Begin typing your search above and press return to search.
ട്രെയിനിലും വരുന്നു, ബ്ലാക്ക് ബോക്സ്; അപകട കാരണം കണ്ടെത്താൻ സഹായം
ലോക്കോമോട്ടീവുകളിൽ ബ്ലാക്ക് ബോക്‌സ് പോലുളള ഉപകരണം സ്ഥാപിക്കുന്നത് വേഗത്തിലാക്കാനുളള ശ്രമങ്ങള്‍ ആരംഭിച്ച് ഇന്ത്യൻ റെയിൽവേ. വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സുകൾക്ക് സമാനമായിട്ടായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ട്രെയിൻ മാനേജർമാരുമായും സ്റ്റേഷൻ മാസ്റ്റർമാരുമായും ലോക്കോ പൈലറ്റിന്റെ സംഭാഷണം റെക്കോർഡു ചെയ്യാൻ ഈ ഉപകരണത്തിനാകും. അപകടങ്ങള്‍ നടക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ കണ്ടെത്തുന്നതിന് ഉപകരണം സഹായിക്കും.
സിഗ്നലിംഗ് പരാജയങ്ങൾ സംഭവിക്കുന്നത് ആശങ്കാജനകം
2019 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുളള അഞ്ചു വർഷത്തില്‍ അപകടകരമായി സിഗ്നൽ കടന്നുപോകുന്ന 208 സംഭവങ്ങളാണ് ഉണ്ടായത്. ഇതിൽ 12 എണ്ണം കൂട്ടിയിടിയിൽ കലാശിച്ചു. ജൂണില്‍ ഗുഡ്‌സ് ട്രെയിൻ കാഞ്ചൻജംഗ എക്‌സ്‌പ്രസുമായി കൂട്ടിയിടിച്ച് പത്ത് പേർ മരിച്ച അപകടം പ്രാഥമികമായി ഓട്ടോമാറ്റിക് സിഗ്നൽ തകരാറ് മൂലമാണ് സംഭവിച്ചതെന്നാണ് റെയില്‍വേ കണ്ടെത്തിയത്.
ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ (കവച്) സംവിധാനത്തോടെ പുതിയ ഓട്ടോ സിഗ്നലിംഗ് വിഭാഗങ്ങള്‍ അവതരിപ്പിക്കുകയാണ് ഇതിന് പരിഹാരമെന്ന നിലയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. ധാരാളം സിഗ്നലിംഗ് പരാജയങ്ങൾ ഇന്ത്യന്‍ റെയില്‍വേയില്‍ സംഭവിക്കുന്നത് ആശങ്കാജനകമാണ്.
ലോക്കോ പൈലറ്റുമാരുടെ ശബ്ദം റെക്കോർഡു ചെയ്യുന്ന സംവിധാനം
ട്രെയിന്‍ നിയന്ത്രിക്കുന്ന ലോക്കോ പൈലറ്റുമാരുടെ ശബ്ദവും വീഡിയോയും റെക്കോർഡു ചെയ്യുന്നതിനും മൈക്രോഫോണുകളിലൂടെയും ക്യാമറകളിലൂടെയും കടന്നു പോകുന്ന പാതകള്‍ റെക്കോര്‍ഡു ചെയ്യുന്നതിനും വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സുകൾക്ക് സമാനമായ ഉപകരണങ്ങള്‍ ഘടിപ്പിക്കുന്നതിനുളള ആലോചനകളിലാണെന്ന് 2021-22 ലെ റെയിൽവേയുടെ ഇയർബുക്കില്‍ വ്യക്തമാക്കിയിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ട്രെയിന്‍ നിയന്ത്രിക്കുന്നവര്‍ നടത്തുന്ന ആശയവിനിമയങ്ങളും ഇടപെടലുകളും റെക്കോർഡ് ചെയ്യുന്നത് യന്ത്രങ്ങളുടെ പ്രവർത്തനങ്ങളിലും മാനുഷികമായ ഘടകങ്ങളിലും സംഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹരിക്കാനും സഹായിക്കുന്നതാണ്.
കൂടാതെ യാത്രാ ട്രെയിനുകളിലെ കോച്ചുകളുടെ കൂട്ടിയിടികളെ അതിജീവിക്കാനുളള ദൃഢതയും പരിശോധിക്കപ്പെടേണ്ടതുണ്ട്. യാത്രാ ട്രെയിനുകളിലെ അവസാനത്തെ രണ്ട് കോച്ചുകളിലെങ്കിലും ഇത്തരത്തിലുളള സവിശേഷതകള്‍ അത്യാവശ്യമാണെന്നും വിലയിരുത്തപ്പെടുന്നു. സിഗ്നലിംഗ് ഉപകരണങ്ങളുടെ കൃത്യത വർദ്ധിപ്പിക്കുന്നതിന് റെയില്‍വേയുടെ ആർ.ഡി.എസ്.ഒയുടെ (റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ) നേതൃത്വത്തില്‍ സോണുകളുമായി ചേർന്ന് കർമ്മ പദ്ധതിക്ക് രൂപം നല്‍കികൊണ്ടിരിക്കുകയാണ്.
Next Story