
ആകാശ ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞ പ്രമുഖരുടെ പട്ടികയിൽ ഒടുവിലായി ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണി. അഹമ്മദാബാദിൽ വിമാനം തകർന്ന് മരിച്ച 241 പേരിൽ വിജയ് രൂപാണിയുമുണ്ടായിരുന്നു. ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും രാഷ്ട്രീയത്തിലും ഇതര മേഖലകളിലും തിളങ്ങി നിന്ന നിരവധി പ്രശസ്തര്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും തകര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടത്.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇളയമകന്‍ സഞ്ജയ് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയാണ് വിമാന അപകടത്തില്‍ മരിച്ചത്. 1980 ജൂണ്‍ 23 ന് ഡല്‍ഹി സഫ്ദര്‍ജംഗ് വിമാനത്താവളത്തിന് സമീപത്തായിരുന്നു അപകടം. സഞ്ജയ് ഗാന്ധി തന്നെയായിരുന്നു വിമാനം പറത്തിയിരുന്നത്.
കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മാധവറാവു സിന്ധ്യ യുപിയിലെ മെയിന്‍പുരിയില്‍ വിമാന അപകടത്തില്‍ മരിച്ചത് 2001 സെപ്തംബര്‍ 30 നായിരുന്നു. ചാര്‍ട്ടര്‍ ചെയ്ത സെന്ന വിമാനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനില്‍ തട്ടിയായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരിച്ചു.
കേന്ദ്ര ഖനി മന്ത്രിയായിരുന്നു മോഹന്‍ കുമാരമംഗലത്തിന്റെ മരണം 1973 മെയ് 30 ന് ഡല്‍ഹിയിലുണ്ടായ വിമാന അപകടത്തില്‍. ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം ഡല്‍ഹി പാലം വിമാനത്താവളത്തിനടുത്ത് തകര്‍ന്നപ്പോള്‍ മരിച്ചത് കുമാരമംഗലം ഉള്‍പ്പടെ 48 പേര്‍.
ഹിമാചല്‍ പ്രദേശില്‍ 1994 ജൂലൈ ഒമ്പതിന് വിമാനം തകര്‍ന്ന് മരിച്ചവരില്‍ അന്നത്തെ പഞ്ചാബ് ഗവര്‍ണറായിരുന്ന സുരേന്ദ്രനാഥും ഉണ്ടായിരുന്നു. ഹിമാചല്‍ പ്രദേശിന്റെ അധിക ചുമതല കൂടിയുണ്ടായിരുന്ന അദ്ദേഹം കുടംബത്തോടൊപ്പം 14 സീറ്റുള്ള ബീച്ച് ക്രാഫ്റ്റ് വിമാനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അദ്ദേഹത്തിന്റെ കുടുംബാഗംങ്ങളും മരിച്ചു.
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു ഡോര്‍ജി ഖണ്ഡുവിന്റെ മരണം 2021 ഏപ്രിലില്‍. അരുണാചല്‍-ചൈന അതിര്‍ത്തി മേഖലയില്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം തകര്‍ന്ന് വീഴുകയായിരുന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് മൃതദേഹങ്ങള്‍ ലഭിച്ചത്. അപകടത്തില്‍ മുഖ്യമന്ത്രി അടക്കം അഞ്ച് പേരാണ് മരിച്ചത്.
തെന്നിന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രശസ്തനായിരുന്ന ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മരണം 2009 സെപ്തംബര്‍ രണ്ടിന്. ആന്ധ്രയിലെ കുര്‍ണൂലിനടുത്ത് നല്ലമലയില്‍ അദ്ദേഹം സഞ്ചരിച്ച ചെറുവിമാനം തകര്‍ന്ന് വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.
തെലുങ്കുദേശം പാര്‍ട്ടി ലീഡറും ലോക്‌സഭാ സ്പീക്കറുമായിരുന്ന ജി.എം.സി. ബാലയോഗിയുടെ മരണവും ഇന്ത്യയെ ഞെട്ടിച്ചിരുന്നു. 2002 മാര്‍ച്ച് മൂന്നിന് കൃഷ്ണ ജില്ലയിലെ കൈക്കല്ലൂരില്‍ തടാകത്തിലേക്ക് സ്വകാര്യ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു.
രാജ്യത്തെ പ്രമുഖ വ്യവസായികളും ചലചിത്ര താരങ്ങളും വിമാനാപകടങ്ങളില്‍ മരിച്ചിരുന്നു. ഹരിയാന മന്ത്രിയും പ്രമുഖ വ്യവസായിയുമായിരുന്ന ഒ.പി ജിന്‍ഡാല്‍, പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ ഹോമി ബാബ, സൈനിക മേധാവി ജനറല്‍ ബിബിന്‍ റാവത്ത്, മലയാള ചലചിത്ര താരം ജയന്‍, തെന്നിന്ത്യന്‍ നടി സൗന്ദര്യ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ മരണം ആകാശ ദുരന്തങ്ങളിലായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine