
ആഗോള തലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക, ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യന്‍ ടയര്‍ കയറ്റുമതിയില്‍ വന്‍കുതിപ്പ്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2024-25 കാലയളവില്‍ കയറ്റുമതിയില്‍ ഒന്‍പത് ശതമാനം നേട്ടം കൊയ്യാന്‍ ഇന്ത്യന്‍ ടയര്‍ കമ്പനികള്‍ക്കായി. 23,073 കോടിയില്‍ നിന്ന് കയറ്റുമതി വരുമാനം 25,051 കോടിയായി ഉയര്‍ന്നുവെന്ന് ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ആത്മ) വ്യക്തമാക്കി.
ഇന്ത്യന്‍ ടയറുകള്‍ 170ഓളം രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യപ്പെടുന്നത്. യു.എസ്, യൂറോപ്യന്‍ യൂണിയന്‍, ലാറ്റിന്‍ അമേരിക്ക, പൂര്‍വേഷ്യ തുടങ്ങിയ മേഖലകളില്‍ ശക്തമായ സാന്നിധ്യമാണ് ഇന്ത്യന്‍ ടയറുകള്‍ക്ക് ഉള്ളത്.
കയറ്റുമതിമൂല്യത്തില്‍ 17 ശതമാനവും യു.എസിലേക്കാണ്. ജര്‍മനി (6%), ബ്രസീല്‍ (5%), യുഎഇ (4%), ഫ്രാന്‍സ് (4%) എന്നിങ്ങനെയാണ് മറ്റ് പ്രധാന വിപണികള്‍. മറ്റ് ടയര്‍ ഉത്പാദകരെ അപേക്ഷിച്ച് ഇന്ത്യന്‍ കമ്പനികള്‍ക്ക് ആഗോളതലത്തില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നുണ്ടെന്ന് ആത്മ ചെയര്‍മാന്‍ അരുണ്‍ മാമ്മന്‍ പറഞ്ഞു.
ഉയര്‍ന്ന ആഭ്യന്തര ആവശ്യവും, വര്‍ധിച്ചു കൊണ്ടിരിക്കുന്ന കയറ്റുമതി സാധ്യതകളും, തുടര്‍ച്ചയായ സാങ്കേതിക പുരോഗതികളും ഈ ദീര്‍ഘകാല വളര്‍ച്ചക്ക് പിന്തുണയാകുന്ന പ്രധാന ഘടകങ്ങളാണ്. ആഗോളതലത്തില്‍ സമ്പദ്വ്യവസ്ഥയിലെ വെല്ലുവിളികള്‍ തുടരുകയാണെങ്കിലും ഇന്ത്യന്‍ ടയര്‍ വ്യവസായം വളര്‍ച്ചാ പാതയിലാണ്. ആഭ്യന്തര വിപണി വന്‍തോതില്‍ വളരുന്ന സാഹചര്യത്തില്‍ ആഗോള പ്രതിസന്ധികളെ നേരിടാന്‍ ഇന്ത്യന്‍ ടയര്‍ വ്യവസായത്തിന് ശേഷിയുണ്ടെന്നും അരുണ്‍ മാമന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ അന്താരാഷ്ട്ര സാന്നിധ്യവും ശക്തമായിട്ടുണ്ട്. അപ്പോളോ ടയേഴ്സ്, സിയറ്റ്, ജെകെ ടയര്‍, എംആര്‍എഫ് തുടങ്ങിയ കമ്പനികള്‍ ബ്രാന്‍ഡ് ഫിനാന്‍സ് പുതിയതായി പ്രസിദ്ധീകരിച്ച പട്ടികയില്‍ ലോകത്തിലെ ഏറ്റവും ശക്തമായ ടയര്‍ ബ്രാന്‍ഡുകളില്‍ ആദ്യ പതിനഞ്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
2030ഓടെ 20 ലക്ഷം ടണ്‍ സ്വാഭാവിക റബര്‍ ആവശ്യമായി വരും. സ്വാഭാവിക റബറിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ ടയര്‍ കമ്പനികളുടെ നിലനില്‍പ്. ലോകവ്യാപകമായി സിന്തറ്റിക് റബ്ബര്‍ ടയര്‍ ഉപയോഗം 60 ശതമാനമാണെങ്കിലും ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന്റെ 60 ശതമാനവും സ്വാഭാവിക റബറാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 1,000 കോടി രൂപയിലധികമാണ് നാല് പ്രധാന ടയര്‍ കമ്പനികള്‍ ചെലവഴിക്കുന്നത്. വരും വര്‍ഷങ്ങളില്‍ രാജ്യത്തെ റബര്‍ ഉത്പാദനം വര്‍ധിക്കുമെന്ന് ആത്മ ഭാരവാഹികള്‍ പറയുന്നു. അതേസമയം, കേരളത്തില്‍ ടാപ്പിംഗ് വര്‍ധിപ്പിക്കാന്‍ റബര്‍ ബോര്‍ഡുമായി ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine