില്‍ വലിയ സമ്പന്നന്‍ ടെസ്ല മേധാവി ഇലോണ്‍ മസ്‌കാണ്. ദക്ഷിണാഫ്രിക്കക്കാരനായ മസ്‌കിന്റെ സമ്പത്ത് 393 ബില്യണ്‍ ഡോളര്‍.

ഇന്ത്യക്കാര്‍ മുന്നില്‍

വിദേശത്ത് ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന കോടീശ്വരന്‍മാരുടെ ലിസ്റ്റാണ് ഫോബ്‌സ് പ്രസിദ്ധീകരിച്ചത്. 43 രാജ്യങ്ങളില്‍ നിന്നുള്ളവരെ പരിഗണിച്ചപ്പോള്‍ 12 ഇന്ത്യക്കാര്‍ പട്ടികയില്‍ ഇടം പിടിച്ചു. ഇത്തവണ കൂടുതല്‍ പേര്‍ ഇന്ത്യക്കാരാണ്. 2022 ലെ ഫോബ്‌സ് പട്ടികയില്‍ ഏഴ് ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്.

കുടിയേറ്റക്കാരായ ഇന്ത്യക്കാരുടെ സമ്പത്ത് 1.3 ട്രില്യണ്‍ ഡോളറാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയുടെ മൊത്തം സമ്പത്തിന്റെ 18 ശതമാനം വിദേശ പൗരന്‍മാരുടെ കൈവശമാണ്. 125 പേരാണ് ഇത്തവണ ഫോബ്‌സ് ലിസ്റ്റിലുള്ളത്. ഇതില്‍ മൂന്നിലൊന്ന് പേര്‍ 10 രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇന്ത്യ, ഇസ്രായേല്‍, കാനഡ, ചൈന. ജര്‍മനി,ഇറാന്‍, ഫ്രാന്‍സ്, ഹംഗറി, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ പേര്‍.

ജെയ് ചൗധരി

അമേരിക്കയിലെ ഇന്ത്യന്‍ കോടീശ്വരന്‍മാരില്‍ മുന്നില്‍ ജെയ് ചൗധരിയാണ്(Jay Chaudhry). സൈബര്‍ സെക്യൂരിറ്റി കമ്പനിയായ സ്‌കാലറിന്റെ (Zscaler) മേധാവിയായ അദ്ദേഹം ഹിമാചല്‍ പ്രദേശിലെ കുഗ്രാമത്തിലാണ് ജനിച്ചു വളര്‍ന്നത്. പിന്നീട് വാരാണസി ഐഐടിയില്‍ നിന്ന് ബിരുദം നേടിയ ശേഷം സിന്‍സിനാട്ടി യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തി. 1980 ലാണ് അമേരിക്കയില്‍ എത്തിയത്. ദീര്‍ഘകാല വിവിധ കമ്പനികളില്‍ ജോലി ചെയ്ത ശേഷം 2007 ലാണ് അദ്ദേഹം സ്വന്തം കമ്പനി തുടങ്ങിയത്. ഫോബ്‌സിന്റെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ജെയ് ചൗധരി.

വിനോദ് കോസ്‌ല

അമേരിക്കയില്‍ കോസ്‌ല വെച്വേഴ്‌സ് (Khosla Venturse) എന്ന പേരില്‍ വെന്‍ച്വര്‍ കാപിറ്റല്‍ സ്ഥാപനം നടത്തുന്ന വിനോദ് കോസ്‌ല പൂനെ സ്വദേശിയാണ്(Vinod Khosla). സ്റ്റാന്‍ഫോഡില്‍ എംബിഎ പഠനത്തിന് പോയ അദ്ദേഹം അവിടെ ബിസിനസിലേക്ക് കടക്കുകയായിരുന്നു. 920 കോടി ഡോളറാണ് ഇപ്പോഴത്തെ ആസ്തി. ഫോബ്‌സ് പട്ടിയില്‍ 17-ാം സ്ഥാനം.

രാകേഷ് ഗാംഗ്‌വാള്‍

ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സഹസ്ഥാപകനായ രാകേഷ് ഗാംഗ്‌വാള്‍ (Rakesh Gangwal) ഫോബ്‌സ് ലിസ്റ്റില്‍ 29-ാം സ്ഥാനത്താണ്. കാണ്‍പൂര്‍ ഐഐടിയിലെ പഠനത്തിന് ശേഷം 1977 ല്‍ അമേരിക്കയില്‍ എത്തി ഏവിയേഷന്‍ മേഖലയില്‍ പ്രവര്‍ത്തനം തുടങ്ങി. യുനൈറ്റഡ് എയര്‍ലൈന്‍സില്‍ സ്ട്രാറ്റജിക് പ്ലാനിംഗ് മാനേജര്‍ ആയിരുന്നു. 2005 ലാണ് രാഹുല്‍ ഭാട്ടിയയുമൊത്ത് ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആരംഭിച്ചത്. 660 കോടി ഡോളറാണ് രാകേഷിന്റെ ആസ്തി.

രമേഷ് തദ്വാനി

സിംഫണി എഐ (Symphony AI) ഗ്രൂപ്പിന്റെ ഉടമയായ രമേഷ് ടി തദ്വാനി (Romesh T. Wadhwani) ഇന്ത്യാ വിഭജനത്തിന് മുമ്പ് കറാച്ചിയിലാണ് ജനിച്ചത്. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിലെത്തി. മുംബൈ ഐഐടിയിലെ പഠനത്തിന് ശേഷം മാസ്റ്റേഴ്‌സ് പഠനത്തിന് അമേരിക്കയിലെത്തി. 2017 ലാണ് സ്വന്തം കമ്പനി തുടങ്ങിയത്. 500 കോടി ഡോളര്‍ ആസ്തി.

