

കോവിഡ് മഹാമാരിക്കു ശേഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് വര്‍ധിച്ചിരുന്നു. വലിയ തുക വായ്പയെടുത്ത് വിദേശത്ത് ഭാഗ്യം പരീക്ഷിക്കാന്‍ പോയവരില്‍ ചിലര്‍ രക്ഷപ്പെട്ടെങ്കിലും മറ്റ് ചിലര്‍ക്ക് തിരിച്ചടി നേരിടേണ്ടി വന്നു. വിദേശ വിദ്യാഭ്യാസം കൂടുതല്‍ ചെലവേറിയതും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതുമായി മാറുന്നതിന് 2025 സാക്ഷ്യം വഹിച്ചു. മലയാളികള്‍ അടക്കമുള്ളവരെ ആകര്‍ഷിച്ചിരുന്ന യുകെയും കാനഡയും അമേരിക്കയും വാതില്‍ കൊട്ടിയടയ്ക്കുന്നതിനാണ് കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചത്.
കേരളത്തില്‍ നിന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിദേശ പഠനത്തിന് പോയവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായി. വിദേശ രാജ്യങ്ങളില്‍ നിയന്ത്രണങ്ങള്‍ വര്‍ധിച്ചതാണ് പ്രധാന കാരണം. വിദേശ കോളജുകളിലെ കോഴ്‌സുകള്‍ പലതും നിലവാരമില്ലാത്തതാണെന്ന വര്‍ത്തകള്‍ പുറത്തുവന്നതും ജാഗ്രതയോടെ തീരുമാനമെടുക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചു.
2026ലും നിലവിലെ ട്രെന്റിന് വലിയ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. വിദേശ വിദ്യാഭ്യാസ ഏജന്‍സികളില്‍ പലതിനും രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. ചിലര്‍ ബ്രാഞ്ചുകള്‍ അടച്ചുപൂട്ടിയപ്പോള്‍ മറ്റ് ചിലത് വിദേശ ടൂറുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ വര്‍ഷം വിദേശ വിദ്യാഭ്യാസത്തിനായി വിദ്യാര്‍ത്ഥികള്‍ കൂടുതലായി തിരഞ്ഞെടുക്കുന്ന രാജ്യങ്ങളേതൊക്കെയെന്ന് നോക്കാം-
അനുകൂല കാലാവസ്ഥയും കൈപൊള്ളാത്ത ചെലവുകളും സമാധാന അന്തരീക്ഷവും ന്യൂസിലന്‍ഡിനെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ആകര്‍ഷണകേന്ദ്രമാക്കി മാറ്റുന്നു. 2022ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വെറും 1,600 ആയിരുന്നെങ്കില്‍ 2024ല്‍ ഇത് 7,000 ആയി വര്‍ധിച്ചു. കുറഞ്ഞ ജീവിതചെലവാണ് ന്യൂസിലന്‍ഡിന്റെ മറ്റൊരു പ്രത്യേകത. ഈ രാജ്യത്തേക്ക് പഠനത്തിനായി പോകുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷം ചെല്ലുന്തോറും വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൂടുതലായി ജര്‍മനിയിലേക്ക് എത്തി തുടങ്ങിയിട്ട് കുറച്ചു വര്‍ഷങ്ങളേ ആയുള്ളൂ. ഇപ്പോള്‍ യൂറോപ്പിലേക്കുള്ള മലയാളി വിദ്യാര്‍ത്ഥികളുടെ പ്രവാഹത്തില്‍ ഏറിയപങ്കും ജര്‍മനിയിലേക്കാണ്. തൊഴില്‍ സാധ്യതകള്‍ കൂടുതലാണെന്നതാണ് ഈ രാജ്യത്തെ ആകര്‍ഷകമാക്കുന്നത്. കുടിയേറ്റ നിയമങ്ങളും അത്രത്തോളം കടുപ്പിച്ചിട്ടില്ല. നിലവില്‍ 50,000ത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ജര്‍മനിയിലുണ്ട്.
2022ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ 6,400ന് അടുത്തായിരുന്നു ഫ്രാന്‍സില്‍. 2024ല്‍ ഇത് 8,500 ആയി വര്‍ധിച്ചു. 2030ല്‍ ഇത് 30,000 ആയി ഉയരുമെന്നാണ് സൂചന. യുകെ, കാനഡ ലക്ഷ്യമിട്ടിരുന്നവരുടെ ലക്ഷ്യകേന്ദ്രമായി ഫ്രാന്‍സ് മാറിയിട്ടുണ്ട്.
ഏഷ്യയില്‍ തന്നെ കുറഞ്ഞ ചെലവില്‍ പഠിക്കാനാഗ്രഹിക്കുന്നവരുടെ ഇഷ്ടകേന്ദ്രങ്ങള്‍ ദുബൈയും ജപ്പാനുമാണ്. ജപ്പാനിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്നവരുടെ എണ്ണം കഴിഞ്ഞ കുറച്ചു നാളുകളായി വര്‍ധിച്ചിട്ടുണ്ട്. ജപ്പാനില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അവിടെ മികച്ച തൊഴിലവസരങ്ങളുണ്ട്. ഇതാണ് പലരെയും അങ്ങോട്ടേക്ക് ആകര്‍ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine