Begin typing your search above and press return to search.
സ്വര്‍ണം വാങ്ങാന്‍ മലയാളി മുന്നില്‍! ഇന്ത്യന്‍ വീടുകളില്‍ യു.എസിനെയും റഷ്യയെയും മറികടക്കുന്ന സ്വര്‍ണ ശേഖരം
ഇന്ത്യക്കാര്‍ക്ക് സ്വര്‍ണമെന്നാല്‍ സമ്പത്തിന്റെ അടയാളമാണ്, പ്രത്യേകിച്ചും വനിതകള്‍ക്ക്. രാജ്യത്തെ വിവാഹം അടക്കമുള്ള ആഘോഷവേളകളില്‍ ഇത് പ്രകടമായി തന്നെ കാണാനും കഴിയും. എന്നാല്‍ ഇന്ത്യന്‍ വനിതകളുടെ കയ്യില്‍ ആഭരണ രൂപത്തിലുള്ള സ്വര്‍ണത്തിന്റെ അളവെത്രയാണെന്ന് അറിയാമോ? വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്ക് പ്രകാരം 24,000 ടണ്‍ സ്വര്‍ണം ഇന്ത്യന്‍ വനിതകള്‍ക്ക് സ്വന്തം. നിലവിലെ വിലയനുസരിച്ച് ഏതാണ്ട് 11 ലക്ഷം കോടി രൂപയിലധികം വിലയുണ്ടാകുമെന്നാണ് കണക്ക്. ലോകത്ത് ആഭരണ രൂപത്തിലുള്ള സ്വര്‍ണ ശേഖരത്തിന്റെ 11 ശതമാനം വരുമിത്. യു.എസും റഷ്യയും അടങ്ങുന്ന അഞ്ച് വമ്പന്‍ രാജ്യങ്ങളുടെ പക്കലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യന്‍ വനിതകളുടെ കയ്യിലുണ്ട്.
യു.എസ് 8,000 ടണ്ണും ജര്‍മനി 3,300 ടണ്ണും ഇറ്റലി 2,450 ടണ്ണും ഫ്രാന്‍സ് 2,400 ടണ്ണും റഷ്യ 1,900 ടണ്ണും സ്വര്‍ണമാണ് ഗോള്‍ഡ് റിസര്‍വായി സൂക്ഷിക്കുന്നത്. മൊത്തത്തില്‍ കൂട്ടിയാലും 18,050 ടണ്‍ മാത്രമേ ആകുന്നുള്ളൂ. അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്) പോലുള്ള സംഘടനകളുടെ സ്വര്‍ണ ശേഖരത്തെ കവച്ചു വക്കുന്ന രീതിയിലാണ് ഇന്ത്യന്‍ വനിതകളുടെ സ്വര്‍ണ സമ്പാദ്യം.
മുന്നില്‍ സൗത്ത് ഇന്ത്യക്കാര്‍, പ്രത്യേകിച്ചും മലയാളി
ഇന്ത്യന്‍ സ്വര്‍ണ ശേഖരത്തിന്റെ 40 ശതമാനവും സംഭാവന ചെയ്യുന്നത് തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ്. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്നതും ഉപയോഗിക്കുന്നതും മലയാളികളാണെന്നും വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റീജിയണല്‍ സി.ഇ.ഒ സച്ചിന്‍ ജെയിന്‍ ഇക്കഴിഞ്ഞ ജൂണില്‍ വ്യക്തമാക്കിയിരുന്നു. മലയാളിയുടെ വാര്‍ഷിക സ്വര്‍ണ ഉപയോഗം 200-225 ടണ്ണിന് മുകളിലാണ്. സ്വര്‍ണവും വെള്ളിയും വ്യാപാരം ചെയ്യുന്ന 15,000ലധികം സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നതിന് മുമ്പ്
2024ല്‍ മികച്ച റിട്ടേണ്‍ നല്‍കിയ നിക്ഷേപങ്ങളിലൊന്നായിരുന്നു സ്വര്‍ണം. യുദ്ധവും രാഷ്ട്രീയ മാറ്റങ്ങളും ലോകത്തിന്റെ പലയിടങ്ങളിലും പ്രതിസന്ധിയുണ്ടാക്കിയപ്പോള്‍ ആളുകള്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ കാണാന്‍ തുടങ്ങി. ഇതോടെ വില സര്‍വകാല റെക്കോഡും കടന്ന് കുതിച്ചു. സ്വര്‍ണ വിലയില്‍ 27 ശതമാനം വര്‍ധനയാണ് ഇക്കൊല്ലമുണ്ടായത്. 2025ലും സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് ജെ.പി മോര്‍ഗന്‍, ഗോള്‍ഡ്മാന്‍ സാച്ചസ്, സിറ്റി ഗ്രൂപ്പ് തുടങ്ങിയവരുടെ പ്രവചനം. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നിരക്കുകള്‍ 2025ലും കുറക്കുമെന്ന സൂചനകള്‍, ലോകത്തെ വിവിധയിടങ്ങളില്‍ നിലനില്‍ക്കുന്ന യുദ്ധസമാന സാഹചര്യം, കേന്ദ്രബാങ്കുകള്‍ കൂട്ടത്തോടെ സ്വര്‍ണം വാങ്ങിച്ചുകൂട്ടുന്നത് തുടങ്ങിയ ഘടകങ്ങള്‍ സ്വര്‍ണ വിലയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.
Next Story
Videos