ഇന്ത്യന്‍ സ്റ്റീല്‍ കമ്പനികള്‍ക്ക് ചൈനീസ് പ്രഹരം; സ്റ്റീല്‍ വിലയിലെ ഇടിവിന് കാരണങ്ങളേറെ

കുറഞ്ഞ നിരക്കില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ചതും ആഭ്യന്തര ഡിമാന്‍ഡ് കുറഞ്ഞതും ഇന്ത്യന്‍ സ്റ്റീല്‍ നിര്‍മാതാക്കള്‍ക്ക് കടുത്ത വെല്ലുവിളിയാകുന്നു. ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് ഇടിഞ്ഞതിനൊപ്പം കയറ്റുമതി സാധ്യതകളും മങ്ങിയിരിക്കുകയാണ്. ഇത് ഇന്ത്യന്‍ സ്റ്റീല്‍ രംഗത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഹോട്ട് റോള്‍ഡ് കോയില്‍ വില ടണ്ണിന് 1,000 രൂപയാണ് അടുത്തിടെ കുറഞ്ഞത്. ഡിമാന്‍ഡില്‍ വലിയ ഇടിവുണ്ടായതാണ് വിലയിലും പ്രതിഫലിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ഹോട്ട് റോള്‍ഡ് കോയിലിന് 47,000 മുതല്‍ 51,000 വരെയാണ് ടണ്ണിന് വില. കയറ്റുമതി സാധ്യതകള്‍ നിജപ്പെട്ടതോടെ ആഭ്യന്തര വിപണിയെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകേണ്ട അവസ്ഥയിലാണ് സ്റ്റീല്‍ കമ്പനികള്‍. അമിതമായ ഇറക്കുമതി നിയന്ത്രിച്ചില്ലെങ്കില്‍ സ്റ്റീല്‍ കമ്പനികളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമെന്ന് ഈ രംഗത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ചൈനീസ് പ്രഹരം

ആഗോള തലത്തില്‍ മാന്ദ്യത്തിന് സമാനമായ സാഹചര്യം നിലനില്‍ക്കുന്നത് സ്റ്റീല്‍ വ്യവസായത്തെയും ബാധിക്കുന്നതായി ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ജയന്ത് ആചാര്യ പറയുന്നു. ചൈനയില്‍ നിന്ന് വലിയ വിലക്കുറവില്‍ ആഗോള മാര്‍ക്കറ്റിലേക്ക് സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നുണ്ട്. കെട്ടിക്കിടക്കുന്ന സ്റ്റീല്‍ വിറ്റഴിക്കുന്നതിനായി വലിയ ഓഫറാണ് ചൈന നല്‍കുന്നത്. ഈ വിലയില്‍ ഇന്ത്യയില്‍ നിന്നുള്ള കമ്പനികള്‍ക്ക് വില്പന സാധ്യമല്ല. ചൈനീസ് കയറ്റുമതി പൊതുവേ ദുര്‍ബലമായ ആഗോള മാര്‍ക്കറ്റിന് വലിയ ഭീഷണിയാണെന്നും ജയന്ത് ആചാര്യ പറയുന്നു.
ആഗോള തലത്തില്‍ മാന്ദ്യ പ്രവണ തുടരുമ്പോഴും ഇന്ത്യയില്‍ പക്ഷേ സ്റ്റീല്‍ ഡിമാന്‍ഡ് 13-14 ശതമാനം ഉയരുകയാണ്. വന്‍തോതില്‍ സ്റ്റീല്‍ നിര്‍മിച്ച് കൂട്ടിയ വിദേശ കമ്പനികള്‍ അവരുടെ ഉത്പന്നം വിറ്റഴിക്കാനുള്ള മാര്‍ഗമായിട്ടാണ് ഇന്ത്യയെ കാണുന്നത്. വന്‍തോതില്‍ വിലകുറഞ്ഞ സ്റ്റീല്‍ ഇറക്കുമതി ചെയ്തതോടെ ഇന്ത്യന്‍ കമ്പനികള്‍ പ്രതിസന്ധിയിലുമായി.

ഇറക്കുമതി കൂടി, കയറ്റുമതി ശുഷ്‌കിച്ചു

ക്രിസില്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് ആന്‍ഡ് അനലിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്ത് ഇറക്കുമതി 24 ശതമാനം വര്‍ധിച്ചു. അതേസമയം കയറ്റുമതി 40 ശതമാനത്തോളം ഇടിയുകയും ചെയ്തു. ആഭ്യന്തര മാര്‍ക്കറ്റിനെ മാത്രം ആശ്രയിച്ച് മുന്നോട്ടു പോകേണ്ട അവസ്ഥയിലാണ് രാജ്യത്തെ സ്റ്റീല്‍ കമ്പനികള്‍. ഇതിനിടെയാണ് കുറഞ്ഞ നിരക്കില്‍ ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് സ്റ്റീല്‍ ഇറക്കുന്നത്.
ചൈനയില്‍ നിന്നും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള സ്റ്റീല്‍ ഇറക്കുമതി നിയന്ത്രിക്കണമെന്നാണ് സ്റ്റീല്‍ കമ്പനികളുടെ ആവശ്യം. ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞ ഇറക്കുമതിയെ യു.എസ് നേരിട്ട രീതി കേന്ദ്രസര്‍ക്കാരും പിന്തുടരണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
യുഎസ് സ്റ്റീല്‍ വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ ചില ചൈനീസ് സ്റ്റീല്‍ ഉത്പന്നങ്ങള്‍ക്ക് ബൈഡന്‍ ഭരണകൂടം 25 ശതമാനം തീരുവ ചുമത്തി. മെക്സികോ വഴി ചൈനീസ് സ്റ്റീല്‍ എത്തുന്നതിന് തടയിടാന്‍ മെക്സിക്കന്‍ സ്റ്റീലിനും 25 ശതമാനം തീരുവ ചുമത്തി. ഇതേ മാതൃക ഇന്ത്യയും പിന്തുടരണമെന്നാണ് സ്റ്റീല്‍ മേഖലയുടെ ആവശ്യം.
Related Articles
Next Story
Videos
Share it