
പതിവ് സൗമ്യത വിട്ട് പാക്കിസ്ഥാനെ പേരെടുത്ത് പറഞ്ഞ് ആക്രമിച്ചും കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ആണവായുധം കാണിച്ച് ഭീഷണിപ്പെടുത്താമെന്ന മോഹം കൈയില്‍ വച്ചാല്‍ മതിയെന്ന് പറഞ്ഞ അദ്ദേഹം, പാക് അധീന കശ്മീര്‍ അധികം വൈകാതെ ഇന്ത്യയുടെ കൈയിലെത്തുമെന്ന സൂചനയും നല്കി.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം നല്കിയ മറുപടിയിലൂടെ ലോകത്തോട് ഇന്ത്യ വിളിച്ചു പറഞ്ഞത് ഒന്നിലധികം കാര്യങ്ങളായിരുന്നു. ഇന്ത്യയുടെ സൈനികശക്തി മാത്രമല്ല, തദ്ദേശീയ ആയുധങ്ങളുടെ പ്രഹരശേഷിയും കൃത്യതയും ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ഈ ആക്രമണങ്ങളിലൂടെ സാധിച്ചു.
ചൈനയൊഴിച്ച് ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളും ആയുധങ്ങള്‍ക്കായി യൂറോപ്യന്‍ രാജ്യങ്ങളെയും യു.എസിനെയുമായിരുന്നു ആശ്രയിച്ചിരുന്നത്. എന്നാല്‍ പാക്കിസ്ഥാനില്‍ ആക്രമണം നടത്താന്‍ ഇന്ത്യ ഉപയോഗിച്ചതിലേറെയും രാജ്യത്തു തന്നെ നിര്‍മിച്ച ആയുധങ്ങളായിരുന്നു. പാക് ഡ്രോണുകളും മിസൈലുകളും പ്രതിരോധിക്കാന്‍ നേതൃത്വം കൊടുത്തതും ഇന്ത്യന്‍ നിര്‍മിത പ്രതിരോധ സംവിധാനങ്ങളായിരുന്നു.
ഇന്ത്യയ്‌ക്കെതിരേ പാക്കിസ്ഥാന്‍ തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളും തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളതായിരുന്നു. ഇന്ത്യന്‍ പ്രതിരോധത്തില്‍ തട്ടി ഒന്നും ലക്ഷ്യം കണ്ടില്ലെന്നത് ഈ രാജ്യങ്ങള്‍ക്കും ക്ഷീണമായി. ഈ രാജ്യങ്ങളുടെ പ്രതിരോധ കയറ്റുമതിക്കും ഇത് തിരിച്ചടിയാകും.
അടുത്ത കാലത്ത് ആയുധ കയറ്റുമതിയില്‍ ഇന്ത്യ വലിയ നേട്ടം ഉണ്ടാക്കുന്നുണ്ട്. ആയുധങ്ങള്‍ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്തു നിന്ന് സ്വയംപര്യാപ്തതയിലേക്ക് മാറാന്‍ രാജ്യത്തിന് സാധിക്കുന്നു. 2024-25 സാമ്പത്തികവര്‍ഷം പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ 12.04 ശതമാനം വര്‍ധനയാണുണ്ടായത്. 23,622 കോടി രൂപയാണ് ഇതുവഴിയുള്ള വരുമാനം. ഈ സാമ്പത്തികവര്‍ഷം ആയുധ കയറ്റുമതി ഇരട്ടിയാകുമെന്നാണ് വിപണി നല്കുന്ന സൂചന.
ഇന്ത്യന്‍ പ്രതിരോധ സംവിധാനങ്ങള്‍ക്കും ആയുധങ്ങള്‍ക്കും ലഭിച്ച ഏറ്റവും മികച്ച പരസ്യമായി പാക്കിസ്ഥാനെതിരായ ആക്രമണം മാറി. കൂടുതല്‍ ലോകരാജ്യങ്ങള്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സ്വന്തമാക്കാന്‍ എത്തുമെന്നാണ് വിവരം. ഒമാന്‍, ഈജിപ്ത്, ഇസ്രയേല്‍, യു.എസ്, തായ്‌ലന്‍ഡ്, മലേഷ്യ, ജര്‍മനി, ബെല്‍ജിയം തുടങ്ങിയ30ലേറെ രാജ്യങ്ങള്‍ ഇന്ത്യന്‍ പൊതുമേഖല കമ്പനികളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്നുണ്ട്.
കൂടുതല്‍ രാജ്യങ്ങള്‍ വരുംമാസങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ആയുധങ്ങള്‍ സ്വന്തമാക്കാന്‍ രംഗത്തു വന്നേക്കും. ഇതുവഴി പൊതുമേഖല ആയുധ നിര്‍മാണ കമ്പനികള്‍ക്കും ഗുണം ചെയ്യും. ആത്യാന്തികമായി ഇന്ത്യയ്ക്ക് കൂടുതല്‍ വിദേശനാണ്യം നേടാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇതുവഴി സാധിക്കും.
ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈല്‍ ഫിലിപ്പൈന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. കൂടുതല്‍ 375 മില്യണ്‍ ഡോളറിന്റേതായിരുന്നു ഇടപാട്. കഴിവുതെളിയിച്ചതോടെ കൂടുതല്‍ രാജ്യങ്ങള്‍ ബ്രഹ്‌മോസിനായി രംഗത്തുവരാന്‍ സാധ്യതയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine