
ഇന്ത്യക്കാരുടെ തൊഴില്‍ സമയം കൂടുന്നതായും സ്വകാര്യ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ നേരം തികയുന്നില്ലെന്നും സര്‍വേ. ഉറക്കം, ഭക്ഷണം കഴിക്കല്‍, വ്യായാമം തുടങ്ങിയ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കുന്ന സമയം 2019നും 2024നും ഇടയില്‍ കുത്തനെ ഇടിഞ്ഞതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (എന്‍.എസ്.ഒ) നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ഇന്ത്യക്കാര്‍ 70 മണിക്കൂര്‍ ജോലി സമയത്തിലേക്ക് മാറണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്ന സാഹചര്യത്തിലാണ് എന്‍.എസ്.ഒയുടെ ടൈം യൂസ് സര്‍വേ (ടി.യു.എസ്) 2025 പുറത്തുവന്നതെന്നും ശ്രദ്ധേയം. ആളുകള്‍ എങ്ങനെയാണ് സമയം ചെലവഴിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു സര്‍വേയുടെ ലക്ഷ്യം.
2019ല്‍ ആറ് വയസിന് മുകളില്‍ പ്രായമുള്ള ഒരാള്‍ ദിവസവും ശരാശരി 726 മിനിറ്റുകളാണ് (12.1 മണിക്കൂര്‍) വ്യക്തിപരിപാലനത്തിനായി (Self Care) നീക്കിവച്ചിരുന്നത്. ഇത് 2024ലെത്തിയപ്പോള്‍ പ്രതിദിനം 708 മിനിറ്റുകളായി (11.8 മണിക്കൂര്‍) കുറഞ്ഞു. 2.5 ശതമാനത്തിന്റെ കുറവ്. പുരുഷന്മാരേക്കാള്‍ (710 മിനിറ്റ്) സ്ത്രീകളാണ് (706 മിനിറ്റ്) സ്വന്തം കാര്യത്തിനായി കുറഞ്ഞ സമയം ചെലവഴിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, ഇതേകാലയളവില്‍ വ്യക്തി പ്രതിദിനം തൊഴിലിനോ അനുബന്ധ ആവശ്യങ്ങള്‍ക്ക് വേണ്ടിയോ ചെലവഴിക്കുന്ന സമയം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ തുടരുന്നു. 2019ല്‍ 164 മിനിറ്റുണ്ടായിരുന്ന ശരാശരി പ്രതിദിന ജോലി സമയം 2024ലെത്തിയപ്പോള്‍ 180 മിനിറ്റായി വര്‍ധിച്ചു. സാംസ്‌കാരികം, വിനോദം, കായിക വിനോദങ്ങള്‍ എന്നിവയില്‍ ഏര്‍പ്പെടുന്ന സമയം 164 മിനിറ്റില്‍ നിന്നും 180 മിനിറ്റുകളായി കൂടിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
നഗര മേഖലയിലുള്ളവരേക്കാള്‍ ഗ്രാമീണ പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ കൂടുതല്‍ സമയം ലഭിക്കാറുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി. 2024ല്‍ ഗ്രാമീണര്‍ 711 മിനിറ്റുകള്‍ സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയപ്പോള്‍ നഗരവാസികള്‍ക്ക് ലഭിച്ചത് 701 മിനിറ്റുകളാണ്. എന്നാല്‍ രണ്ടിടങ്ങളിലും 2019 മുതലുള്ള കാലയളവില്‍ ജോലി സമയം വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിഫലം ലഭിക്കാത്ത ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്നവരില്‍ കൂടുതലും സ്ത്രീകളാണെന്നും സര്‍വേ പറയുന്നു. സ്ത്രീകള്‍ പ്രതിദിനം 289 മിനിറ്റുകള്‍ ഗാര്‍ഹിക ജോലികള്‍ ചെയ്യുമ്പോള്‍ 88 മിനിറ്റുകള്‍ മാത്രമാണ് പുരുഷന്മാര്‍ക്ക് ചെലവഴിക്കേണ്ടി വരുന്നത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് വേണ്ടിയുള്ള സേവനങ്ങളില്‍ ഏര്‍പ്പെടുന്നതിലും സ്ത്രീകള്‍ തന്നെയാണ് മുന്നില്‍. 140 മിനിറ്റുകളാണ് സ്ത്രീകള്‍ ശരാശരി കുടുംബാംഗങ്ങളുടെ പരിചരണത്തില്‍ ഏര്‍പ്പെടുന്നത്. പുരുഷന്മാര്‍ 74 മിനിറ്റുകള്‍ ഇതിന് വേണ്ടി ചെലവഴിക്കാറുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബാംഗങ്ങളുടെ പരിചരണം വനിതകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യത്തെ ആകെ സ്ത്രീകളില്‍ 20.7 ശതമാനം മാത്രമാണ് തൊഴില്‍ ചെയ്യുന്നത്. അതായത് അഞ്ചില്‍ നാല് വനിതകള്‍ക്കും ജോലിയില്ലെന്ന് സാരം. 60.8 ശതമാനം പുരുഷന്മാരും തൊഴിലെടുക്കുന്നവരാണെന്നും റിപ്പോര്‍ട്ട് തുടരുന്നു.
അതേസമയം, എല്ലാം ഡിജിറ്റല്‍ വത്കരിക്കപ്പെട്ടതോടെ ആളുകളുടെ ഉത്പാദന ക്ഷമത കുറഞ്ഞതാണ് ജോലി സമയം കൂടാന്‍ കാരണമെന്നും ചിലര്‍ വാദിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ തുടങ്ങിയവ ആളുകളുടെ ഉറക്കം നഷ്ടമാക്കുകയും ചെയ്തതായും ഇവര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine