നരച്ചവര്‍ക്ക് ഭൂരിപക്ഷം! ഇന്ത്യ ഇനി 'സീനിയര്‍ സിറ്റിസണ്‍സ് കണ്‍ട്രി'യാകുമോ? മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

ജനസംഖ്യാ സ്ഥിരത നിലനിര്‍ത്താനുള്ള പരിധിക്ക് താഴേക്ക് (1.9) രാജ്യത്തെ ഫെര്‍ട്ടിലിറ്റി നിരക്ക് ഇടിഞ്ഞു; കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ആശാങ്കാനിലയില്‍
prime minister Narendra Modi and Space X Founder Elon Musk
FACEBOOK/ Narendra Modi
Published on

ആഗോളതലത്തില്‍ ജനസംഖ്യാ ഇടിവ് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കുന്ന ശതകോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക് ഒടുവില്‍ ഇന്ത്യയിലെ ഡെമോഗ്രാഫിക് മാറ്റങ്ങളിലും ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. രാജ്യത്തെ മൊത്തം പ്രൊഡക്റ്റിവിറ്റി നിരക്ക് അഥവാ ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ് (TFR) ചരിത്രത്തിലാദ്യമായി ജനസംഖ്യാ സ്ഥിരത നിലനിര്‍ത്താന്‍ ആവശ്യമായ പരിധിക്കും താഴേക്ക് പോയതാണ് മസ്‌കിന്റെ ശ്രദ്ധ കവര്‍ന്നത്.

'ഇന്ത്യയിലെ ജനനനിരക്ക് റീപ്ലേസ്‌മെന്റ് ലെവലിനും താഴെയെത്തി. പ്രത്യേകിച്ച് ഉയര്‍ന്ന വിദ്യാഭ്യാസം നേടിയവര്‍ക്കിടയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ ഇടിവ് ദൃശ്യമായിരുന്നു,' എന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. 'ദി ഇക്കണോമിസ്റ്റ്' മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഗ്രാഫ് പങ്കുവെച്ചായിരുന്നു മസ്‌കിന്റെ പ്രതികരണം.

അതേസമയം, ജനസംഖ്യ ശക്തി നല്‍കുമ്പോള്‍, ഉത്പാദനക്ഷമതയാണ് സമൃദ്ധി നല്‍കുന്നതെന്നും. ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങളുള്ള രാജ്യങ്ങള്‍ക്കല്ല ഇനി ഭാവി, മറിച്ച് ജനങ്ങളുടെ പൂര്‍ണ്ണമായ കഴിവുകളെയും സാധ്യതകളെയും പുറത്തെടുക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ക്കാണ് ഭാവി സ്വന്തമാകുക എന്നുമാണ് എലോണ്‍ മസ്‌കിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് പ്രമുഖ ഓഹരി നിക്ഷേപകനായ വിജയ് കേഡിയ കുറിച്ചത്.

എന്താണ് റീപ്ലേസ്‌മെന്റ് ലെവല്‍?

ഒരു രാജ്യം നിലവിലുള്ള ജനസംഖ്യാ നിരക്ക് അതേപടി നിലനിര്‍ത്തണമെങ്കില്‍ (ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയിലേക്ക് ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടാകാതിരിക്കാന്‍) ഫെര്‍ട്ടിലിറ്റി നിരക്ക് 2.1 ആയിരിക്കണം. അതായത് ശരാശരി ഒരു സ്ത്രീക്ക് 2.1 കുട്ടികള്‍ എന്ന തോതില്‍ ജനനം നടക്കണം. ഇതിനെയാണ് റീപ്ലേസ്‌മെന്റ് ലെവല്‍ ഫെര്‍ട്ടിലിറ്റി എന്ന് വിളിക്കുന്നത്. ഈ നിരക്ക് 2.1-ന് താഴേക്ക് പോകുമ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് മന്ദഗതിയിലാവുകയും പിന്നീട് ജനസംഖ്യ കുറയാന്‍ തുടങ്ങുകയും ചെയ്യും.

പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ ലേറ്റസ്റ്റ് സാമ്പിള്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം (SRS) റിപ്പോര്‍ട്ടും ഐക്യരാഷ്ട്രസഭയുടെ പോപ്പുലേഷന്‍ ഫണ്ടിന്റെ (UNFPA) വേള്‍ഡ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടും പ്രകാരം ഇന്ത്യയുടെ മൊത്തം ഫെര്‍ട്ടിലിറ്റി നിരക്ക് ഇപ്പോള്‍ 1.9 ആണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 2.3-ല്‍ നിന്നാണ് നിരക്ക് 1.9 ലേക്ക് കുത്തനെ ഇടിഞ്ഞത്. നിലവില്‍ 146 കോടിയിലധികം ജനസംഖ്യയുമായി ഇന്ത്യ ലോകത്ത് ഒന്നാമതാണെങ്കിലും, പുതിയ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത് രാജ്യം പുതിയൊരു ഡെമോഗ്രാഫിക് ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ്. ചെറിയ കുടുംബങ്ങളോടുള്ള ആഭിമുഖ്യമാണ് ഇതിന് പ്രധാന കാരണം.

