

ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ലൈഫ്‌സ്റ്റൈല്‍ കമ്പനിയായ ടൈറ്റന്‍, ഗള്‍ഫ് വിപണിയിലേക്ക് കൂടുതല്‍ വളരുന്നു. ജിസിസിയിലെ പ്രമുഖ ജുവലറി ഗ്രൂപ്പായ ഡമാസിന്റെ ഭൂരിഭാഗം ഓഹരികളും ടൈറ്റന്‍ സ്വന്തമാക്കും. ദുബൈ ആസ്ഥാനമായ ഡമാസിന്റെ 67 ശതമാനം ഓഹരികളാണ് ടൈറ്റന്‍ ഏറ്റെടുക്കുന്നത്. നാലു വര്‍ഷത്തിനുള്ളില്‍ ഈ കമ്പനിയെ പൂര്‍ണമായും സ്വന്തമാക്കും. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജുവലറി ഉള്‍പ്പടെയുള്ള ലൈഫ്‌സ്റ്റൈല്‍ മേഖലയില്‍ സാന്നിധ്യം ശക്തമാക്കാന്‍ ടൈറ്റന് ശക്തി നല്‍കുന്നതാണ് പുതിയ ഏറ്റെടുക്കല്‍.
ഡമാസ് എല്‍എല്‍സി എന്ന കമ്പനിയുടെ മാതൃകമ്പനിയായ മന്നായ് കോര്‍പ്പറേഷനില്‍ നിന്ന് 100 കോടി ദിര്‍ഹം (2,400 കോടി രൂപ) മൂല്യം വരുന്ന 67 ശതമാനം ഓഹരികളാണ് ടൈറ്റന്‍ വാങ്ങുന്നത്. 2029 ഡിസംബറിനുള്ളില്‍ ബാക്കി വരുന്ന 33 ശതമാനം ഓഹരികള്‍ കൂടി ടൈറ്റന്‍ വാങ്ങുന്നതിനും കരാറുണ്ട്. പുതിയ ഏറ്റെടുക്കലിലൂടെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഡമാസിന്റെ ഷോറൂമുകള്‍ ടൈറ്റന് സ്വന്തമാകും. ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതുവരെ ടൈറ്റന്റെ ബ്രാന്റിംഗിന് ഡമാസിന്റെ സഹായമുണ്ടാകും.
ആറ് ഗള്‍ഫ് രാജ്യങ്ങളില്‍ സാന്നിധ്യമുറപ്പിക്കാന്‍ ടൈറ്റന്‍ കമ്പനിയെ പുതിയ ഏറ്റെടുക്കല്‍ സഹായിക്കും. നിലവില്‍ ഡമാസിന് യുഎഇ, ഖത്തര്‍, സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹറൈന്‍ എന്നീ രാജ്യങ്ങലിലായി 140 ഷോറൂമുകളുണ്ട്. ഇതുവഴി ടൈറ്റന്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നടത്താനാകും.
പ്രമുഖ ബ്രാന്‍ഡായ തനിഷ്‌ക് ഉള്‍പ്പടെ ടൈറ്റന്റെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ ഗള്‍ഫ് വിപണിയിലേക്ക് എത്തുന്നതിനാണ് കളമൊരുങ്ങുന്നത്. വിവിധ ജുവലറികള്‍, വാച്ചുകള്‍ തുടങ്ങി നിരവധി ടൈറ്റന്‍ ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണിയില്‍ നേരത്തെ തന്നെ എത്തിയിട്ടുണ്ട്.
ജുവലറി ബിസിനസില്‍ നിന്ന് മാറി ഐടി ബിസിനസില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുകയാണ് ഡമാസിന്റെ മാതൃകമ്പനിയായ മന്നായ് കോര്‍പ്പറേഷന്‍. ഖത്തര്‍ ആസ്ഥാനമായ കമ്പനി 1907 മുതല്‍ ദുബൈ വിപണിയിലുണ്ട്. ഐടി മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും നിലവി ലുള്ള സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കുന്നതിനുമാണ് ടൈറ്റനുമായുള്ള ഇടപാടില്‍ നിന്നുള്ള പണം ഉപയോഗിക്കുകയെന്ന് മന്നായ് കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വിദേശ രാജ്യങ്ങളിലേക്ക് വളരാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഡമാസിന്റെ ഏറ്റെടുക്കലെന്ന് ടൈറ്റന്‍ മാനേജിംഗ് ഡയറക്ടര്‍ സി.കെ. വെങ്കിട്ടരാമന്‍ പറഞ്ഞു. ഗള്‍ഫിലും യുഎസിനും ടൈറ്റന് നിലവില്‍ സാന്നിധ്യമുണ്ട്. പ്രവാസി ഇന്ത്യന്‍ സമൂഹവുമായി കൂടുതല്‍ അടുക്കുന്നതിന് പുതിയ എറ്റെടുക്കല്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read DhanamOnline in English
Subscribe to Dhanam Magazine