ഭാവനയുണ്ടോ? ഒരു ക്ലോക്ക് ഡിസൈന്‍ ചെയ്താല്‍ കിട്ടും 5 ലക്ഷം രൂപ സമ്മാനം; മല്‍സരവുമായി ഇന്ത്യന്‍ റെയില്‍വെ

ഡിജിറ്റല്‍ നവീകരണത്തിനൊപ്പം പൊതുജനങ്ങളെ കൂടി പങ്കെടുപ്പിക്കാന്‍ റെയില്‍വെ
Indian railways
Indian railwaysCanva
Published on

മികച്ച ആശയവും ഭാവനയും നിങ്ങള്‍ക്കുണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപയുടെ സമ്മാനം മുന്നിലുണ്ട്. ഇന്ത്യന്‍ റെയില്‍വെക്ക് വേണ്ടി ആകര്‍ഷകമായ ഡിജിറ്റല്‍ ക്ലോക്ക് ഡിസൈന്‍ ചെയ്യുന്നവരെയാണ് സമ്മാനം കാത്തിരിക്കുന്നത്. മികച്ചതായി തെരഞ്ഞെടുക്കപ്പെടുന്ന ഡിസൈന് അഞ്ച് ലക്ഷം രൂപയാണ് ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ക്ലോക്കുകള്‍ നിര്‍മിച്ച് രാജ്യത്തെ എല്ലാ റെയില്‍വെ സ്‌റ്റേഷനുകളിലും സ്ഥാപിക്കും. പ്രോല്‍സാഹന സമ്മാനമായി ഓരോ വിഭാഗത്തിലും 50,000 രൂപ വീതവും നല്‍കും. റെയില്‍വെയുടെ ആധുനിക വല്‍ക്കരണത്തിന്റെ ഭാഗമായാണ് പുതിയ ഡിജിറ്റല്‍ ക്ലോക്ക് അവതരിപ്പിക്കുന്നത്.

എല്ലാവര്‍ക്കും പങ്കെടുക്കാം

മല്‍സരത്തില്‍ ടെക്കികള്‍, സ്റ്റാര്‍ട്ടപ്പുകള്‍, സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, മറ്റു വ്യക്തികള്‍ തുടങ്ങി ഇന്ത്യന്‍ പൗരന്‍മാരായ എല്ലാവര്‍ക്കും പങ്കെടുക്കാം. റെയില്‍വെയുടെ പദ്ധതികളില്‍ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കുക, പുതിയ കണ്ടെത്തലുകള്‍ക്ക് വഴിയൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഈ മല്‍സരത്തിലൂടെ റെയില്‍വെക്കുള്ളത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇന്ത്യന്‍ റെയില്‍വെ ആവശ്യപ്പെടുന്ന സാങ്കേതിക നിബന്ധനകള്‍ ഉള്‍കൊള്ളിച്ചാണ് ക്ലോക്കിന്റെ രൂപ കല്‍പ്പന നടത്തേണ്ടത്. നൂതനമായ ആശയവും പ്രവര്‍ത്തന ക്ഷമതയും വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ ചിലവ് കുറവുളളതുമായ ഡിസൈന്‍ ആയിരിക്കണം. വിശദമായ ടെക്‌നിക്കല്‍ ഡ്രോയിംഗിനൊപ്പം പ്രവര്‍ത്തന രീതിയുടെ വിശദീകരണവും നല്‍കണം. ക്ലോക്കിന്റെ ഡെമോ വീഡിയോയോ വര്‍ക്കിംഗ് മോഡലോ അയക്കാവുന്നതാണ്. ഇത് നിര്‍ബന്ധമല്ല. നിലവിലുള്ള റെയില്‍വെ സംവിധാനങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാകണം ഡിസൈന്‍.

എങ്ങനെ അപേക്ഷിക്കാം

മല്‍സരത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ ഇന്ത്യന്‍ റെയില്‍വെയുടെ വെബ് പോര്‍ട്ടലായ indianrailways.gov.in ല്‍ ലഭിക്കും.

മല്‍സരത്തിന്റെ ബ്രോഷര്‍, നിബന്ധനകള്‍, അവസാന തീയ്യതി തുടങ്ങിയ കാര്യങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. റെയില്‍വെയുടെ ഡിജിറ്റല്‍ നവീകരണത്തിനൊപ്പം പൊതുജനങ്ങളെക്കൂടി പങ്കെടുപ്പിക്കുകയെന്നതാണ് ഈ മല്‍സരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് റെയില്‍വെ അറിയിച്ചു. റെയില്‍വെക്ക് ഇണങ്ങുന്ന മികച്ചൊരു ക്ലോക്കിന്റെ രൂപം നിങ്ങളുടെ ഭാവനയില്‍ തെളിയുന്നുണ്ടെങ്കില്‍ അഞ്ച് ലക്ഷം രൂപക്കൊപ്പം ഇന്ത്യന്‍ റെയില്‍വെയുടെ ചരിത്രത്തിലും നിങ്ങള്‍ക്ക് ഇടം നേടാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com