

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ചട്ടങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍ വരുന്നു. കുട്ടികളുടെ പാസ്‌പോര്‍ട്ടിന് ആവശ്യമായ രേഖ, വിലാസം പാസ്‌പോര്‍ട്ടില്‍ പ്രിന്റ് ചെയ്യുന്നത് ഒഴിവാക്കല്‍, മാതാപിതാക്കളുടെ പേര് ഒഴിവാക്കല്‍, പാസ്‌പോര്‍ട്ടുകള്‍ക്ക് പുതിയ കളര്‍ കോഡ് എന്നിവയാണ് പ്രധാന മാറ്റങ്ങള്‍. ഫെബ്രുവരി 24 ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച വിജ്ഞാപനം ഇറക്കിയത്. സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിലാകും. 1980 ലെ പാസ്‌പോര്‍ട്ട് നിയമത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
2023 ഒക്ടോബര്‍ 1-നോ അതിനുശേഷമോ ജനിച്ച വ്യക്തികള്‍ക്ക് ജനന തീയതി തെളിയിക്കുന്നതിനുള്ള ഏക സ്വീകാര്യമായ തെളിവായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ജനന-മരണ രജിസ്ട്രാര്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 1969 ലെ ജനന-മരണ രജിസ്‌ട്രേഷന്‍ നിയമപ്രകാരം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റാണ് വേണ്ടത്.
2023 ഒക്ടോബര്‍ 1-ന് മുമ്പ് ജനിച്ചവര്‍ക്ക് ജനന തീയതിയുടെ തെളിവായി സര്‍ക്കാര്‍ ഒന്നിലധികം രേഖകള്‍ സ്വീകരിക്കുന്നത് തുടരും. ജനന മരണ രജിസ്ട്രാര്‍ അല്ലെങ്കില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ (ട്രാന്‍സ്ഫര്‍, സ്‌കൂള്‍ അവധി, അല്ലെങ്കില്‍ മെട്രിക്കുലേഷന്‍), പാന്‍ കാര്‍ഡ്, സര്‍ക്കാര്‍ സര്‍വീസ് രേഖകള്‍ (സര്‍വീസ് എക്സ്ട്രാക്റ്റുകള്‍ അല്ലെങ്കില്‍ പേ പെന്‍ഷന്‍ ഓര്‍ഡറുകള്‍), ഡ്രൈവിംഗ് ലൈസന്‍സ്, ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഫോട്ടോ ഐഡി കാര്‍ഡ്, പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ബോണ്ടുകള്‍ എന്നിവ തെളിവായി ഉപയോഗിക്കാം.
പുതിയ ഭേദഗതി പ്രകാരം, പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ ഇനി വ്യക്തിയുടെ വിലാസം അച്ചടിക്കില്ല. പകരം, എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഒരു ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് അപേക്ഷകന്റെ താമസ ഡാറ്റ ആക്സസ് ചെയ്യും. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ ഉറപ്പാകാനാണ് ഇത്. മാതാപിതാക്കളുടെ പേരുകള്‍ പാസ്‌പോര്‍ട്ടില്‍ ചേര്‍ക്കുന്നത് നിര്‍ബന്ധമല്ലെന്നും ഭേദഗതിയുണ്ട്. വേര്‍പിരിഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള വ്യക്തികളുടെയും കുട്ടികളുടെയും കൂടി സൗകര്യാര്‍ത്ഥമാണ് ഈ മാറ്റം.
പാസ്‌പോര്‍ട്ടുകള്‍ ഇനി മൂന്നു നിറങ്ങളിലാണ് പ്രിന്റ് ചെയ്യുക. നയതന്ത്ര പാസ്പോര്‍ട്ടുകള്‍ക്ക് ചുവപ്പും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ളയും മറ്റ് സാധാരണ പാസ്‌പോര്‍ട്ടുകള്‍ക്ക് നീലയുമാകും നിറം.
35 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിയമത്തില്‍ പ്രധാനമായ ഭേദഗതികള്‍ കൊണ്ടു വരുന്നത്. ജനന തീയതി തെളിയിക്കുന്നത് സംബന്ധിച്ച് രേഖകളുടെ അഭാവം ഒരു പ്രശ്നമായിരുന്നെങ്കിലും 1969 ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമം നടപ്പിലായതോടെ ജനനസര്‍ട്ടിഫിക്കറ്റ് എല്ലാവര്‍ക്കും ലഭ്യമാണ്. ഇത് കൂടി പരിഗണിച്ചാണ് പുതിയ ഭേദഗതിയെന്ന് വിദേശ കാര്യ മന്ത്രാലയം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളുടെ (POPSK) എണ്ണം കൂട്ടാനും ഇതോടൊപ്പം സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേന്ദ്രങ്ങളുടെ എണ്ണം നിലവിലുള്ള 442ല്‍ നിന്ന് 600 ആയി ഉയര്‍ത്തും. ഈ കേന്ദ്രങ്ങളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവും തപാല്‍ വകുപ്പും തമ്മിലുള്ള ധാരണാപത്രം അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് പ്രോസസ്സിംഗ് കാര്യക്ഷമമാക്കുന്നതിനും വിദൂര പ്രദേശങ്ങളില്‍ പോലും പാസ്പോര്‍ട്ട് സേവനം എത്തിക്കുന്നതിനും ഇത് സഹായിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine