കോലിയോ സച്ചിനോ അല്ല, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കളിക്കാരന്‍ ഒരു 'സര്‍പ്രൈസ് എന്‍ട്രി'

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം ഒഴുകുന്ന കായിക മേഖല ക്രിക്കറ്റാണ്. രാജ്യത്തെ ഭൂരിഭാഗം ആളുകളും ആസ്വദിക്കുന്ന കായിക ഇനം എന്ന നിലയില്‍ ബഹു രാഷ്ട്ര കമ്പനികള്‍ മുതല്‍ മത്സരത്തിന്റെ സംപ്രേക്ഷണം നടത്തുന്ന ടി.വി ചാനലുകളും ഇന്റര്‍നെറ്റില്‍ സ്ട്രീമിങ് നടത്തുന്ന ഒ.ടി.ടി പ്ലാറ്റ്ഫോമുകളും വരെ കോടികളാണ് മേഖലയില്‍ ചെലവഴിക്കുന്നത്.
ക്രിക്കറ്റ് താരങ്ങളെ സ്നേഹിക്കുകയും ദൈവത്തെപ്പോലെ കാണുകയും ചെയ്യുന്ന ആരാധകരാണ് ഇന്ത്യയിലുളളത്. അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങൾ, ക്രിക്കറ്റ് ലീഗുകൾ, പ്രമുഖ കമ്പനികളുടെ പരസ്യങ്ങൾ, ടി.വി ഷോകളിലും കമന്ററി രംഗത്തുമുളള വിവിധ റോളുകള്‍ എന്നിങ്ങനെ പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാർ വലിയ തുകകളാണ് സമ്പാദിക്കുന്നത്.
ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ പട്ടികയിലാണ് ക്രിക്കറ്റ് താരങ്ങള്‍ ഉളളത്. ഇന്ത്യയിലെ ക്രിക്കറ്റ് രംഗത്തെ നയിക്കുന്ന ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡുകളില്‍ ഒന്നാണ്.
ഐ.പി.എല്ലിന്റെ ആവിര്‍ഭാവത്തോടെ മിക്ക പ്രശസ്ത ക്രിക്കറ്റ് താരങ്ങളും ശതകോടീശ്വരന്മാര്‍ ആയിരിക്കുകയാണ്. ക്രിക്കറ്റ് കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ആസ്തി ആര്‍ക്കാകും എന്ന് സാധാരണക്കാരോട് ചോദിച്ചാല്‍ മിക്കവരും സച്ചിന്‍ ടെണ്ടുല്‍ക്കറുടെയോ, വിരാട് കോലിയുടെയോ പേരുകളാകും പറയുക. എന്നാല്‍ ക്രിക്കറ്റിലെ സമ്പന്നരുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ അധികം ആര്‍ക്കും അറിയാത്ത ഒരാളാണ് ഇടംപിടിച്ചിരിക്കുന്നത്.

ആര്യമാൻ ബിർള

ഇന്ത്യന്‍ വ്യവസായ ലോകത്തെ അതികായകരായ ആദിത്യ ബിർള ഗ്രൂപ്പില്‍ നിന്നാണ് ഈ ക്രിക്കറ്റര്‍ വരുന്നത്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാന്‍ കുമാർ മംഗളം ബിർളയുടെ മകനായ ആര്യമാൻ ബിർളയാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ കളിക്കാരന്‍. ആര്യമാന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും വരുന്നത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വിശാലമായ ബിസിനസ് സാമ്രാജ്യത്തിൽ നിന്നാണ്.
സിമന്റ്, ടെക്സ്റ്റൈൽസ്, ടെലികമ്മ്യൂണിക്കേഷൻസ് തുടങ്ങി വിവിധ മേഖലകളിൽ ബിര്‍ള ഗ്രൂപ്പിന്റെ ബിസിനസ് സാമ്രാജ്യം പരന്നു കിടക്കുകയാണ്. 70,000 കോടി രൂപയുടെ ആസ്തിയാണ് ആര്യമാൻ ബിര്‍ളയ്ക്കുളളത്.
ക്രിക്കറ്റിനോടുള്ള അഭിനിവേശം ആര്യമാനെ മധ്യപ്രദേശിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന് വേണ്ടി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചു. 2017 ൽ ഇന്ത്യയില്‍ 23 വയസിനു താഴെയുളള ക്രിക്കറ്റ് കളിക്കാരില്‍ ഏറ്റവുമധികം റണ്‍സുകള്‍ അടിച്ചുകൂട്ടിയത് ആര്യമാനാണ്. മധ്യപ്രദേശ് രഞ്ജി ടീമിനെ ആര്യമാന്‍ പ്രതിനിധീകരിച്ചിട്ടുണ്ട്.
കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായും ആര്യമാന്‍ പാഡ് അണിഞ്ഞിട്ടുണ്ട്. എന്നാല്‍ 2019 ൽ 22ാം വയസ്സിൽ ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ആര്യമാൻ ക്രിക്കറ്റില്‍ നിന്ന് മാറിനിൽക്കാൻ തീരുമാനിക്കുകയായിരുന്നു.

സച്ചിന്റെ ആസ്തി

ആഗോളതലത്തിൽ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറോ വിരാട് കോലിയോ എം.എസ് ധോണിയോ ആയിരിക്കുമെന്നാണ് പൊതുധാരണയുളളത്. എന്നാല്‍, ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനായി എല്ലാവരും വാഴ്ത്തുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ആസ്തി ഏകദേശം 1,100 കോടി രൂപയാണ്.
വിരാട് കോലിയുടെ ആസ്തി ഏകദേശം 900 കോടി രൂപയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണിയുടെ ആസ്തി ഏകദേശം 800 കോടി രൂപയോളമാണ് വരിക.
ക്രിക്കറ്റ് പിച്ചിന് പുറമെ ബിസിനസ് മേഖലയിലും ആര്യമാൻ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. കളിക്കളത്തിലും പുറത്തും നേടിയ വിജയത്തിന്റെ പ്രതിഫലനമാണ് ആര്യമാൻ ബിർളയുടെ സാമ്പത്തിക സ്ഥിതി. ഒരു ക്രിക്കറ്റ് കളിക്കാരനിൽ നിന്ന് വിജയിച്ച ഒരു ബിസിനസുകാരനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ കൂടിയാണ്.
കുടുംബ ബിസിനസിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നതിനൊപ്പം ക്രിക്കറ്റിനോടുള്ള തന്റെ അഭിനിവേശം പിന്തുടരാനുള്ള ആര്യമാന്റെ കഴിവ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
Related Articles
Next Story
Videos
Share it