

കോവിഡ് മഹാമാരിക്കാലത്താണ് ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം അതിന്റെ ഉച്ഛസ്ഥായിയില്‍ എത്തിയത്. പഴയ തലമുറയെയും പുതിയ തലമുറയെയും ഡിജിറ്റല്‍ ലോകത്തേക്ക് എത്തിക്കുന്നതില്‍ കോവിഡ് വലിയ പങ്കാണ് വഹിച്ചത്. ഡിജിറ്റല്‍ സേവനങ്ങള്‍ എല്ലായിടത്തും എത്തിയതും ടെലികോം കമ്പനികള്‍ സൗജന്യങ്ങള്‍ വാരിക്കോരി കൊടുത്തതും സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തിന് വേഗത പകര്‍ന്നു.
2024ല്‍ ഇന്ത്യക്കാരെല്ലാം കൂടി സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ച സമയം ഏകദേശം 1.1 ലക്ഷം കോടി മണിക്കൂര്‍ വരുമെന്നാണ് കണ്ടെത്തല്‍. ഇന്റര്‍നെറ്റ് സര്‍വത്രികമായതും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരക്ക് കുറഞ്ഞു നില്‍ക്കുന്നതും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നു.
ഇന്‍സ്റ്റാഗ്രാം മുതല്‍ നെറ്റ്ഫ്‌ളിക്‌സ് വരെയുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ കാഴ്ച്ചക്കാരുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലാണ്. ശരാശരി അഞ്ചു മണിക്കൂര്‍ ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് ഇ.വൈ പുറത്തുവിട്ട വാര്‍ഷിക വിനോദ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്കാര്‍ കൂടുതലും ഫോണില്‍ സമയം ചെലവഴിക്കുന്നതിലേറെയും സോഷ്യല്‍മീഡിയ. വീഡിയോ, ഗെയിമിംഗ് എന്നീ കാര്യങ്ങള്‍ക്കാണ്. വിപണിമൂല്യത്തിലും കാഴ്ച്ചക്കാരുടെ എണ്ണത്തിലും ഡിജിറ്റല്‍ ചാനലുകള്‍ ടെലിവിഷന്‍ ചാനലുകളെ മറികടക്കുന്നതിനും 2024 സാക്ഷ്യംവഹിച്ചു.
അതേസമയം, പ്രതിദിനം കൂടുതല്‍ നേരം മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നവരില്‍ ഇന്ത്യക്കാര്‍ മൂന്നാമതാണ്. ഇന്തോനേഷ്യയും ബ്രസീലുമാണ് ഇക്കാര്യത്തില്‍ ആദ്യ സ്ഥാനങ്ങളില്‍.
സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടിയതോടെ ചെറുതും വലുതുമായ കമ്പനികള്‍ തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്താന്‍ ഡിജിറ്റല്‍ പരസ്യരീതികളിലേക്ക് മാറുന്നതിനും 2024 സാക്ഷ്യം വഹിച്ചു. ബില്‍ബോര്‍ഡുകള്‍, ടിവി പരസ്യങ്ങള്‍, പത്രപരസ്യങ്ങള്‍ എന്നിവയെ അപേക്ഷിച്ച് ഡിജിറ്റല്‍ പരസ്യങ്ങളുടെ സ്വീകാര്യത വര്‍ധിക്കാനും ഇതു വഴിയൊരുക്കി.
Read DhanamOnline in English
Subscribe to Dhanam Magazine