ഐ.ടി മേഖല വീണ്ടും ഉയര്‍ച്ചയിലേക്ക്; തൊഴില്‍ വളര്‍ച്ച എത്രത്തോളം?

ഐ.ടി സേവനങ്ങൾക്ക് വർദ്ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് പ്രമുഖ ഐ.ടി കമ്പനികള്‍ ഇന്ത്യയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ ഒരുങ്ങുന്നു. ശരാശരി 40,000 മുതൽ 50,000 വരെ പുതിയ ജീവനക്കാരെ നിയമിക്കാനാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ആറ് പാദങ്ങളിൽ ഇന്ത്യയിലെ ഐ.ടി കമ്പനികളുടെ റിക്രൂട്ട്‌മെന്റ് മന്ദഗതിയിലായിരുന്നു. ഇന്ത്യ ആസ്ഥാനമായുള്ള പ്രമുഖ മള്‍ട്ടി നാഷണല്‍ കമ്പനികള്‍ ജീവനക്കാരെ കുറയ്ക്കുന്ന പ്രവണതയാണ് കണ്ടുവന്നിരുന്നത്. വടക്കേ അമേരിക്ക, യൂറോപ്യന്‍ നാടുകള്‍ തുടങ്ങിയ ഇടങ്ങളില്‍ വളർച്ച മന്ദഗതിയിലായതിനാൽ, ഇന്ത്യൻ ഐടി കമ്പനികള്‍ വളർച്ചയ്ക്കായി ആഭ്യന്തര വിപണിയിലാണ് ശ്രദ്ധ നല്‍കുന്നത്.
ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറി കൊണ്ടിരിക്കുന്നതിനാല്‍ ആഭ്യന്തര വിപണിയിൽ ഐ.ടി സേവനങ്ങളുടെ ആവശ്യകതയും ഉയരാൻ സാധ്യതയുണ്ട് എന്നാണ് കണക്കാക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ടി.സി.എസ് ഇന്ത്യയുടെ മൊത്തം വരുമാനം മുൻ വർഷത്തെ ഇതേ പാദത്തിലെ 4.9 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 7.5 ശതമാനമായി ഉയർന്നു. ഇന്ത്യയിലെ ഐ.ടി വിപണി 11 ശതമാനം വർധിച്ച് 44 ബില്യൺ ഡോളറിലെത്തുമെന്നാണ് ഗവേഷണ സ്ഥാപനമായ ഐ.ഡി.സി പ്രവചിക്കുന്നത്.
ജനറേറ്റീവ് എ.ഐ തൊഴില്‍ മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടു വരും
അതേസമയം, ജനറേറ്റീവ് എ.ഐയുടെ രംഗപ്രവേശത്തോടെ സാങ്കേതിക ജോലികളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ മൂലം ശരിയായ പ്രതിഭകളെ കണ്ടെത്തുന്നത് ഒരു വെല്ലുവിളിയാണെന്ന് റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ പറയുന്നു. ചീഫ് എ.ഐ ഓഫീസർ, ഡാറ്റാ അനലിസ്റ്റ്, എ.ഐ ഗവേണൻസ് പോളിസി അനലിസ്റ്റ്, എ.ഐ പ്രൊഡക്റ്റ് മാനേജർ, എ.ഐ സൊല്യൂഷൻസ് ആർക്കിടെക്റ്റ്, എം.എൽ എഞ്ചിനീയർ തുടങ്ങിയ റോളുകളിൽ പ്രൊഫഷണലുകൾക്ക് ഡിമാൻഡ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എ.ഐയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ആകർഷിക്കുന്നതിനായി കമ്പനികൾ ശരാശരിയേക്കാൾ 56 ശതമാനം കൂടുതൽ ശമ്പളമാണ് വാഗ്ദാനം ചെയ്യുന്നത്.
ജോലി ചെയ്യുന്ന രീതിയില്‍ എ.ഐ മാറ്റം കൊണ്ടുവരും, ഇത് ഇന്റര്‍നെറ്റിന്റെ വരവ് പോലെ പ്രാധാന്യമുള്ള ഒരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ശതകോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്പർശിക്കുന്ന സാങ്കേതിക വിദ്യയായി എ.ഐ മാറും. ജോലികൾ, ബിസിനസ്സുകൾ, സമൂഹം എന്നിവയെ എ.ഐ പുനർനിർമ്മിക്കും.
എ.ഐ മുഴുവൻ വ്യവസായങ്ങളെയും തുടച്ചുനീക്കില്ല, എന്നാല്‍ അതിന്റെ സാധ്യതകൾ അവഗണിക്കുന്നവർ പിന്നാക്കം പോയേക്കാമെന്നും വിദഗ്ധര്‍ പറയുന്നു. മികച്ച ശമ്പള പാക്കേജുകൾ, കൂടുതല്‍ മികച്ച ജോലി സാധ്യതകള്‍, ആഗോള വളർച്ച തുടങ്ങിയവ കണക്കിലെടുത്ത് ഇന്ത്യയിലെ ഉദ്യോഗാർത്ഥികൾ ബഹുരാഷ്ട്ര കമ്പനികളിലേക്കാണ് കൂടുതലായും ആകർഷിക്കപ്പെടുന്നത്.
2025 സാമ്പത്തിക വർഷത്തിൽ സമ്പദ്‌വ്യവസ്ഥ 7 ശതമാനം വളർച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐ.ടി വ്യവസായത്തിലെ നിയമനങ്ങളില്‍ ഈ വര്‍ഷം 8-10 ശതമാനം വർദ്ധന ഉണ്ടാകുമെന്നും കരുതുന്നു.

Related Articles

Next Story

Videos

Share it