റഷ്യന്‍ എണ്ണയോട് ഇനിയില്ല ഇന്ത്യന്‍ താല്പര്യം? വേറെ വഴി നോക്കാന്‍ മോദി സര്‍ക്കാര്‍ നീക്കം

റഷ്യന്‍ എണ്ണയുടെ വാങ്ങലില്‍ നിന്ന് ഇന്ത്യ പതിയെ പിന്‍വാങ്ങുന്നുവെന്ന് സൂചന. നവംബറിലെ ഇറക്കുമതി കണക്കില്‍ വലിയ കുറവാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നത്. 2022ല്‍ ഉക്രെയ്‌നുമായി യുദ്ധം ആരംഭിച്ചതു മുതല്‍ റഷ്യന്‍ എണ്ണ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഒഴുകുകയായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ഇന്ത്യയ്ക്ക് ഡിസ്‌കൗണ്ടില്‍ എണ്ണ വിറ്റാണ് റഷ്യ പിടിച്ചുനിന്നത്.
യുദ്ധത്തിന്റെ തുടക്കത്തില്‍ നല്‍കിയിരുന്ന ഡിസ്‌കൗണ്ട് കുറച്ചു വരികയാണ് റഷ്യ. ഡിസ്‌കൗണ്ടില്ലാതെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് അത്ര നേട്ടമല്ലാത്തതിനാല്‍ മറ്റ് സാധ്യതകള്‍ തേടുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ബാരലിന് 10 മുതല്‍ 20 ശതമാനം വരെ കിഴിവിലായിരുന്നു ഇന്ത്യയിലേക്ക് റഷ്യ എണ്ണക്കയറ്റുമതി നടത്തിയിരുന്നത്.
ഒരു ശതമാനത്തില്‍ താഴെയായിരുന്നു 2022ന് മുമ്പ് റഷ്യന്‍ എണ്ണയുടെ ഇന്ത്യന്‍ മാര്‍ക്കറ്റിലെ വിഹിതം. അവിടെ നിന്ന് 40 ശതമാനത്തിലധികമായി ഉയര്‍ന്നു. നിലവില്‍ ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ റഷ്യ തന്നെയാണ് മുന്നില്‍. ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

നവംബറിലെ ഇടിവ് സൂചന

റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 55 ശതമാനത്തോളം ഇടിവ് നവംബറിലുണ്ടായെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2022 ജൂണിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ ഇറക്കുമതിയാണിതെന്ന് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ (സി.ആര്‍.ഇ.എ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങലുകാരില്‍ ഒന്നാംസ്ഥാനത്ത് ചൈനയാണ്. 47 ശതമാനം വരുമിത്. തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന വിപണി വിലയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് നഷ്ടമാണ്. ഡിസ്‌കൗണ്ട് കുറഞ്ഞു വന്നപ്പോള്‍ വാങ്ങല്‍ കുറച്ചതിന് കാരണവും ഇതാണ്. അടുത്തിടെ പ്രധാനമന്ത്രി മോദി ഗയാന, ബ്രസീല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ സാധ്യതകളെപ്പറ്റി സൂചന നല്‍കിയിരുന്നു. കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഗയാനയിലേക്ക് പ്രധാനമന്ത്രി പോയതിനു കാരണവും ഇതാണ്.
ചെറിയൊരു ദ്വീപ് രാഷ്ട്രമാണെങ്കിലും എണ്ണ സമ്പത്തില്‍ മുന്നിലാണ് ഗയാന. 500 മില്യണ്‍ ബാരല്‍ എണ്ണ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട് ഗയാന ഇപ്പോള്‍. ഇത് 2027ലെത്തുമ്പോള്‍ ഇരട്ടിയാകുമെന്നാണ് കണക്കുകൂട്ടല്‍. യു.എസ് ആസ്ഥാനമായ എക്സോണ്‍ മൊബീല്‍ കോര്‍പറേഷന്‍ ഉള്‍പ്പെടുന്ന കണ്‍സോഷ്യത്തിനാണ് ഗയാനയിലെ എണ്ണ ഖനനത്തിന്റെ അവകാശം. ഓയില്‍ കമ്പനികളില്‍ നേരിട്ടോ എണ്ണപ്പാടങ്ങള്‍ ലേലത്തിലൂടെ പിടിച്ചോ ഗയാനയിലുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ മോദി ഇന്ത്യന്‍ കമ്പനികളെ ആഹ്വാനം ചെയ്തിരുന്നു.

എണ്ണവിലയില്‍ ചാഞ്ചാട്ടം

രാജ്യാന്തര തലത്തില്‍ എണ്ണ വില വലിയ മാറ്റമില്ലാതെ നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നേരിയ കയറ്റത്തിലായിരുന്ന എണ്ണവില വീണ്ടും താഴ്ന്നു. നിലവില്‍ ബ്രെന്റ് ക്രൂഡ് 74 ഡോളറിലാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവു വന്നത് എണ്ണവില താഴുന്നതിലേക്കും നയിച്ചു.
Related Articles
Next Story
Videos
Share it