ഇന്ത്യന്‍ ബ്രഹ്‌മാസ്ത്രത്തിനായി രാജ്യങ്ങളുടെ 'തള്ളിക്കയറ്റം', പ്രഹരശേഷി ലോകം കണ്ടറിഞ്ഞു, ആയുധ വ്യാപാരത്തില്‍ വമ്പന്മാരെ പിന്തള്ളാന്‍ രാജ്യം

290 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്താനും ബ്രഹ്‌മോസിന് സാധിക്കും. 3,430 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും ഈ മിസൈലിന് ശേഷിയുണ്ട്
brahmos missile
Published on

പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളിലേക്ക് ഇന്ത്യ നടത്തിയ മിസൈല്‍ വര്‍ഷം ആഗോളതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യന്‍ ആയുധങ്ങളുടെ പ്രഹരശേഷിയും പ്രതിരോധ ഉപകരണങ്ങളുടെ മികവും ലോകത്തിനു കാണിച്ചു കൊടുക്കാനും പാക്കിസ്ഥാനെതിരായ സൈനികനീക്കത്തിലൂടെ സാധിച്ചു.

ഇന്ത്യ-പാക് വെടിനിര്‍ത്തലിനു പിന്നാലെ ഇന്ത്യന്‍ ആയുധങ്ങള്‍ക്കായി വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് അന്വേഷണം വരുന്നുവെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. ഇക്കൂട്ടത്തില്‍ ആവശ്യക്കാര്‍ ഏറെയുള്ളത് ബ്രഹ്‌മോസ് മിസൈലിനാണ്.

റഷ്യയുമായി സഹകരിച്ചാണ് ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ വികസിപ്പിച്ചത്. ഡി.ആര്‍.ഡി.ഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്‌ട്രോയെനിയയും (NPO Mashinostroyenia-NPOM) ചേര്‍ന്നുള്ള സംയുക്ത സംരംഭമാണിത്.

ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്‌മോസ് ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളില്‍ പാക്കിസ്ഥാനിലെ വിവിധ ഭീകരവാദി ക്യാംപുകള്‍ തകര്‍ന്നിരുന്നു. കൃത്യതയും പ്രഹരശേഷിയുമാണ് ബ്രഹ്‌മോസിന്റെ കരുത്ത്.

കൃത്യത, വേഗത കരുത്ത്

കരയിലും കടലിലും ആകാശത്തു നിന്നും ഒരുപോലെ ശത്രുരാജ്യത്തിനു മേല്‍ വര്‍ഷിക്കാന്‍ സാധിക്കുന്നതാണ് ബ്രഹ്‌മോസ് മിസൈല്‍. ഒരു തവണ ലക്ഷ്യസ്ഥാനം സെറ്റ് ചെയ്താല്‍ പിന്നീട് ഒരു തരത്തിലുള്ള ക്രമീകരണങ്ങളും നടത്തേണ്ടതില്ല. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഏതു കാലാവസ്ഥയിലും ഈ മിസൈല്‍ തൊടുക്കാനാകും.

290 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യമായി ആക്രമണം നടത്താനും ബ്രഹ്‌മോസിന് സാധിക്കും. 3,430 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനും ഈ മിസൈലിന് ശേഷിയുണ്ട്. ബ്രഹ്‌മോസ് മിസൈല്‍ കയറ്റുമതി വിപുലപ്പെടുത്താനായി ഇന്ത്യ സംയോജന പരീക്ഷണ സൗകര്യങ്ങള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്.

ഉത്തര്‍പ്രദേശില്‍ പ്രതിരോധ ഇടനാഴിയുടെ ഭാഗമായി പുതിയ റിസര്‍ച്ച് കേന്ദ്രം തുടങ്ങിയിട്ടുണ്ട്. ലക്‌നൗ, കാണ്‍പൂര്‍, അലിഗഡ്, ആഗ്ര, ജാന്‍സി, ചിത്രകൂട് എന്നിവിടങ്ങളിലാണ് പുതിയ ബ്രഹ്‌മോസ് അനുബന്ധ യൂണിറ്റ് തുടങ്ങിയത്. ലക്‌നൗവിലെ ടെസ്റ്റിംഗ് സെന്ററില്‍ പ്രതിവര്‍ഷം 80 മുതല്‍ 100 സൂപ്പര്‍സോണിക് ബ്രഹ്‌മോസ് നിര്‍മിക്കാനുള്ള ശേഷിയുണ്ട്.

ലോകരാജ്യങ്ങള്‍ ക്യൂവിലാണ്

2001ലാണ് ബ്രഹ്‌മോസ് മിസൈലിന്റെ ആദ്യഘട്ട പരീക്ഷണം നടക്കുന്നത്. പിന്നീട് പലതലങ്ങളിലായി നടന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇത്രയും പ്രഹരശേഷിയുള്ള തലത്തിലേക്ക് വളര്‍ന്നത്. ഫിലിപ്പൈന്‍സാണ് ആദ്യമായി ഇന്ത്യയില്‍ നിന്ന് ബ്രഹ്‌മോസ് മിസൈല്‍ വാങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 375 മില്യണ്‍ ഡോളറിന്റെ ഇടപാടില്‍ ആദ്യ ബാച്ച് ഇന്ത്യ കൈമാറിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ബ്രഹ്‌മോസിനായി വിവിധ ലോകരാജ്യങ്ങള്‍ ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

ഇന്തോനേഷ്യ, ഒമാന്‍ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയും ബ്രഹ്‌മോസിനായി സമീപിച്ചിട്ടുണ്ടെന്ന് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (Defence Research and Development Organisation-DRDO) ചെയര്‍പേഴ്‌സണ്‍ സമീര്‍ വി കമ്മത്ത് വെളിപ്പെടുത്തി. സൈന്യത്തിനും നാവികസേനയ്ക്കുമായി വിയറ്റ്‌നാം 700 മില്യണ്‍ ഡോളര്‍ ഇടപാടിനായി മുന്നോട്ടു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പൂര്‍, ബ്രൂണൈ, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും താല്പര്യം അറിയിച്ചിട്ടുണ്ട്. ബ്രസീല്‍, ചിലി, അര്‍ജന്റീന, വെനസ്വേല തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഇന്ത്യന്‍ ആയുധങ്ങള്‍ വാങ്ങാനായി രംഗത്തുണ്ട്. ആയുധങ്ങള്‍ വാങ്ങിയിരുന്ന രാജ്യത്തില്‍ നിന്ന് ആയുധ കയറ്റുമതിക്കാരിലേക്ക് വളരാന്‍ ഇന്ത്യയ്ക്ക് സാധിച്ചുവെന്നതിന്റെ തെളിവായി ഇതിനെ കാണാം.

India's BrahMos missile garners global attention, marking a major stride in defense exports

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com