

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലെ പ്രധാന ഘടകമായ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജി.ഡി.പി) കുത്തനെ ഇടിഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിലെ ജൂലൈ-സെപ്തംബര്‍ പാദ കണക്കനുസരിച്ച് ജി.ഡി.പി വളര്‍ച്ചാ നിരക്ക് 5.4 ശതമാനമായാണ് കുറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 8.1 ശതമാനം ആയിരുന്നു. 44.10 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ ജി.ഡി.പി മൂല്യം. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ ഇത് 41.85 ലക്ഷം കോടിയായിരുന്നു. ഏപ്രില്‍-ഒക്ടോബര്‍ ധനക്കമ്മി 2024-25 വര്‍ഷത്തെ ലക്ഷ്യത്തിന്റെ 46.5 ശതമാനമാണ് ഇപ്പോള്‍. ജി.ഡി.പി വളര്‍ച്ചയിൽ ഇത്രയേറെ കുറവ് സംഭവിക്കുന്നത് 21 മാസത്തെ (ഏഴ് പാദങ്ങള്‍) ഇടവേളക്ക് ശേഷമാണ്. 2022-23 വര്‍ഷത്തിലെ ഡിസംബര്‍ പാദത്തില്‍ 4.3 ശതമാനമായിരുന്നു നിരക്ക്. കഴിഞ്ഞ വര്‍ഷം 7.7 ശതമാനമുണ്ടായിരുന്ന റിയല്‍ ഗ്രോസ് വാല്യു (ജി.വി.എ) 5.6 ശതമാനത്തിലേക്കും താഴ്ന്നതായി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ പുതിയ കണക്കില്‍ പറയുന്നു.
കഴിഞ്ഞ പാദത്തില്‍ ജി.ഡി.പി വളര്‍ച്ച ഏഴു ശതമാനമുണ്ടാകുമെന്നായിരുന്നു റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളുടെ വിലയിരുത്തല്‍. എന്നാല്‍ നഗരങ്ങളിലെ ജനങ്ങളുടെ ചിലവഴിക്കല്‍ നിരക്കിലുണ്ടായ ഇടിവ് ജി.ഡി.പി വളര്‍ച്ച കുറയാന്‍ കാരണമായി. ജനങ്ങളുടെ സാമ്പത്തിക ഞെരുക്കം തന്നെയാണ് ചിലവഴിക്കല്‍ നിരക്കില്‍ കുറവുണ്ടാക്കിയത്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം കൂടിയത് ആശങ്കയോടെയാണ് കാണുന്നതെന്ന് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
മാനുഫാക്ചറിംഗ് മേഖലയിലെ വളര്‍ച്ച മന്ദഗതിയിലാണ്. 2.2 ശതമാനം. മുന്‍ വര്‍ഷങ്ങളില്‍ 14.5 ശതമാനം വരെ വളര്‍ച്ച കാണിച്ച മേഖലയാണിത്. മൈനിംഗ് മേഖല രേഖപ്പെടുത്തിയത് 0.1 ശതമാനം വളര്‍ച്ച. മുന്‍ വര്‍ഷത്തെ 11.1 ശതമാനത്തെ അപേക്ഷിച്ച് വന്‍ ഇടിവ്. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ ഏതാനും പാദങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട ഉല്‍പാദന വളര്‍ച്ചയാണുണ്ടായത്. 3.5 ശതമാനം. കഴിഞ്ഞ വര്‍ഷത്തെ 1.7 ശതമാനത്തില്‍ നിന്ന് മെച്ചപ്പെട്ട വളര്‍ച്ചയാണ് കാര്‍ഷിക മേഖല നേടിയത്. സേവന മേഖലയിലെ 7.1 ശതമാനത്തിന്റെയും ഹോട്ടല്‍, ട്രാസ്‌പോര്‍ട്ട് വിഭാഗത്തിൽ ആറ് ശതമാനത്തിന്റെ വളര്‍ച്ചയാണ് ആശ്വാസമാകുന്നത്. റിയല്‍ എസ്റ്റേറ്റ്, ഫിനാന്‍സ്, പ്രൊഫഷണല്‍ സര്‍വീസ് മേഖലകളില്‍ മുന്‍ വര്‍ഷത്തെ 6.2 ശതമാനത്തിന്റെ വളര്‍ച്ചയുടെ സ്ഥാനത്ത് 6.7 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായി. വൈദ്യുതി, ഗ്യാസ്, വെള്ളം തുടങ്ങിയ മേഖലകളില്‍ 10.5 ശതമാനത്തിന്റെ സ്ഥാനത്ത് ഇത്തവണ 3.3 ശതമാനം വളര്‍ച്ചയാണുണ്ടായത്.
സര്‍ക്കാരിന്റെ വരവും ചിലവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതിന്റെ സൂചനകളാണ് പുതിയ കണക്കുകളിലുള്ളത്. ബജറ്റിലെ കണക്കുകളെ അപേക്ഷിച്ച് 46.5 ശതമാനം കമ്മിയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 45 ശതമാനമായിരുന്നു. ജി.ഡി.പി വളര്‍ച്ചാ നിരക്ക് കുറയുമ്പോഴും ലോകത്ത് വളര്‍ച്ചാ നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ട്. ചൈനയുടെ സെപ്തംബര്‍ പാദത്തിലെ വളര്‍ച്ചാ നിരക്ക് 4.6 ശതമാനമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine