

ട്രെയിൻ യാത്രക്കാർക്കായി കർശനമായ ബാഗേജ് നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നു. യാത്രക്കാരുടെ സൗകര്യം വർദ്ധിപ്പിക്കുക, അധിക വരുമാനം ഉണ്ടാക്കുക, സ്റ്റേഷനുകൾക്ക് ആധുനികവും വിമാനത്താവള ശൈലിയിലുള്ളതുമായ അന്തരീക്ഷം നൽകുക എന്നിവ ലക്ഷ്യമിട്ടുളള പദ്ധതികളാണ് റെയില്‍വേ ആസൂത്രണം ചെയ്യുന്നത്.
പ്രധാന റെയിൽവേ സ്റ്റേഷനുകളിലെ ഇലക്‌ട്രോണിക് വേയിംഗ് മെഷീനുകളില്‍ യാത്രക്കാർ ലഗേജുകള്‍ പരിശോധിക്കേണ്ടതുണ്ട്. അനുവദനീയമായ പരിധിക്കപ്പുറം ലഗേജ് കൊണ്ടുപോകുന്നവർക്ക് അധിക ചാർജുകളോ പിഴകളോ ഈടാക്കും. യാത്രാ ക്ലാസ് അനുസരിച്ച് കൊണ്ടു പോകാവുന്ന ബാഗേജിനും വ്യത്യാസമുണ്ടായിരിക്കും.
എസി ഫസ്റ്റ് ക്ലാസിന് 70 കിലോ, എസി ടു ടയറിന് 50 കിലോ, എസി ത്രീ ടയറിനും സ്ലീപ്പർ ക്ലാസിനും 40 കിലോ, ജനറൽ ക്ലാസിന് 35 കിലോ എന്നിങ്ങനെയായിരിക്കും ബാഗേജുകള്‍ കൊണ്ടു പോകാന്‍ സാധിക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാരം പരിധിക്കുള്ളിൽ ആണെങ്കിലും ട്രെയിനിനുളളിലെ സ്ഥലത്തെ തടസപ്പെടുത്തുന്ന തരത്തില്‍ അമിത വലിപ്പമുളള ലഗേജുകൾക്ക് പിഴ ചുമത്താനുളള സാധ്യതകളും ഉണ്ട്.
ദീർഘദൂര റൂട്ടുകളിലെ യാത്രക്കാർക്ക് കൂടുതൽ കാര്യക്ഷമവും സുഖകരവുമായ യാത്രാ അനുഭവം ഉറപ്പാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. നവീകരിച്ച സ്റ്റേഷനുകളിൽ പ്രീമിയം സിംഗിൾ ബ്രാൻഡ് സ്റ്റോറുകൾ ആരംഭിക്കാനും റെയിൽവേക്ക് പദ്ധതിയുണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ്, യാത്രാ ഉപകരണങ്ങൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ ഈ ഷോപ്പുകളില്‍ ലഭ്യമാകും.
സാധുവായ ട്രെയിൻ ടിക്കറ്റ് ഉള്ള യാത്രക്കാർക്ക് മാത്രമാണ് ടെർമിനൽ ഏരിയയിലേക്ക് 2026 ഡിസംബർ മുതൽ പ്രവേശനം അനുവദിക്കുക. വിമാനത്താവളങ്ങളിലെ ബോർഡിംഗ് പാസിന് സമാനമായ രീതിയിലായിരിക്കും പ്രവര്‍ത്തനം. വിമാനത്താവളങ്ങളിലെ സന്ദർശക പാസിന് സമാനമായി യാത്രക്കാരല്ലാത്തവർക്ക് പ്ലാറ്റ്‌ഫോം ടിക്കറ്റ് ആവശ്യമാണ്.
Indian Railways to introduce airport-like baggage checks, weight limits, and stricter entry rules at stations.
Read DhanamOnline in English
Subscribe to Dhanam Magazine