ദേശീയ തലസ്ഥാനമായ ഡല്‍ഹിയിലാണ് രാജ്യത്ത് ഏറ്റവും കുറഞ്ഞ ഫെര്‍ട്ടിലിറ്റി നിരക്ക് രേഖപ്പെടുത്തിയത്; വെറും 1.2. ഇത് ഫിന്‍ലന്‍ഡ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറവാണ്. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ 6 സംസ്ഥാനങ്ങള്‍ മാത്രമാണ് നിലവില്‍ 2.1 എന്ന പരിധിക്ക് മുകളിലുള്ളത്.

കേരളവും ആശാങ്കാനിലയില്‍

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഫെര്‍ട്ടിലിറ്റി നിരക്കില്‍ റീപ്ലേസ്‌മെന്റ് ലെവലിനും താഴെയെത്തിയവയാണ്. കേരളത്തില്‍ മികച്ച വിദ്യാഭ്യാസവും ഉയര്‍ന്ന ആരോഗ്യ-സാമൂഹിക സൂചികകളും സ്ത്രീ ശാക്തീകരണവും കാരണം പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ജനനനിരക്ക് നിയന്ത്രണവിധേയമായിരുന്നു.

നിലവില്‍ കേരളത്തിലെ ഫെര്‍ട്ടിലിറ്റി നിരക്ക് 1.7 മുതല്‍ 1.8 വരെയുള്ള പരിധിയിലാണ് തുടരുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനനനിരക്ക് കുറയുന്നത് ഭാവിയില്‍ പ്രായമായവരുടെ എണ്ണം (Aging Population) വര്‍ധിക്കുന്നതിനും തൊഴില്‍ സേനയുടെ കുറവിനും കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.

വിദ്യാഭ്യാസവും കുട്ടികളുടെ 'ക്വാളിറ്റിയും'

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ജനനനിരക്ക് കുറയാന്‍ പ്രധാന കാരണം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റമാണ്. വിദ്യാഭ്യാസം നേടുന്നതോടെ സ്ത്രീകള്‍ വൈകി വിവാഹം കഴിക്കാനും കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനും സ്വയം തീരുമാനമെടുക്കാനും തുടങ്ങി.

മാത്രമല്ല, ഇന്നത്തെ മാതാപിതാക്കള്‍ 'ക്വാണ്ടിറ്റിക്ക്' (കുട്ടികളുടെ എണ്ണം) പകരം 'ക്വാളിറ്റിക്ക്' (കുട്ടികളുടെ ഭാവി) പ്രാധാന്യം നല്‍കുന്നു. ഒരു കുട്ടിയായാലും മികച്ച വിദ്യാഭ്യാസം, പ്രൈവറ്റ് ട്യൂഷന്‍, മികച്ച ജീവിതസാഹചര്യം എന്നിവ ഉറപ്പാക്കാന്‍ ഭീമമായ തുക ചിലവാക്കേണ്ടി വരുന്നത് കൊണ്ട് പലരും ഒന്നോ രണ്ടോ കുട്ടികളില്‍ ജീവിതം ഒതുക്കുകയാണ്. ഇന്ത്യയിലെ ഫീസീടാക്കുന്ന സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 2015-ലെ 31.7 ശതമാനത്തില്‍ നിന്ന് 2025 ആയപ്പോഴേക്കും 38.8 ശതമാനമായി വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. ബിഹാറിലും ഉത്തര്‍പ്രദേശിലും പോലും മികച്ച ട്യൂഷനും വിദ്യാഭ്യാസവും ഉറപ്പാക്കാന്‍ കുടുംബങ്ങള്‍ കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതായാണ് സര്‍വേകള്‍ വ്യക്തമാക്കുന്നത്.

സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

ഇന്ത്യക്ക് നിലവില്‍ അനുകൂലമായ 'ഡെമോഗ്രാഫിക് ഡിവിഡന്റ്' (യുവജനങ്ങളുടെ വലിയ പങ്കാളിത്തം) ഉണ്ട്. ഇത് കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ ഊര്‍ജ്ജം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫെര്‍ട്ടിലിറ്റി നിരക്ക് 1.9 ലേക്ക് ഇടിഞ്ഞതോടെ, വരും പതിറ്റാണ്ടുകളില്‍ ഇന്ത്യയുടെ ജനസംഖ്യാ വളര്‍ച്ചാ തോത് കുറയും. ജനസംഖ്യ ഏകദേശം 170 കോടിയില്‍ എത്തി ഉച്ചസ്ഥായിയിലെത്തിയ ശേഷം പിന്നീട് താഴേക്ക് പോകുമെന്നാണ് യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇത് ഭാവിയില്‍ തൊഴില്‍ ശക്തി കുറയുന്നതിനും സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് മേല്‍ (പെന്‍ഷന്‍, ആരോഗ്യം) വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനും കാരണമായേക്കാം.

Tech billionaire Elon Musk raises concerns over India's declining birth rate as official data reveals the country’s total fertility rate has dropped below the critical population replacement benchmark of 2.1 to 1.9.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com