ട്രെയിന്‍ യാത്ര ഇനി സിംപിള്‍, 'സൂപ്പര്‍ ആപ്പ്' റെഡി; യാത്രക്കാര്‍ക്ക് എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍

ട്രെയിന്‍ യാത്രക്കാരുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് അവസാനമാകുന്നു. റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമില്‍ ലഭിക്കുന്ന സൂപ്പര്‍ ആപ്പ് ഈ മാസം പുറത്തിറക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യാത്രക്കാര്‍ക്ക് എല്ലാ ട്രെയിന്‍ സേവനങ്ങളും ഒരു ആപ്പില്‍ നിന്ന് തന്നെ ലഭിക്കുമെന്നതാണ് സൂപ്പര്‍ ആപ്പിന്റെ പ്രത്യേകത.
രാജ്യത്ത് ഓടുന്ന എല്ലാ ട്രെയിനുകളുടെയും ട്രാക്കിംഗ്, ടിക്കറ്റ് ബുക്കിംഗ്, ഫുഡ് ഓര്‍ഡര്‍, റീഫണ്ടിംഗ് ഉള്‍പ്പെടെ എല്ലാ തരത്തിലുള്ള സേവനങ്ങളും ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ ആപ്പ്. ഈ സേവനം അവതരിപ്പിക്കാനുള്ള ഒരുക്കങ്ങളിലായിരുന്നു കഴിഞ്ഞ കുറെ മാസങ്ങളായി റെയില്‍വേ. യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഒറ്റ മൊബൈല്‍ ആപ്പില്‍ ലഭിക്കണമെന്നത്.
പുതിയ ആപ്പില്‍ ലഭിക്കുന്ന പ്രധാന സേവനങ്ങളിലൊന്ന് ഏറ്റവും വേഗത്തിലുള്ള ടിക്കറ്റ് റീഫണ്ടിംഗ് ആണെന്നാണ് സൂചന. റീഫണ്ടിംഗ് പ്രക്രിയ ആരംഭിച്ചാല്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ പണം അക്കൗണ്ടിലെത്തും. നിലവില്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ അക്കൗണ്ടിലെത്താന്‍ സമയമെടുക്കും. യാത്രക്കാരുടെ ദീര്‍ഘകാല പരാതികളിലൊന്നാണ് സൂപ്പര്‍ ആപ്പിന്റെ വരവോടെ പരിഹരിക്കപ്പെടുന്നത്.
യാത്രക്കാര്‍ക്ക് നേട്ടം, റെയില്‍വേക്കും
നിലവില്‍ റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ക്കായി വ്യത്യസ്ത ആപ്പുകളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്ലിക്കേഷനില്‍ ലഭിക്കുന്നത് യാത്രക്കാരുടെ തലവേദന കുറയ്ക്കും. യാത്രക്കാര്‍ ഇപ്പോള്‍ ഏറ്റവുമധികം ആശ്രയിക്കുന്നത് ഐആര്‍സിടിസി റെയില്‍ കണക്ട് ആപ്പ് ആണ്.
ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷനുമായി ( IRCTC) സഹകരിച്ചുകൊണ്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സംവിധാനങ്ങളുടെ ഉത്തരവാദിത്വമുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ വിഭാഗമാണ് ഈ സൂപ്പര്‍ ആപ്പ് തയാറാക്കുന്നത്. വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന സേവനങ്ങളെല്ലാം പുതിയ സൂപ്പര്‍ ആപ്പില്‍ ഉള്‍ക്കൊള്ളിക്കും.
പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ഏപ്രില്‍ 19നാണ് ആരംഭിക്കുന്നത്. ഇതിനു മുമ്പ് സൂപ്പര്‍ ആപ്പ് അവതരിപ്പിക്കുമെന്നാണ് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാല്‍ വിപുലമായ ഉദ്ഘാടനം നടത്തുക സാധ്യമല്ല. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നടപ്പാക്കേണ്ട 100 ദിന കര്‍മപദ്ധതികളുടെ പണിപ്പുരയിലാണ് റെയില്‍വേയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it