

ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് കയറ്റുമതിയില്‍ 2025-26 സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വലിയ വളര്‍ച്ച. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇലക്‌ട്രോണിക്‌സ് കയറ്റുമതി 47 ശതമാനം വര്‍ധിച്ച് 12.41 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്ന് വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
യു.എസ്, ചൈന, യു.എ.ഇ എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യന്‍ കയറ്റുമതിയുടെ ഭൂരിഭാഗവും. മൊത്തം കയറ്റുമതിയുടെ 60.17 ശതമാനം യു.എസിലേക്കാണ്. യു.എ.ഇ (8.09 ശതമാനം), ചൈന (3.88 ശതമാനം) എന്നീ രാജ്യങ്ങള്‍ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്. നെതര്‍ലന്‍ഡ്‌സ് (2.68 ശതമാനം), ജര്‍മനി (2.09 ശതമാനം) എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വര്‍ധിച്ചത് ഇന്ത്യന്‍ ഇലക്‌ട്രോണിക്‌സ് നിര്‍മാണമേഖലയുടെ വളര്‍ച്ചയുടെ തെളിവായി വിലയിരുത്തുന്നു.
ചൈനയ്ക്ക് ബദലായി നിര്‍മാണ ഹബ്ബായി വളരാനുള്ള ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ക്ക് ആവേശം പകരുന്നതാണ് കണക്കുകള്‍. കൂടുതല്‍ ആഗോള കമ്പനികള്‍ ഇന്ത്യയില്‍ പ്ലാന്റ് തുടങ്ങാനുള്ള താല്പര്യവുമായി രംഗത്തു വരുന്നുണ്ട്. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇത്തരം കമ്പനികളുടെ വരവ് ഗുണം ചെയ്യും.
ഇന്ത്യയുടെ റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് കയറ്റുമതിയിലും യു.എസ് തന്നെയാണ് വലിയ വാങ്ങലുകാര്‍. 34.11 ശതമാനമാണ് യു.എസ് വിഹിതം. യു.കെ (8.81), യു.എ.ഇ (7.85), ജര്‍മനി (5.51), സ്‌പെയിന്‍ (5.29) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി.
ഏപ്രില്‍-ജൂണ്‍ പാദത്തില്‍ കയറ്റുമതി 4.19 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷം സമാനപാദത്തില്‍ ഇത് 3.85 ബില്യണ്‍ ഡോളറായിരുന്നു. ബംഗ്ലാദേശില്‍ ഗാര്‍മെന്റ്‌സ് മേഖലയുടെ തകര്‍ച്ച ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ധാക്കയിലേക്ക് പോയിരുന്ന യൂറോപ്യന്‍ ഓര്‍ഡറുകള്‍ കൂടുതലായി ഇന്ത്യന്‍ കമ്പനികള്‍ക്ക് ലഭിക്കുന്നുണ്ട്. വരും മാസങ്ങളില്‍ കൂടുതല്‍ നിക്ഷേപം ഗാര്‍മെന്റ്‌സ് മേഖലയ്ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ് സെക്ടര്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 10.03 ശതമാനം വളര്‍ച്ച നേടിയിരുന്നു. മുന്‍വര്‍ഷത്തെ 14.53 ബില്യണ്‍ ഡോളറില്‍ നിന്ന് 15.99 ബില്യണ്‍ ഡോളറിലേക്കാണ് വളര്‍ച്ച.
യു.എസിലേക്കുള്ള കയറ്റുമതിയില്‍ കര്‍ശന പരിശോധന നിലനില്‍ക്കുമ്പോഴും സമുദ്രോത്പന്ന കയറ്റുമതി ജൂണ്‍ പാദത്തില്‍ 19.45 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 1.95 ബില്യണ്‍ ഡോളറാണ് ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതി വരുമാനം.
ഇന്ത്യയുടെ സമുദ്രോത്പന്നങ്ങളുടെ പ്രധാന വിപണി ഇപ്പോഴും യു.എസ് തന്നെയാണ്. മൊത്തം കയറ്റുമതിയുടെ 37.63 ശതമാനം വരും യു.എസിലേക്കുള്ളത്. ചൈനയാണ് തൊട്ടുപിന്നില്‍. 17.26 ശതമാനമാണ് ബീജിംഗിലേക്കുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി. വിയറ്റ്‌നാം (6.63), ജപ്പാന്‍ (4.47), ബെല്‍ജിയം (3.57) എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
Read DhanamOnline in English
Subscribe to Dhanam Magazine