ഓരോ മിനിറ്റിലും 194 ബിരിയാണി വീതം, രണ്ടാംസ്ഥാനത്ത് ബര്‍ഗര്‍; ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറുകളില്‍ രുചി വൈവിധ്യം

പുതുതലമുറ ഭക്ഷണങ്ങള്‍ ഇന്ത്യക്കാരുടെ തീന്‍മേശയില്‍ സ്ഥാനം പിടിച്ചെങ്കിലും ബിരിയാണിയുടെ തട്ട് താഴ്ന്നിരിക്കുമെന്ന സൂചനയാണ് റിപ്പോര്‍ട്ട് നല്കുന്നത്
Swiggy delivery
Published on

2025ലെ ഇന്ത്യക്കാരുടെ ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറുകളില്‍ മേധാവിത്വം ബിരിയാണിക്കും ബര്‍ഗറുകള്‍ക്കുമെന്ന് സ്വിഗ്ഗി വാര്‍ഷിക ട്രെന്റ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ഇന്ത്യക്കാരുടെ ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളും ഓണ്‍ലൈന്‍ ഓര്‍ഡറുകളിലെ ട്രെന്റുകളും അവതരിപ്പിക്കുന്ന How India Swiggy’d റിപ്പോര്‍ട്ടാണ് കമ്പനി പുറത്തിറക്കിയത്.

പുതുതലമുറ ഭക്ഷണങ്ങള്‍ ഇന്ത്യക്കാരുടെ തീന്‍മേശയില്‍ സ്ഥാനം പിടിച്ചെങ്കിലും ബിരിയാണിയുടെ തട്ട് താഴ്ന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ വര്‍ഷം ഡിസംബര്‍ ആദ്യം വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ 9.3 കോടി ബിരിയാണികളാണ് സ്വിഗ്ഗി പ്ലാറ്റ്‌ഫോം വഴി മാത്രം ഓര്‍ഡര്‍ ചെയ്യപ്പെട്ടത്.

ഓരോ മിനിറ്റിലും ശരാശരി 194 എണ്ണം അല്ലെങ്കില്‍ ഓരോ സെക്കന്‍ഡില്‍ 3.25 ബിരിയാണി വീതം വരുമിത്. ചിക്കന്‍ ബിരിയാണിക്കാണ് ഡിമാന്‍ഡ് കൂടുതല്‍. 5.7 കോടി ചിക്കന്‍ ബിരിയാണികളാണ് ഇക്കാലയളവില്‍ ഓര്‍ഡര്‍ ചെയ്യപ്പെട്ടത്. ഏറ്റവും കൂടുതല്‍ റീബുക്കിംഗ് നടന്നതും ചിക്കന്‍ ബിരിയാണിയിലാണ്.

ബര്‍ഗര്‍ രണ്ടാമന്‍

ബുക്കിംഗിന്റെ കാര്യത്തില്‍ രണ്ടാംസ്ഥാനത്ത് ബര്‍ഗര്‍ ആണ്. 4.4 കോടി ബര്‍ഗര്‍ ബുക്കിംഗാണ് ഇക്കാലയളവില്‍ നടന്നത്. മൂന്നാംസ്ഥാനത്ത് പിസയാണ്. നാല് കോടി പിസകളാണ് സ്വിഗ്ഗി 2025ല്‍ ഇതുവരെ വിതരണം ചെയ്തു. വെജ് ദോശയ്ക്കുള്ള ഡിമാന്‍ഡും കുറവായിരുന്നില്ല. 2.6 കോടി വെജ് ദോശ ഓര്‍ഡറുകള്‍ സ്വിഗ്ഗി ഈ വര്‍ഷം ഡിസംബര്‍ വരെ പൂര്‍ത്തിയാക്കി.

വൈകുന്നേരം മൂന്നു മുതല്‍ 7 വരെയുള്ള സമയങ്ങളിലാണ് കൂടുതല്‍ ബുക്കിംഗുകള്‍ വന്നിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ചിക്കന്‍ ബര്‍ഗറാണ് ഈ സമയം കൂടുതല്‍ ഡിമാന്‍ഡ് ഉണ്ടായത്. 63 ലക്ഷം ചിക്കന്‍ ബര്‍ഗറുകള്‍ ഈ സമയത്ത് വിതരണം ചെയ്തു. രണ്ടാംസ്ഥാനത്ത് വെജ് ബര്‍ഗറാണ്, 42 ലക്ഷം.

ഇന്ത്യക്കാരുടെ ആഘോഷവേളകളിലെ ഭക്ഷണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്. ഹൈദരാബാദില്‍ നിന്നുള്ള ഒരാള്‍ 47,106 രൂപയാണ് 65 ഡ്രൈഫ്രൂട്ട് ഗിഫ്റ്റ് പാക്കറ്റുകളുടെ ഒറ്റ ഓര്‍ഡറിനായി മുടക്കിയത്. മുംബൈയില്‍ നിന്നുള്ള ഒരു ഉപയോക്താവ് 3,196 ഓര്‍ഡറുകളാണ് 2025ല്‍ നടത്തിയത്. പ്രതിദിനം ഒന്‍പത് ഓര്‍ഡറുകളെന്ന കണക്കില്‍ വരുമിത്.

സ്വിഗ്ഗിയുടെ അതിവേഗ സര്‍വീസായ ബോള്‍ട്ട് ഡെലിവറി ഏറ്റവും കൂടുതല്‍ നടക്കുന്ന നഗരങ്ങളില്‍ കൊച്ചിയുമുണ്ട്. പട്ടികയില്‍ മുന്നില്‍ ബെംഗളൂരുവാണ്. പിന്നാലെ ഹൈദരാബാദും മുംബൈയും. വിശാഖപട്ടണം, കൊച്ചി എന്നീ നഗരങ്ങളാണ് തൊട്ടുപിന്നില്‍.

Swiggy's 2025 report reveals biryani tops India's online food orders, followed by burgers and pizza

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com