

ലക്ഷക്കണക്കിന് യാത്രക്കാരാണ് ഓരോ ദിവസവും റെയില്‍വേയെ ആശ്രയിക്കുന്നത്. ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ച് ട്രെയിന്‍ ഓടിക്കാനുള്ള സംവിധാനങ്ങള്‍ കുറവായതിനാല്‍ ടിക്കറ്റ് ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
പലപ്പോഴും ഉയര്‍ന്ന ക്ലാസിലുള്ള കംപാര്‍ട്ട്‌മെന്റുകളില്‍ ജനറല്‍ ടിക്കറ്റുമായും വെയിറ്റ് ലിസ്റ്റിലുള്ള ടിക്കറ്റുമായി പലരും യാത്ര ചെയ്യാറുണ്ട്. ഇങ്ങനെ ചെയ്യുന്നവരെ കൈയോടെ പിടികൂടാനാണ് റെയില്‍വേയുടെ തീരുമാനം. മെയ് ഒന്നുമുതല്‍ പുതിയ മാറ്റവും പ്രഖ്യാപിച്ചു റെയില്‍വേ.
ഓണ്‍ലൈന്‍ ആയും അല്ലാതെയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ കണ്‍ഫോം ആയില്ലെങ്കിലും ഈ ടിക്കറ്റുമായി ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഇനിമുതല്‍ ഈ പരിപാടി നടക്കില്ല. സ്ലീപ്പര്‍, എ.സി ക്ലാസുകളില്‍ കണ്‍ഫോം ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. മെയ് ഒന്നുമുതലാണ് പുതിയ മാറ്റം നടപ്പിലാക്കുക. കണ്‍ഫോം ടിക്കറ്റുമായി യാത്ര ചെയ്യുന്നവരുടെ സുരക്ഷിതത്വവും സൗകര്യവും വര്‍ധിപ്പിക്കാനാണ് പുതിയ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുള്ളവര്‍ക്ക് ജനറല്‍ ക്ലാസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. ഐ.ആര്‍.സി.ടി.സിയുടെ വെബ്‌സൈറ്റ് വഴി എടുക്കുന്ന ടിക്കറ്റുകള്‍ കണ്‍ഫോമായില്ലെങ്കില്‍ അപ്പോള്‍ തന്നെ റദ്ദാക്കപ്പെടും.
ഇനി മുതല്‍ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍, എ.സി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് കനത്ത പിഴ ഒടുക്കേണ്ടി വരും. ഇതിനായി പരിശോധന കര്‍ശനമാക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്യുന്നവരെ പിടിച്ചാല്‍, യാത്രയുടെ പൂര്‍ണ ടിക്കറ്റിന് പുറമേ 250 രൂപ വരെ പിഴയും ഈടാക്കും. യാത്ര ചെയ്ത ദൂരം അനുസരിച്ചും അധിക ചാര്‍ജ് ഈടാക്കാന്‍ സാധ്യതയുണ്ട്.
വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി എ.സി കോച്ചുകളില്‍ യാത്ര ചെയ്യുന്നവര്‍ക്കുള്ള പിഴ തുക ഇതിലും കൂടുതലായിരിക്കും. യാത്ര ചാര്‍ജിന് പുറമേ 440 രൂപ വരെ പിഴയായി ഈടാക്കും. നിയമം ലംഘിക്കുന്നവരെ ജനറല്‍ കോച്ചിലേക്ക് മാറ്റുന്നതിനും അടുത്ത സ്റ്റേഷനില്‍ ഇറക്കുന്നതിനും അധികാരം ടി.ടി.ഇമാര്‍ക്ക് നല്‍കിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine