
ഇസ്രയേല്‍-ഇറാന്‍ യുദ്ധം ഇന്ത്യയുടെ ബസ്മതി അരിയുടെ കയറ്റുമതിയെയും ബാധിക്കുന്നു. ഇന്ത്യന്‍ ബസ്മതി അരിയുടെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നാണ് ഇറാന്‍. യുദ്ധം തുടങ്ങിയതോടെ ഇറാനിലേക്കുള്ള കയറ്റുമതി തടസപ്പെട്ടതോടെ ആഭ്യന്തര വിപണിയില്‍ അരിവില 5 രൂപ വരെ കുറഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 10 ലക്ഷം ടണ്‍ അരിയാണ് ഇറാനിലേക്ക് കയറ്റിയയച്ചത്.
ഇന്ത്യന്‍ ബസ്മതി അരിയുടെ ഏറ്റവും വലിയ വിപണി സൗദി അറേബ്യയാണ്. തൊട്ടുപിന്നില്‍ ഇറാനും. മൊത്തം കയറ്റുമതിയുടെ 18-20 ശതമാനം വരും ഇറാനിലേക്ക്. യുദ്ധം ആരംഭിച്ച ശേഷം ഇന്ത്യന്‍ തുറമുഖങ്ങളില്‍ ഏകദേശം ഒരു ലക്ഷം ടണ്‍ ബസ്മതി അരി കെട്ടിക്കിടക്കുന്നുണ്ട്. ഗുജറാത്തിലെ കാണ്ട്‌ല, മുന്ദ്ര തുറമുഖങ്ങളിലാണ് അരി കൂടുതലായും കെട്ടിക്കിടക്കുന്നത്.
യുദ്ധംമൂലം ഇറാനിലേക്ക് കപ്പലുകള്‍ ലഭിക്കാത്ത അവസ്ഥയാണുള്ളത്. ഇറാനിലേക്കുള്ള യാത്രയ്ക്കിടെ ആക്രമണം ഉണ്ടായാല്‍ ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്നതാണ് കപ്പലുകള്‍ ലഭിക്കാത്തതിന് കാരണം. രാജ്യാന്തര സംഘര്‍ഷങ്ങള്‍ മൂലമുള്ള നഷ്ടങ്ങള്‍ സാധാരണ ഷിപ്പിംഗ് ഇന്‍ഷുറന്‍സിന്റെ പരിധിയില്‍ വരില്ല. അതിനാല്‍ റിസ്‌ക്കെടുക്കാന്‍ ഷിപ്പിംഗ് കമ്പനികള്‍ മടിക്കുന്നു.
ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ ബസ്മതി അരിയുടെ കയറ്റുമതി പണം ലഭിക്കാന്‍ വലിയ കാലതാമസം നേരിടുന്നുണ്ട്. അന്താരാഷ്ട്ര ഉപരോധങ്ങള്‍ മൂലമാണിത്. കപ്പല്‍ പ്രതിസന്ധി മാറി കയറ്റുമതി പുനരാരംഭിച്ചാലും ഇറാന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ പണം ലഭിക്കാന്‍ കൂടുതല്‍ കാലതാമസം നേരിട്ടേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.
2024-25 സാമ്പത്തികവര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്തത് 60 ലക്ഷം ടണ്‍ ബസ്മതി അരിയാണ്. സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, യു.എ.ഇ, യു.എസ്.എ എന്നിവയാണ് ഇന്ത്യന്‍ അരിയുടെ മുന്‍നിര ഇറക്കുമതിക്കാര്‍.
Read DhanamOnline in English
Subscribe to Dhanam Magazine