പ്രധാനമന്ത്രി സൗദിയില്‍; സ്വതന്ത്ര വ്യാപാര കരാറില്‍ പ്രത്യാശ; ആത്മീയ ടൂറിസത്തിലും സ്‌പോര്‍ട്‌സിലും സാധ്യതകള്‍

പ്രതിരോധ മേഖലയിലെ പങ്കാളിത്തം ശക്തമാക്കും
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക ഡപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍  അസീസ് സ്വീകരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക ഡപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് സ്വീകരിക്കുന്നു. SPA
Published on

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സൗദിയിലെ വാണിജ്യ-തുറമുഖ നഗരമായ ജിദ്ദയില്‍ വരവേല്‍പ്പ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹത്തെ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മക്ക ഡപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിഷാല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും സൗദി വാണിജ്യ മന്ത്രി ഡോ മാജിദ് അല്‍ കസബിയും ചേര്‍ന്ന് സ്വീകരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍, വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവരടങ്ങുന്ന 11 അംഗ ഉന്നത തല സംഘമാണ് പ്രധാനമന്ത്രിക്കൊപ്പമുള്ളത്.

ഇന്നും നാളെയും വിവിധ ചടങ്ങുകളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. നാളെ ജിദ്ദയില്‍ നടക്കുന്ന ഇന്ത്യ-സൗദി സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ യോഗമാണ് പ്രധാനപ്പെട്ട ചടങ്ങ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നാളെ കൂടിക്കാഴ്ച നടക്കും.

സ്വതന്ത്ര വ്യാപാര കരാറില്‍ പ്രത്യാശ

ഇന്ത്യയും സൗദിയും തമ്മില്‍ തയ്യാറാക്കുന്ന സ്വതന്ത്ര വ്യാപാര കരാറില്‍ ഇരുരാജ്യങ്ങള്‍ക്കും ഏറെ പ്രത്യാശയുണ്ടെന്ന്, സൗദി പത്രമായ അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കും പുറമെ ഗള്‍ഫ് മേഖലയില്‍ തന്നെ വ്യാപാര രംഗത്ത് പുരോഗതിയുണ്ടാക്കാന്‍ ശേഷിയുള്ളതാകും ഈ കരാര്‍. സൗദിയുമായി എണ്ണ വ്യാപാര രംഗത്ത് ഇന്ത്യക്ക് നൂറ്റാണ്ടുകളുടെ ബന്ധമാണുള്ളത്. ഇന്ത്യയിലെ പെട്രോളിയം പദ്ധതികളില്‍ സൗദി സര്‍ക്കാരിന്റെ സഹായമുണ്ട്. സൗദിയിലെ ഭക്ഷ്യസുരക്ഷക്ക് ഇന്ത്യ പിന്തുണ നല്‍കുന്നു.

സൗദിയിലെ ഈത്തപ്പഴം ഇന്ത്യക്കാര്‍ ഇഷ്ടപ്പെടുന്നതു പോലെ ഇന്ത്യയില്‍ നിന്നുള്ള അരി സൗദിയിലെ ജനങ്ങളും ഇഷ്ടപ്പെടുന്നു. ഊര്‍ജം, കൃഷി, രാസവളം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വ്യാപാര ഇടപാടുകള്‍ ശക്തമാണ്. കൂടുതല്‍ മേഖലകളിലേക്ക് ഇത് വ്യാപിപ്പിക്കാനാണ് ശ്രമം. ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി വ്യാപാര മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടവരുത്തും. നരേന്ദ്രമോദി പറഞ്ഞു.

പ്രതിരോധ മേഖലയിലെ പങ്കാളിത്തം

ദേശീയ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഇരുരാജ്യങ്ങളും സംയുക്തമായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തി കടന്നുള്ള തീവ്രവാദം, മയക്കുമരുന്ന് കടത്ത്, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവ തടയാന്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിരോധ വ്യവസായത്തിലും ഈ സഹകരണം തുടരുന്നു. ഇന്ത്യന്‍ പ്രതിരോധ വ്യവസായം ഇന്ന് ഏറെ വളര്‍ന്നിട്ടുണ്ട്. പ്രതിരോധ ടാങ്കുകള്‍ മുതല്‍ മുങ്ങിക്കപ്പലുകള്‍ വരെ നിര്‍മ്മിക്കുന്ന ശക്തമായ സംവിധാനമാണ് ഇന്ത്യക്കുള്ളത്. പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ആത്മീയത, ക്രിക്കറ്റ്

ആത്മീയ ടൂറിസത്തില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ച്ചയുണ്ടാകുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ നിന്ന് ലക്ഷക്കണക്കിന് മുസ്ലികള്‍ ഹജ്ജും ഉംറയും നിര്‍വ്വഹിക്കാന്‍ മക്കയില്‍ എത്തുന്നുണ്ട്. അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ സൗദി സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്. യോഗാഭ്യാസത്തിന് ഏറെ പ്രചാരമാണ് സൗദിയില്‍ ലഭിച്ചു വരുന്നത്. സൗദിയില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിക്കുന്ന സ്വീകാര്യതയും എടുത്തു പറയേണ്ടതാണ്.

അറബ് രാജ്യങ്ങളിലെ ചാനലുകളില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് പ്രേക്ഷകര്‍ ഏറെയുണ്ട്. വിദ്യാഭ്യാസ മേഖലയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരുകയാണ്. മെയ് 1 മുതല്‍ 4 വരെ മുംബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര വിനോദ സമ്മിറ്റില്‍ സൗദി അറേബ്യയുടെ വലിയ പ്രാതിനിധ്യമുണ്ടാകുമെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com