

14,000 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ രാജ്യം തിരയുന്ന വജ്രവ്യാപാരി നീരവ് മോദിയ്ക്ക് ലണ്ടനിൽ സുഖവാസം. ഓക്സ്ഫോർഡ് സ്ട്രീറ്റിന് സമീപം 80 ലക്ഷം പൗണ്ട് (ഏകദേശം 73 കോടി രൂപ) വിലയുള്ള അപ്പാർട്ട്മെന്റിലാണ് മോദിയുടെ താമസം. മാസം 17,000 പൗണ്ട് (15 ലക്ഷത്തോളം രൂപ) വാടകയെങ്കിലും ഇതിനു നൽകേണ്ടി വരുമെന്നാണ് റിപോർട്ടുകൾ.
കൂടാതെ പുതിയ ഡയമണ്ട് ബിസിനസും മോഡി ലണ്ടനിൽ തുടങ്ങിയിട്ടുണ്ട്. പേര് 'സോഹോ'. യുകെ ടെലിഗ്രാഫ് പത്രത്തിന്റെ റിപ്പോർട്ടർമാരാണ് മോദിയുമായി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടത്.
താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഒരു 'സിവിൽ ഇടപാടിനെ' അവർ പെരുപ്പിച്ചുകാട്ടുകയാണെന്നും വീഡിയോയിൽ റിപോർട്ടറുടെ ചോദ്യത്തിന് മറുപടിയായി മോദി പറയുന്നുണ്ട്.
എത്രകാലം താങ്കൾ ഇംഗ്ലണ്ടിൽ താമസിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഇന്ത്യൻ അതികൃതർ താങ്കളെ കൈമാറാൻ യുകെയോട് ആവശ്യപ്പെട്ടിട്ടില്ലേയെന്നുമുള്ള ചോദ്യങ്ങൾക്ക് 'നോ കമന്റ്‌സ്' എന്നായിരുന്നു മറുപടി.
കഴിഞ്ഞ വർഷം ജനുവരി ആദ്യമാണ് നീരവ് മോദിയും ബന്ധുവായ മെഹുൽ ചോക്‌സിയും രാജ്യം വിടുന്നത്.
10000 പൗണ്ട് വിലവരുന്ന ജാക്കറ്റ് ആണ് മോദി ആ സമയത്ത് ധരിച്ചിരുന്നതെന്നും ടെലിഗ്രാഫ് ചൂണ്ടിക്കാണിക്കുന്നു. "ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് വജ്രവ്യാപാരിയ്ക്ക് ലണ്ടനിൽ സുഖവാസം" എന്ന തലക്കെട്ടോടെയാണ് അവർ വാർത്ത പുറത്തുവിട്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine