ഇന്ത്യന്‍ ചെമ്മീനിന് ട്രംപിന്റെ 'ഇരുട്ടടി', ഇക്വഡോറിന് കോളടിക്കും; വ്യാപാരയുദ്ധം കേരളത്തെ ബാധിക്കുന്നതെങ്ങനെ

ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതിയുണ്ടെങ്കിലും ഇന്ത്യക്ക് പ്രധാന വെല്ലുവിളി ഇക്വഡോര്‍ തന്നെയാണ്
ഇന്ത്യന്‍ ചെമ്മീനിന് ട്രംപിന്റെ 'ഇരുട്ടടി', ഇക്വഡോറിന് കോളടിക്കും; വ്യാപാരയുദ്ധം കേരളത്തെ ബാധിക്കുന്നതെങ്ങനെ
Published on

ആഗോള വ്യാപാരയുദ്ധത്തില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചതോടെ അലയൊലികള്‍ കേരളത്തിലേക്കും. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നികുതി 26 ശതമാനമായി ഉയരുന്നതോടെ ചെമ്മീന്‍ കയറ്റുമതിക്കാര്‍ ബുദ്ധിമുട്ടിലാകും. കേരളത്തിലെ ചെമ്മീനിന്റെ നല്ലൊരു പങ്കും കയറിപ്പോകുന്നത് യു.എസ് മാര്‍ക്കറ്റിലേക്കാണ്. ഉയര്‍ന്ന നികുതി ഈ മേഖലയുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമെന്നാണ് ചെമ്മീന്‍ കയറ്റുമതിക്കാര്‍ പറയുന്നത്.

ഇന്ത്യയുടെ കോട്ടം ഇക്വഡോറിന് നേട്ടം

സമുദ്രോത്പന്ന കയറ്റുമതിയില്‍ ഇക്വഡോറാണ് ഇന്ത്യയുടെ പ്രധാന എതിരാളികള്‍. ട്രംപിന്റെ പുതിയ ചുങ്ക ക്രമത്തില്‍ ഇക്വഡോറിന് 10 ശതമാനം മാത്രമാണ് നികുതിയുള്ളത്. ഇന്ത്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ വളരെ കുറഞ്ഞ നികുതി അവര്‍ നല്‍കിയാല്‍ മതി. ഏഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ നികുതിയുണ്ടെങ്കിലും ഇന്ത്യക്ക് പ്രധാന വെല്ലുവിളി ഇക്വഡോര്‍ തന്നെയാണ്. യു.എസിലേക്കുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ 92 ശതമാനവും ചെമ്മീനാണ്.

ഏപ്രില്‍ ഒന്‍പതു മുതലാണ് പുതിയ നികുതി വരുന്നത്. യു.എസിലേക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കയറ്റിയയച്ച ചെമ്മീന്‍ ഇപ്പോള്‍ യാത്രമധ്യേയാണ്. ആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍ കണ്ടെയ്‌നറുകള്‍ ഇത്തരത്തിലുണ്ട്. ഒന്‍പതിന് മുമ്പ് ഇവ യു.എസില്‍ എത്തിയില്ലെങ്കില്‍ അതിനെല്ലാം പുതിയ നികുതി ബാധകമാകും. 500-600 കോടി രൂപ ഇത്തരത്തില്‍ നികുതിയില്‍ തന്നെ അധികം വേണ്ടിവരുമെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ട്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ കെ.എന്‍. രാഘവന്‍ ധനംഓണ്‍ലൈനോട് പറഞ്ഞു.

വിപണി പ്രശ്‌നമാകും

ഇന്ത്യന്‍ ചെമ്മീനിന് യു.എസില്‍ വില വര്‍ധിക്കുകയും ഇക്വഡോറില്‍ നിന്നുള്ള ചെമ്മീന്‍ പഴയ വിലയ്ക്കു കിട്ടുകയും ചെയ്യുന്ന അവസ്ഥയാകും വരാന്‍ പോകുന്നത്. ഇന്ത്യന്‍ ചെമ്മീന് യു.എസ് ഉപയോക്താക്കളില്‍ നിന്ന് തിരസ്‌കരണം നേരിടേണ്ട അവസ്ഥയാകും സംജാതമാകുക. യു.എസ് എന്നത് ഇന്ത്യന്‍ ചെമ്മീനിന്റെ സ്വപ്‌ന വിപണിയാണ്.

കേരളത്തിലെ ചെറുകിട ചെമ്മീന്‍ കൃഷിക്കാര്‍ വരെ നിലനില്‍ക്കുന്നത് കയറ്റുമതിയില്‍ ഊന്നിയാണ്. യു.എസുമായി പുതിയ കരാര്‍ വന്നില്ലെങ്കില്‍ ഈ രംഗത്ത് വലിയ തൊഴില്‍ നഷ്ടത്തിന് കാരണമാകും.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60,523 കോടി രൂപയുടെ സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് അയച്ചത്. 17.81 ലക്ഷം മെട്രിക് ടണ്‍ വരുമിത്. ഈ കയറ്റുമതിയുടെ സിംഹഭാഗവും ശീതികരിച്ച ചെമ്മീനാണ്. 40,013.5 കോടി രൂപയുടെ ചെമ്മീനാണ് കയറ്റുമതി ചെയ്തത്.

2023-24 സാമ്പത്തിക വര്‍ഷം കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 7,231.84 കോടി രൂപയുടേതായിരുന്നു. രാജ്യത്തിന്റെ സമുദ്രോത്പന്ന കയറ്റുമതിയില്‍ കേരളത്തിന്റെ സംഭാവന 11.05 ശതമാനമാണ്.

കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സമുദ്രോത്പന്നങ്ങളുടെ 33 ശതമാനവും ശീതികരിച്ച ചെമ്മീനാണ്. തമിഴ്‌നാടും കര്‍ണാടകയും കഴിഞ്ഞാല്‍ സമുദ്രോത്പന്ന രംഗത്ത് കേരളമാണ് മൂന്നാമത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com