

യുഎഇ ദിര്‍ഹവുമായുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികളുടെ വരുമാനത്തില്‍ വലിയ മാറ്റം. ചരിത്രത്തില്‍ ആദ്യമായി വിനിമയ നിരക്ക് 24 രൂപ കടന്നു. പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് മാസ ശമ്പളം ലഭിക്കുന്ന സമയത്ത് വിനിമയ നിരക്കിലുണ്ടായ വര്‍ധന ഏറെ പേര്‍ക്ക് ഗുണകരമാകും. രണ്ടാഴ്ച മുമ്പു വരെ 23.60 രൂപയിലായിരുന്ന വിനിമയ നിരക്ക് പെട്ടെന്നാണ് 40 പൈസയിലേറെ കയറി 24 രൂപക്ക് മുകളിലെത്തിയത്. ഇന്ന് 24.01 രൂപയിലാണ് വിനിമയം നടന്നത്.
ഇന്ത്യന്‍ രൂപ സമ്മര്‍ദ്ദത്തിലായതിന് പിന്നില്‍ അമേരിക്കയുടെ അധിക നികുതിയും കാരണമായെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സൗദി റിയാലുമായുള്ള വിനിമയ നിരക്കിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ന് ഒരു റിയാലിന്റെ വിനിമയ നിരക്ക് 23.51 രൂപയാണ്. രണ്ടാഴ്ച മുമ്പ് 23.15 രൂപയായിരുന്നു. ട്രംപ് ഇന്ത്യക്ക് ചുമത്തിയ 50 ശതമാനം നികുതി ഇന്ത്യന്‍ കയറ്റുമതി മേഖലയെ സാരമായി ബാധിക്കുമെന്ന അഭ്യൂഹമാണ് രൂപയുടെ വിലയിടിവിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
പതിനായിരം ദിര്‍ഹം ശമ്പളം വാങ്ങുന്ന പ്രവാസിയുടെ പ്രതിമാസ വരുമാനത്തില്‍ 5,000 രൂപയുടെ വര്‍ധന കഴിഞ്ഞ രണ്ടാഴ്ചക്കകം വിനിമയ നിരക്കിലെ വ്യത്യാസം കൊണ്ട് മാത്രം ഉണ്ടായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അധികമായി ലഭിക്കുന്ന വരുമാനം നിക്ഷേപമായി മാറ്റാനാണ് സാമ്പത്തിക ഉപദേഷ്ടാക്കള്‍ നിര്‍ദേശിക്കാറുള്ളത്. എസ്.ഐ.പികളാണ് വിനിമയ നിരക്കിന്റെ ആനുകൂല്യത്തെ നിക്ഷേപമാക്കി മാറ്റാന്‍ മികച്ച വഴിയെന്നും അവര്‍ നിര്‍ദേശിക്കുന്നു. നിരക്കിലെ വ്യത്യാസം വര്‍ധിച്ചതോടെ യുഎഇയിലെ മണിട്രാന്‍സ്ഫര്‍ കമ്പനികള്‍ മികച്ച ഓഫറുകള്‍ നല്‍കുന്നുണ്ട്. സ്വകാര്യ കമ്പനികള്‍ 24 രൂപ വരെ നല്‍കുന്നുണ്ട്. ബാങ്കുകളില്‍ 23.80 ആണ് വിനിമയ നിരക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine