കരിയര്‍ വളര്‍ച്ച, വലിയ ഉത്തരവാദിത്തങ്ങള്‍... ഇന്ത്യയിലെ മികച്ച 15 ഇടത്തരം കമ്പനികളുടെ പട്ടിക പുറത്ത്

പ്രമോഷന്‍ സാധ്യതകള്‍, പുതിയ സ്‌കില്‍ പഠന അവസരങ്ങള്‍, ജീവനക്കാരെ നിലനിര്‍ത്താനുള്ള കഴിവ്, സ്ഥാപനത്തിന്റെ സ്ഥിരത, ജെന്‍ഡര്‍ വൈവിധ്യം എന്നിവ അടക്കമുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കിയതെന്ന് ലിങ്ക്ഡ്ഇന്‍
ChatGPT image
ChatGPT image
Published on

പ്രൊഫഷണല്‍ നെറ്റ് വര്‍ക്കിംഗ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്‍ (LinkedIn) ഇന്ത്യയിലെ ദീര്‍ഘകാല കരിയര്‍ വളര്‍ച്ചയ്ക്ക് മികച്ച തൊഴിലിടങ്ങളായി തിരഞ്ഞെടുക്കപ്പെട്ട 15 ഇടത്തരം (Mid size) കമ്പനികളുടെ പട്ടിക പുറത്തുവിട്ടു. 5,000ല്‍ താഴെ ആഗോള ജീവനക്കാരുള്ള കമ്പനികളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജീവനക്കാരുടെ വളര്‍ച്ച, നൈപുണ്യ വികസനം, ഇന്റേണല്‍ മൊബിലിറ്റി, തൊഴില്‍ സ്ഥിരത തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തലിന്റെ അടിസ്ഥാനമായത്.

ഗുരുഗ്രാം ആസ്ഥാനമായ ട്രാവല്‍ ടെക് കമ്പനിയായ MakeMyTrip പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ഹൈദരാബാദ് ആസ്ഥാനമായ ഐടി സേവന കമ്പനിയായ Wissen Infotech രണ്ടാം സ്ഥാനത്ത്. മുംബൈ ആസ്ഥാനമായ നിയമ സ്ഥാപനമായ Khaitan & Co മൂന്നാം സ്ഥാനം നേടി.

വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ വേഗത്തില്‍ കരിയര്‍ വളര്‍ച്ചയും കൂടുതല്‍ ഉത്തരവാദിത്വങ്ങളും നേതൃത്വനിരയുമായി നേരിട്ടുള്ള ഇടപെടലും ലഭിക്കുന്നതിനാല്‍ മിഡ്സൈസ് കമ്പനികളിലേക്കുള്ള താല്‍പര്യം വര്‍ധിക്കുകയാണെന്ന് ലിങ്ക്ഡ്ഇന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

തിളങ്ങിയത് ഈ മേഖലകള്‍

ടെക്നോളജി, ഹെല്‍ത്ത്കെയര്‍, ലൈഫ് സയന്‍സ്, ലീഗല്‍ സര്‍വീസസ്, ഡിജിറ്റല്‍ ബിസിനസ് മേഖലകളിലെ കമ്പനികളാണ് പട്ടികയില്‍ കൂടുതലായും ഇടംപിടിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സെക്യൂരിറ്റി, ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റ അനലിറ്റിക്സ്, പ്രൊഡക്ട് മാനേജ്മെന്റ് തുടങ്ങിയ മേഖലകളില്‍ നിരവധി കമ്പനികള്‍ നിയമനം ശക്തമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രമോഷന്‍ സാധ്യതകള്‍, പുതിയ സ്‌കില്‍ പഠന അവസരങ്ങള്‍, ജീവനക്കാരെ നിലനിര്‍ത്താനുള്ള കഴിവ്, സ്ഥാപനത്തിന്റെ സ്ഥിരത, ജെന്‍ഡര്‍ വൈവിധ്യം എന്നിവ അടക്കമുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കിയതെന്ന് ലിങ്ക്ഡ്ഇന്‍ വ്യക്തമാക്കി. വലിയ തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ട കമ്പനികളെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും കമ്പനി അറിയിച്ചു.

മികച്ച 15 മിഡ്സൈസ് കമ്പനികള്‍

1. MakeMyTrip 2. Wissen Infotech 3. Khaitan & Co 4. MosChip 5. Shardul Amarchand Mangaldas & Co 6. Qure.ai 7. Ramco Systems 8. Sasken Technologies Limited 9. Anthem Biosciences Limited 10. Suven Life Sciences Ltd. 11. Excelsoft Technologies 12. Aragen Life Sciences 13. HealthKart 14. INOX Air Products 15. Trilegal.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള പുതിയ സാങ്കേതിക മാറ്റങ്ങള്‍ തൊഴില്‍ മേഖലയെ വേഗത്തില്‍ മാറ്റുന്ന സാഹചര്യത്തില്‍, സ്‌കില്‍ അധിഷ്ഠിത നിയമനത്തിനും ജീവനക്കാരുടെ തുടര്‍ച്ചയായ പഠനത്തിനും കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നതായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com