രാജീവ് ജെയിന്‍

ജിക്യുജി (GQG) എന്ന അസറ്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ ഉടമയായ രാജീവ് ജെയിന്‍ (Rajiv Jain), പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം എംബിഎ നേടാന്‍ അമേരിക്കയിലെത്തി. ഇപ്പോള്‍ 480 കോടി ഡോളര്‍ ആസ്തിയുണ്ട്. അമേരിക്കക്കാരനായ ടിം കാര്‍വറുമായി ചേര്‍ന്ന് 2016 ലാണ് സ്വന്തം സ്ഥാപനം ആരംഭിച്ചത്.

കവിതാര്‍ക് രാം ശ്രീരാം

രാം ശ്രീരാം എന്ന പേരില്‍ അമേരിക്കന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ അറിയപ്പെടുന്ന കവിതാര്‍ക് രാം ശ്രീരാം (Kavitark Ram Shriram) ഷെര്‍പാലോ വെച്വേഴ്‌സിന്റെ (Sherpalo Ventures) ഉടമയാണ്. 300 കോടി ഡോളറാണ് ആസ്തി. മദ്രാസ് സര്‍വ്വകലാശാലയിലെ പഠനത്തിന് ശേഷമാണ് അമേരിക്കയില്‍ എത്തിയത്.

രാജ് സര്‍ദാന

ഡല്‍ഹി സ്വദേശിയായ രാജ് സര്‍ദാന (Raj Sardana) ജോര്‍ജിയ ടെക് യൂണിവേഴ്സിറ്റിയിലെ പഠനത്തിനാണ് യുഎസില്‍ എത്തിയത്. 1998 ല്‍ ഇന്നോവ സൊലൂഷന്‍സ്(Innova solutions) എന്ന പേരില്‍ സ്വന്തം ഐടി കമ്പനി തുടങ്ങി. 200 കോടി ഡോളറാണ് ആസ്തി.

ഡേവിഡ് പോള്‍

മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് പഠനശേഷം ഉപരിപഠനത്തിനാണ് ഡേവിഡ് പോള്‍ (David Paul) യുഎസിലെ ടെംപിള്‍ യൂണിവേഴ്സിറ്റിയില്‍ എത്തിയത്. 2003 ല്‍ സ്വന്തം കമ്പനിയായ ഗ്ലോബസ് മെഡിക്കല്‍ (Globus medical) ആരംഭിക്കുന്നത് വരെ ജോലി ചെയ്തു. മെഡിക്കല്‍ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയുടെ ആസ്തി 150 കോടി ഡോളറാണ്. അമേരിക്കന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയാണ്.

നികേഷ് അറോറ

ഗാസിയാബാദില്‍ ജനിച്ച്, വാരാണസി ഐഐടിയില്‍ പഠിച്ച്, എംബിഎ പഠനത്തിനായാണ് നികേഷ് അറോറ (Nikesh Arora) അമേരിക്കയില്‍ എത്തിയത്. പത്തു വര്‍ഷം ഗൂഗ്‌ളില്‍ ജോലി ചെയ്ത ശേഷം 2018 ല്‍ ഐടി കമ്പനിയായ പാലോ അള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സ്( Palo Alto Networks) തുടങ്ങി. 140 കോടി ഡോളര്‍ ആസ്തി.

സുന്ദര്‍ പിച്ചൈ

ഗൂഗ്ള്‍ സിഇഒ പദവി വരെയെത്തിയ ഇന്ത്യക്കാരന്‍ സുന്ദര്‍ പിച്ചെ, ഇത്തവണ ഫോബ്‌സ് ലിസ്റ്റില്‍ 119-ാം സ്ഥാനത്താണ്. സ്വന്തം കമ്പനിയായ ആല്‍ഫബെറ്റിന്റെ (Alphabet) ആസ്തി 110 കോടി ഡോളര്‍. മധുരയില്‍ ജനിച്ച് ഗൊരക്ക്പൂര്‍ ഐഐടി, സ്റ്റാന്‍ഫോഡ്, പെനിസില്‍വാനിയ യൂണിവേഴ്‌സിറ്റികള്‍ എന്നിവിടങ്ങളില്‍ പഠന ശേഷമാണ് പിച്ചൈ കോര്‍പ്പറേറ്റ് ലോകത്തെത്തിയത്.

സത്യ നദല്ലെ

മൈക്രോ സോഫ്റ്റി സിഇഒ പദവിയില്‍ എത്തിയ ഹൈദരാബാദ് സ്വദേശി സത്യ നദെല്ല (Satya Nadella) ഫോബ്‌സ് പട്ടികയില്‍ 120-ാം സ്ഥാനത്താണ്. ആസ്തി 110 കോടി ഡോളര്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിച്ച അദ്ദേഹം ചിക്കാഗോ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് എംബിഎ നേടിയത്. 1992 ലാണ് മൈക്രോ സോഫ്റ്റില്‍ എത്തിയത്.

നീര്‍ജ സേഥി

യുഎസിലെ ഇന്ത്യന്‍ സംരഭകയായ നീര്‍ജ സേഥി (Neerja Sethi) 100 കോടി ഡോളര്‍ ആസ്തിയുമായാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് ഓക്‌ലാന്‍ഡ് യൂണിവേഴ്്‌സിറ്റിയില്‍ പഠനത്തിന് പോയ നീര്‍ജ തുടര്‍ന്ന് കുറച്ചു കാലം ടാറ്റ കണ്‍സള്‍ട്ടസിയില്‍ ജോലി ചെയ്തു. 1980 ല്‍ ഭര്‍ത്താവുമൊത്ത് ഐടി സ്ഥാപനമായ സിന്‍ടെലിന് (Syntel) രൂപം നല്‍കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com