നേട്ടം അദാനിക്ക്; രാജ്യത്തെ ശതകോടീശ്വരന്മാരുടെ എണ്ണം കുറഞ്ഞു

2022 അവസാനിക്കുമ്പോള്‍ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണം 120 ആണ്. കഴിഞ്ഞ വര്‍ഷം ശതകോടീശ്വര പട്ടികയില്‍ 142 പേരാണ് ഉണ്ടായിരുന്നത്. 22 പേര്‍ക്കാണ് ഈ വര്‍ഷം ശതകോടീശ്വര സ്ഥാനം നഷ്ടമായത്. ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഒരു ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8,241 കോടി) ആസ്തിയുള്ളവരെയാണ് ശതകോടീശ്വരന്മാരായി പരിഗണിക്കുന്നത്.

ശതകോടീശ്വരന്മാരായ രാജ്യത്തെ പ്രൊമോട്ടര്‍മാരുടെ ആകെ ആസ്തിയിലും ഇക്കാലയളവില്‍ ഇടിവുണ്ടായി. 8.8 ശതമാനത്തോളം ഇടിവാണ് ആസ്തിയിലുണ്ടായത്. ഈ വര്‍ഷം ഡിസംബര്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 685 ബില്യണ്‍ ഡോളറാണ് (56.5 ട്രില്യണ്‍ രൂപ) ഇവരുടെ ആകെ ആസ്തി. മുന്‍വര്‍ഷം ഇത് 751.6 ബില്യണ്‍ ഡോളറായിരുന്നു.

പേടിഎമ്മിന്റെ വിജയ് ശേഖര്‍ ശര്‍മ (0.35 ബില്യണ്‍ ഡോളര്‍), ഓറിയന്റ് ഇലക്ട്രിക്കിന്റെ സികെ ബിര്‍ള (0.88 ബില്യണ്‍ ഡോളര്‍) ഉള്‍പ്പടെയുള്ള പ്രമുഖര്‍ ശതകോടീശ്വര പട്ടികയില്‍ നിന്ന് പുറത്തായി. വിജയ് ശേഖറിന്റെ ആസ്തിയില്‍ 65.5 ശതമാനം ഇടിവാണ് ഉണ്ടായത്. യു. ഉദയ് കുമാര്‍ റെഡ്ഡി (ടാന്‍ല പ്ലാറ്റ്‌ഫോംസ്), സുശീല്‍ ഷാ( മെട്രോപോളിസ് ഹെല്‍ത്ത്‌കെയര്‍), അശോക് കുമാര്‍ തോടി (ലക്‌സ് ഇന്‍ഡസ്ട്രീസ്), രവി ഗോയങ്ക (ലക്ഷ്മി ഓര്‍ഗാനിക് ഇന്‍ഡസ്ട്രീസ്), വെങ്കട്ട് വിശ്വനാഥന്‍ ( ലേറ്റന്റ് വ്യൂ അനലിറ്റിക്‌സ്) എന്നിവരാണ് പട്ടികയില്‍ നിന്ന് പുറത്തായ മറ്റ് പ്രമുഖര്‍.

നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി തന്നെയാണ്. ഈ വര്‍ഷമാണ് മുകേഷ് അംബാനിയെ മറികടന്ന് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായി അദാനി മാറിയത്. 135.7 ബില്യണ്‍ ഡോളറോളമാണ് അദാനിയുടെ ആസ്തി. മുന്‍വര്‍ഷം 80 ബില്യണ്‍ ഡോളറായിരുന്ന ആസ്തി ഉയര്‍ന്നത് 69.6 ശതമാനമാണ്. അദാനി ഗ്രൂപ്പിന് കീഴിലുള്ള കമ്പനികളുടെ ഓഹരി വില ഉയര്‍ന്നതാണ് നേട്ടമായത്.

അതേ സമയം അംബാനിയുടെ ആസ്തി 2.5 ശതമാനം ഇടിഞ്ഞ് 101.75 ബില്യണ്‍ ഡോളറിലെത്തി. രാജ്യത്തെ ശതകോടീശ്വകന്മാരില്‍ ആദ്യ അഞ്ചിലുള്ളവരില്‍ അദാനിയുടെ ആസ്തി മാത്രമാണ് ഉയര്‍ന്നത്. മൂന്നാം സ്ഥാനത്തുള്ള ഡിമാര്‍ട്ടിന്റെ രാധാകൃഷ്ണന്‍ ധമാനിയുടെ ആസ്തി 21 ശതമാനം ഇടിഞ്ഞ് 23.75 ബില്യണ്‍ ഡോളറിലെത്തി. 20.65 ബില്യണ്‍ ഡോളറാണ് ശിവ് നാടാറിന്റെ (എച്ച്‌സിഎല്‍) ആസ്തി. ശിവ് നാടാറിന്റെ ആസ്തി ഒരുവര്‍ഷം കൊണ്ട് 28 ശതമാനത്തോളം ആണ് ചുരുങ്ങിയത്. ഏഷ്യന്‍ പെയിന്റ്‌സ് പ്രൊമോട്ടര്‍മാരാണ് (അശ്വിന്‍ ദാനി, അമൃത, മനീഷ് ചോക്‌സി) അഞ്ചാമത്. 17.6 ശതമാനം ഇടിഞ്ഞ ഇവരുടെ ആസ്തി 18.72 ബില്യണ്‍ ഡോളറാണ്.

Related Articles
Next Story
Videos
Share it