ബുള്ളറ്റ് ട്രെയിന്‍ രണ്ട് വര്‍ഷത്തിനുള്ളില്‍; സുപ്രധാന പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ രണ്ട് വര്‍ഷത്തിനുള്ളിലെത്തുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 2026 മുതല്‍ ട്രെയിന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമെന്നും ഗുജറാത്തിലാകും ആദ്യ സര്‍വീസെന്നും അദ്ദേഹം വ്യക്തമാക്കി. സൂറത്ത് മുതല്‍ ബിലിമോറ വരെയായിരിക്കും സര്‍വീസ്. വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വെച്ചായിരുന്നു പുത്തന്‍ പദ്ധതിയെക്കുറിച്ചുള്ള പ്രഖ്യാപനം.

ജനുവരി എട്ടിനാണ് ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കുന്ന ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, നാഗര്‍ ഹവേലി എന്നീ സ്ഥലങ്ങളിലെ സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രാലയം അറിയിച്ചത്. 270 കിലോമീറ്റര്‍ നീളമുള്ള വയര്‍ ഡക്റ്റ് വിജയകരമായി സ്ഥാപിച്ചതായാണ് അറിയിപ്പ്. ഷെഡ്യൂള്‍ അനുസരിച്ച് മറ്റു പണികള്‍ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

മുംബൈ-താനെ കടലിനടിയിലെ തുരങ്കം പണിയും ആരംഭിച്ചു. പാതയിലെ എട്ട് നദികള്‍ക്ക് മുകളിലൂടെയുള്ള പാലങ്ങളുടെ നിര്‍മാണം അതിവേഗം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (എന്‍.എച്ച്.എസ്.ആർ.സി.എൽ) നേതൃത്വത്തിലുള്ള മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇടനാഴി 1.08 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ്. 2017 സെപ്റ്റംബറിലാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.

കേന്ദ്ര സര്‍ക്കാരിന്റെ 10,000 കോടി രൂപയും ഗുജറാത്ത്, മഹാരാഷ്ട്ര സര്‍ക്കാരുകളില്‍ നിന്ന് 5,000 കോടി രൂപ വീതവുമാണ് പദ്ധതി ചെലവിനായി വകയിരുത്തിയിട്ടുള്ളത്. ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍ (JICA) നിന്ന് ബാക്കി തുക വായ്പയായി സ്വീകരിക്കും. രണ്ട് മണിക്കൂര്‍ കൊണ്ട് 500 കിലോമീറ്ററിലധികം ദൂരം പിന്നിടാനാണ് ബുള്ളറ്റ് ട്രെയിനിലൂടെ ലക്ഷ്യമിടുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it