ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലയ്ക്കാന്‍ സാധ്യത

ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് നിലയ്ക്കാന്‍ സാധ്യത
Published on

മെഡിസിന്‍, മാനേജ്മെന്റ് കോഴ്സുകളില്‍ ചേര്‍ന്നു പഠിക്കാന്‍ ചൈനയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് ഇക്കുറി നിലയ്ക്കുമെന്ന് വിദേശ വിദ്യാഭ്യാസത്തിനു സൗകര്യമൊരുക്കിക്കൊടുക്കുന്ന സ്റ്റാര്‍ട്ടപ്പുകളുടെ നിരീക്ഷണം. അതിര്‍ത്തിയിലെ പിരിമുറുക്കങ്ങള്‍ കണക്കിലെടുത്ത് നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ചൈനയില്‍ പഠിക്കാനുള്ള പദ്ധതികള്‍ പുനഃപരിശോധിച്ച് ബദല്‍ അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്.ചൈനീസ് ഇറക്കുമതി വസ്തുക്കള്‍ ബഹിഷ്‌കരിക്കാനുള്ള പ്രചാരണം മുറുകിവരവേയാണ് ഇതുസംബന്ധിച്ച സൂചനകളും പുറത്തുവരുന്നത്.

കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, ഇന്ത്യയില്‍ നിന്നുള്ള 23,000 വിദ്യാര്‍ത്ഥികള്‍ ആണ് ചൈനയില്‍ ഉണ്ടായിരുന്നത്. ഭൂരിഭാഗവും  മെഡിസിന്‍, മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍. ചൈനയിലെ വിദേശ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നാലാമത്തെ വലിയ സംഘമാണ് ഇന്ത്യക്കാര്‍.മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലുമാണ് ചൈനയ്ക്കു പകരമായി ഇപ്പോള്‍ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കായുള്ള അന്വേഷണം മുറുകുന്നതെന്ന് ഇന്ത്യക്ക് പുറത്തുള്ള കോളേജുകള്‍ കണ്ടെത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന വിദ്യാഭ്യാസ സ്റ്റാര്‍ട്ടപ്പുകളായ കോളേജ്‌ദേഖോ, കോളിജിഫൈ, അഡ്മിറ്റാസ്, യോക്കറ്റ് എന്നിവയുടെ വക്താക്കള്‍ പറയുന്നു.

കോവിഡ് -19 കാരണം ഇതിനകം പലരും പദ്ധതികള്‍ മാറ്റിയിരുന്നു. ഇപ്പോള്‍ അതിര്‍ത്തിയിലെ പിരിമുറുക്കം തീരുമാനങ്ങളെ കൂടുതല്‍ സാരമായി ബാധിക്കുന്നുണ്ട്- യോക്കറ്റ് സഹസ്ഥാപകന്‍ സുമീത് ജെയിന്‍ പറഞ്ഞു. ചൈനയോടുള്ള വികാരങ്ങള്‍ നെഗറ്റീവ് ആണിപ്പോള്‍; വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മികച്ച ഓപ്ഷനുകള്‍ ഉണ്ട് - ജെയിന്‍ ചൂണ്ടിക്കാട്ടി.ഹോങ്കോങ്ങിനെയും കൈവിടാനാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു താല്‍പ്പര്യം.

യു എസ്, കാനഡ, ഓസ്ട്രേലിയ എന്നിവയാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായുള്ള വിദേശ രാജ്യങ്ങള്‍. ചൈന ആറാം സ്ഥാനത്താണെന്ന് മുംബൈ ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സിയായ അഡ്മിറ്റാസ് സ്ഥാപകന്‍ രാജീവ് ഗഞ്ചൂ പറഞ്ഞു. ചൈനയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 80-90% പേര്‍ മെഡിസിന്‍ ആണ് പഠിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ചൈനയ്ക്കു പ്രിയമുണ്ടായിരുന്നു. മുഴുവന്‍ കോഴ്സിനുമായി 25 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയുള്ള താങ്ങാനാകുന്ന ഫീസ് ആണ് പ്രധാന കാര്യം.

2018 ല്‍ ചൈനയിലെ 1,004 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 196 രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമായി 492,185 അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളാണ് പഠനം നടത്തിയത്. 23,198 വിദ്യാര്‍ത്ഥികളുമായി ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ദക്ഷിണ കൊറിയയില്‍ നിന്ന് 50,600 വിദ്യാര്‍ത്ഥികളും തായ്ലന്‍ഡില്‍ നിന്ന് 28,608 വിദ്യാര്‍ത്ഥികളും പാക്കിസ്ഥാനില്‍ നിന്ന് 28,023 വിദ്യാര്‍ത്ഥികളുമാണുണ്ടായിരുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com