വേനലില്‍ ട്രെയിന്‍ യാത്ര ദുരിതമാകില്ല; 43% അധിക സര്‍വീസ് നടത്താന്‍ റെയില്‍വേ

യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും
train
Image : Canva
Published on

ഇന്ത്യന്‍ റെയില്‍വേയ്ക്കെതിരായി കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയില്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ 2023ലെ വേനല്‍ക്കാലത്തെ അപേക്ഷിച്ച് 43 ശതമാനം അധിക സര്‍വീസുകള്‍ ഈ വേനല്‍ക്കാലത്ത് നടത്തുമെന്ന് അറിയിച്ച് റെയില്‍വേ മന്ത്രാലയം. മുന്‍ വര്‍ഷം വേനല്‍ക്കാലത്ത് മൊത്തം 6,369 സര്‍വീസുകളാണ് നടത്തിയത്. ഈ വേനല്‍ക്കാലത്ത് 9,111 സര്‍വീസുകളുമായി റെക്കോഡ് മറികടക്കാനാണ് റെയില്‍വേ ഒരുങ്ങുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2,742 സര്‍വീസുകളുടെ വര്‍ധന.

കൂടുതല്‍ ട്രെയിനുകള്‍ വിന്യസിച്ചു

പുതിയ 9,111 സര്‍വീസുകളില്‍ 1,878 എണ്ണം വെസ്റ്റേണ്‍ റെയില്‍വേയാകും നടത്തുക. നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ 1,623 സര്‍വീസുകളും നടത്തും. സൗത്ത് സെന്‍ട്രല്‍ റെയില്‍വേ 1,012 സര്‍വീസുകള്‍, ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ 1,003 സര്‍വീസുകളും നടത്തും. ബാക്കി സര്‍വീസുകള്‍ മറ്റ് സോണുകളിലും. രാജ്യത്തുടനീളമുള്ള പ്രധാന ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിന് കൂടുതല്‍ ട്രെയിനുകള്‍ വിന്യസിച്ചിട്ടുണ്ട്.

തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഉത്തര്‍പ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള വേനല്‍ക്കാല യാത്രാ തിരക്ക് കണക്കിലെടുത്ത് എല്ലാ സോണല്‍ റെയില്‍വേകളും അധിക സര്‍വീസുകള്‍ നടത്താനുള്ള തയ്യാറെടുപ്പിലാണെന്നും റെയില്‍വേ അറിയിച്ചു. പ്രധാനപ്പെട്ട എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും തിരക്ക് നിയന്ത്രണ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിമര്‍ശനങ്ങള്‍ കൂടി

ട്രെയിന്‍ യാത്രക്കാര്‍ തിക്കും തിരക്കുമായി ബുദ്ധിമുട്ടുന്ന നിരവധി വീഡിയോകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ട്രെയിനിലെ ജനറല്‍ കോച്ചുകള്‍ ഗണ്യമായി കുറച്ചതാണ് ഇതിന് കാരണമെന്ന് പലരും ആരോപിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേ ജനങ്ങളോടുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി റെയില്‍വേയെത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com