

രാജ്യത്ത് ചില്ലറ വിലക്കയറ്റം ആറു വര്‍ഷത്തെ കുറഞ്ഞ നിരക്കില്‍. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂണിലെ ചില്ലറ പണപ്പെരുപ്പം 2.10 ശതമാനത്തിലേക്കാണ് കുറഞ്ഞത്. 2019 ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത്. പച്ചക്കറി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിലുണ്ടായ കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ചില്ലറ പണപ്പെരുപ്പത്തില്‍ ഒരുപോലെ കുറവുണ്ടായിട്ടുണ്ട്.
പണപ്പെരുപ്പത്തിലുണ്ടായ കുറവ് ബാങ്ക് പലിശ നിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചേക്കും. ഒക്ടോബറിലെ പണനയത്തിലായിരിക്കും ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുക. 2026 ലെ ശരാശരി ചില്ലറ വിലക്കയറ്റം റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്ന 3.7 ശതമാനത്തേക്കാള്‍ താഴെയായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 25 ബേസിസ് പോയിന്റുകള്‍ കുറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറായേക്കും.
ഭക്ഷ്യ വസ്തുക്കളുടെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വലിയ തോതില്‍ കുറഞ്ഞു. 2025 ജൂണിനെ അപേക്ഷിച്ച് -1.06 ശതമാനമായാണ് കുറഞ്ഞത്. പച്ചക്കറി, മാംസം, ധാന്യങ്ങള്‍ എന്നിവയുടെ വിലയിലുണ്ടായ കുറവാണ് കാരണം.
ചികില്‍സാ ചെലവുകളിലും വിദ്യാഭ്യാസ ചെലവുകളിലും വര്‍ധനയുണ്ടായി. ചികില്‍സാ ചെലവുകളിലെ പെരുപ്പം 4.34 ശതമാനത്തില്‍ നിന്ന് 4.43 ശതമാനത്തിലേക്കാണ് ഉയര്‍ന്നത്. വിദ്യാഭ്യാസ ചെലവുകള്‍ മുന്‍ വര്‍ഷത്തെ 4.12 ശതമാനത്തില്‍ നിന്ന് 4.87 ശതമാനമായും വര്‍ധിച്ചു.
രാജ്യത്ത് ചില്ലറ പണപ്പെരുപ്പം കൂടുതലുള്ള സംസ്ഥാനമായി കേരളം തുടരുകയാണ്. കേരളം, പഞ്ചാബ്, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാങ്ങളാണ് വിലക്കയറ്റത്തില്‍ മുന്നിലുള്ളത്. കേരളത്തിലെ നിരക്ക് 6.71 ശതമാനമാണ്. പഞ്ചാബ് (4.67 %), ജമ്മു കശ്മീര്‍ (4.38%), ഉത്തരാഖണ്ഡ് (3.4%), ഹരിയാന (3.10%) എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളുടെ നിരക്ക്.
Read DhanamOnline in English
Subscribe to Dhanam Magazine