

അമേരിക്കയിലേക്കുള്ള ഇറക്കുമതി ചുങ്കം വര്‍ധിപ്പിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. ഇന്ത്യയ്ക്ക് 27 ശതമാനം തത്തുല്യ നികുതിയാണ് യു.എസ് ചുമത്തിയത്. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്കു മേലുള്ള നികുതി കുറവാണെങ്കിലും യു.എസിലേക്കുള്ള കയറ്റുമതിയെ ബാധിക്കുന്നതാണ് പ്രഖ്യാപനം.
ഇന്ത്യയില്‍ നിന്നുള്ള സമുദ്രോത്പന്നങ്ങള്‍ക്കും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും യു.എസില്‍ വില കൂടാനും അതുവഴി വില്പന കുറയാനും പുതിയ സാഹചര്യം വഴിയൊരുക്കും. എന്നാല്‍ ട്രംപിന്റെ നികുതി ചുമത്തല്‍ ചില ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ സാധ്യതകളാണ് തുറന്നിടുന്നത്.
ട്രംപിന്റെ പ്രഖ്യാപനം വന്ന വ്യാഴാഴ്ച അഞ്ചുശതമാനമാണ് കിറ്റെക്‌സ് ഓഹരികള്‍ മുന്നേറിയത്. ഇന്നും (വെള്ളിയാഴ്ച) അഞ്ചു ശതമാനത്തിനടുത്ത് നേട്ടം കൊയ്യാന്‍ ഈ ഓഹരികള്‍ക്ക് സാധിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തിനിടെ 13 ശതമാനത്തോളമാണ് കിറ്റെക്‌സ് ഓഹരികള്‍ കയറിയത്. ഒരു വര്‍ഷംകൊണ്ട് 188 ശതമാനം നേട്ടം സമ്മാനിക്കാന്‍ കിറ്റെക്‌സ് ഓഹരികള്‍ക്ക് സാധിച്ചിട്ടുണ്ട്.
തത്തുല്യ ചുങ്കത്തില്‍ ഏറ്റവുമധികം നേട്ടം കൊയ്യാന്‍ മുന്നിലുള്ള കമ്പനികളിലൊന്ന് കിറ്റെക്‌സ് ഗാര്‍മെന്റ്‌സാണ്. കിറ്റെക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വസ്ത്ര നിര്‍മാണ കമ്പനികള്‍ക്ക് യു.എസ് കയറ്റുമതി കൂടുതല്‍ ചെലവേറിയതാകുമെന്നത് സത്യമാണ്. എന്നിട്ടും അതെങ്ങനെ നേട്ടമായി മാറും. അവിടെയാണ് ട്രംപ് ചുമത്തിയ നികുതി ഘടന നിര്‍ണായക പങ്ക് വഹിക്കുന്നത്.
കിറ്റെക്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഗാര്‍മെന്റ്‌സ് കമ്പനികളുടെ പ്രധാന എതിരാളികള്‍ ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം, കംബോഡിയ എന്നീ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ നിന്നാണ് അമേരിക്കയിലേക്ക് കൂടുതല്‍ വസ്ത്ര കയറ്റുമതി നടക്കുന്നത്. ട്രംപിന്റെ തത്തുല്യ നികുതിയില്‍ ഈ രാജ്യങ്ങള്‍ക്കൊക്കെ ഇന്ത്യയേക്കാള്‍ വലിയ ചുങ്കമാണ് ചുമത്തിയിരിക്കുന്നത്.
ചൈനയ്ക്ക് പുതിയ തത്തുല്യ ചുങ്കം 34 ശതമാനവും പഴയത് 20 ശതമാനവുമാണ്. ഏപ്രില്‍ 9 മുതല്‍ രണ്ടുംകുടി ചേര്‍ന്ന് 54 ശതമാനം നികുതി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ബാധകമാകും. ഗാര്‍മെന്റ്‌സ് രംഗത്തെ മുന്‍നിരക്കാരായ വിയറ്റ്‌നാമിനു മേല്‍ 46 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്. വിയറ്റ്‌നാമില്‍ നിന്നുള്ള ഗാര്‍മെന്റ്‌സ് കയറ്റുമതിക്ക് വലിയ പ്രഹരമാകും ഇത്.
ഗാര്‍മെന്റ്‌സ് കയറ്റുമതിയെ ആശ്രയിച്ചു നില്‍ക്കുന്ന രാജ്യങ്ങളിലൊന്നാണ് കംബോഡിയ. അവരുടെ കയറ്റുമതി വരുമാനത്തിന്റെ 70 ശതമാനവും വസ്ത്ര മേഖലയുമായി ബന്ധപ്പെട്ടാണ്. 49 ശതമാനം നികുതിയാണ് കംബോഡിയന്‍ ഉത്പന്നങ്ങള്‍ക്ക് ട്രംപ് ചുമത്തിയിരിക്കുന്നത്. കംബോഡിയന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയെന്നാണ് നിഗമനങ്ങള്‍.
ബംഗ്ലാദേശാണ് ഗാര്‍മെന്റ്‌സ് കയറ്റുമതിയിലെ മറ്റൊരു വന്‍ശക്തി. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സര്‍ക്കാരിന്റെ വലിയ വിമര്‍ശകനായ ട്രംപ് നികുതി കാര്യത്തിലും ബംഗ്ലാദേശിനെ വെറുതെ വിട്ടില്ല. 37 ശതമാനം നികുതിയാണ് ധാക്കയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ഇപ്പോള്‍ തന്നെ തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന ബംഗ്ലാദേശിലെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്ക് എന്തു സംഭവിക്കുമെന്ന് കണ്ടറിയണം.
ഗാര്‍മെന്റ്‌സ് കയറ്റുമതി രാജ്യങ്ങള്‍ക്കെല്ലാം ഇന്ത്യയേക്കാള്‍ നികുതി കൂടിയതിനാല്‍ സ്വഭാവികമായും അമേരിക്കന്‍ ഇറക്കുമതി കമ്പനികള്‍ തന്ത്രം മാറ്റും. ബംഗ്ലാദേശ് മുതല്‍ ചൈന വരെയുള്ള രാജ്യങ്ങളുടെ വസ്ത്രങ്ങള്‍ക്ക് പകരം ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് പ്രാധാന്യം നല്‍കും. ഇത് ഇന്ത്യന്‍ കമ്പനികളുടെ വരുമാനം ഉയര്‍ത്തും. രാജ്യത്തെ ടെക്‌സ്‌റ്റൈല്‍ മേഖലയ്ക്കും ഗുണം ചെയ്യും.
ബംഗ്ലാദേശിലും കംബോഡിയയിലും ഫാക്ടറികള്‍ സ്ഥാപിച്ച കമ്പനികള്‍ ഇന്ത്യയിലേക്ക് ആസ്ഥാനം മാറ്റിയാലും അത്ഭുതപ്പെടാനില്ല. നിലവില്‍ 1.7 ലക്ഷം കോടി രൂപയുടേതാണ് ഇന്ത്യയില്‍ നിന്ന് യു.എസിലേക്കുള്ള വസ്ത്ര കയറ്റുമതി.
Read DhanamOnline in English
Subscribe to Dhanam Magazine