

അന്താരാഷ്ട്ര വ്യാപാര ഇടപാടുകള്‍ക്ക് ഇന്ത്യന്‍ രൂപയുടെ ഉപയോഗം വ്യാപകമാക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. പ്രധാന വ്യാപാര പങ്കാളികളുമായി ഇന്ത്യന്‍ രൂപയില്‍ തന്നെ ഇടപാടുകള്‍ നടത്താനുള്ള സൗകര്യം ഒരുക്കുകയാണ് ആര്‍.ബി.ഐ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ കറന്‍സിയെ ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക ആഘാതങ്ങള്‍ കുറക്കാനും ഇതുവഴി കഴിയുമെന്നാണ് കരുതുന്നത്.
യു.എസ് ഡോളറിനെ ആശ്രയിക്കാതെ ഇന്ത്യന്‍ രൂപക്ക് നേരിട്ടുള്ള വിനിമയ നിരക്ക് സ്ഥാപിക്കാനാണ് ആര്‍.ബി.ഐ ഒരുങ്ങുന്നത്. മറ്റ് കറന്‍സികളുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഡോളറിന്റെ അടിസ്ഥാനത്തില്‍ കണക്കാക്കുന്ന രീതിക്ക് മാറ്റം വരുമെന്നാണ് ദി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ ഭാഗമായി യു.എ.ഇ ദിര്‍ഹം, ഇന്തോനേഷ്യന്‍ റുപ്പിയ എന്നിവയുമായി ഇന്ത്യന്‍ രൂപയുടെ റഫറന്‍സ് നിരക്ക് ഉടന്‍ നിശ്ചയിക്കുമെന്ന് ആര്‍.ബി.ഐ അറിയിച്ചിട്ടുണ്ട്. നിലവില്‍ യു.എസ് ഡോളര്‍, ജാപ്പനീസ് യെന്‍, യൂറോ, ബ്രിട്ടീഷ് പൗണ്ട് എന്നിവക്ക് ഇന്ത്യന്‍ രൂപയുമായി റഫറന്‍സ് നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. മൗറീഷ്യസുമായി ഇന്ത്യന്‍ രൂപയുടെ റഫറന്‍സ് നിരക്ക് നിശ്ചയിക്കാനുള്ള നീക്കങ്ങളും ആര്‍.ബി.ഐ നടത്തുന്നുണ്ട്.
ചൈന പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ യു.എസ് ഡോളര്‍ ഒഴിവാക്കി സ്വന്തം കറന്‍സിയിലാണ് വിദേശ വ്യാപാരം നടത്തുന്നത്. ഇതേ മാതൃകയില്‍ വിദേശവ്യാപാരത്തിന് ഇന്ത്യന്‍ രൂപയെ ഉപയോഗിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസര്‍ക്കാരും. പ്രാദേശിക കറന്‍സികളില്‍ വ്യാപാരം ചെയ്യുന്നത് കമ്പനികളുടെ പ്രവര്‍ത്തന ചെലവില്‍ ഗണ്യമായ കുറവുണ്ടാക്കും. വിദേശനാണ്യ ശേഖരം കൂടുതലായി സൂക്ഷിക്കേണ്ടതുമില്ല. 2047ല്‍ വികസിത രാജ്യമായി മാറുന്നതിന് വിശ്വാസ്യതയുള്ള ഒരു അന്താരാഷ്ട്ര കറന്‍സി ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും മോദി സര്‍ക്കാര്‍ കരുതുന്നു. കഴിഞ്ഞ പണനയ യോഗത്തില്‍ ഇന്ത്യന്‍ രൂപയുടെ അന്താരാഷ്ട്രവത്കരണത്തിന് വേണ്ട ചില നടപടികള്‍ റിസര്‍വ് ബാങ്കും സ്വീകരിച്ചിരുന്നു. ഇതനുസരിച്ച് ഭൂട്ടാന്‍, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉഭയകക്ഷി വ്യാപാരത്തിനായി ഇന്ത്യന്‍ രൂപയില്‍ തന്നെ വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയും.
ഇന്തോനേഷ്യന്‍ റുപ്പിയ കഴിഞ്ഞാല്‍ ഇക്കൊല്ലം ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച കറന്‍സികളിലൊന്നാണ് ഇന്ത്യന്‍ രൂപ. യു.എസ് താരിഫ് ഭീഷണിക്കിടയില്‍ വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിച്ചതാണ് തിരിച്ചടിയായത്. ഇതോടെ റിസര്‍വ് ബാങ്ക് ഇടപെടുകയും ഡോളര്‍ ശേഖരം വിറ്റഴിച്ച് രൂപയുടെ വിനിമയ നിരക്ക് പിടിച്ചുനിറുത്തുകയും ചെയ്തു. ഓഗസ്റ്റില്‍ മാത്രം 7.6 ബില്യന്‍ ഡോളര്‍ (ഏകദേശം 66,887 കോടി രൂപ) ആര്‍.ബി.ഐ വിറ്റൊഴിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്. ഏപ്രില്‍, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വാങ്ങിയതിനേക്കാള്‍ കൂടുതല്‍ യു.എസ് ഡോളര്‍ ആര്‍.ബി.ഐ വിറ്റതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ ഇന്ത്യക്ക് യു.കെ, ഓസ്‌ട്രേലിയ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുണ്ട്. യു.എസ്, യൂറോപ്യന്‍ യൂണിയന്‍, ഒമാന്‍, ഖത്തര്‍, ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറിനായി ചര്‍ച്ചകള്‍ നടത്തുന്നുമുണ്ട്. ഈ രാജ്യങ്ങളുമായി ഇന്ത്യന്‍ രൂപയില്‍ തന്നെ വിദേശവ്യാപാരം നടത്താനുള്ള ശ്രമങ്ങളും സജീവമാണ്.
അതേസമയം, ഇത്തരം നടപടികള്‍ അമേരിക്കന്‍ ഡോളറിനെതിരെയുള്ള നീക്കമായി കാണേണ്ടതില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. ഡോളറിനെതിരായി ബ്രിക്‌സ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ പുതിയ കറന്‍സി കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇടക്കിടെ ആരോപിക്കുന്നുമുണ്ട്. ഇത് ഇന്ത്യ നിഷേധിച്ചിട്ടുമുണ്ട്. 2023ലാണ് ഇന്ത്യന്‍ രൂപയുടെ അന്താരാഷ്ട്രവത്കരണ പദ്ധതികള്‍ റിസര്‍വ് ബാങ്ക് പരസ്യമാക്കുന്നത്. നിരന്തരമായ ശ്രമങ്ങള്‍ ഉണ്ടെങ്കിലും അന്താരാഷ്ട്ര ഇടപാടുകള്‍ നടത്തുന്ന കറന്‍സികളുടെ പട്ടികയില്‍ ആദ്യ ഇരുപതിലെത്താന്‍ ഇതുവരെയും ഇന്ത്യന്‍ രൂപക്ക് കഴിഞ്ഞിട്ടില്ല. 49.94 ശതമാനം വിദേശവ്യാപാരവും ഇപ്പോഴും നടക്കുന്നത് അമേരിക്കന്‍ ഡോളറിലാണ്. എന്നാല്‍ മെക്‌സിക്കന്‍ പേസോ, തായ് ബാത്ത്, മലേഷ്യന്‍ റിങ്കറ്റ് പോലുള്ള കറന്‍സികള്‍ ആദ്യ ഇരുപതിലെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine