

രാജ്യത്ത് മൊത്ത ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റത്തില്‍ ആശ്വാസം. മാര്‍ച്ച് മാസത്തിലെ വിലക്കയറ്റ നിരക്ക് കഴിഞ്ഞ നാലു മാസത്തെ കുറഞ്ഞ നിരക്കാണ്. മാര്‍ച്ചില്‍ 2.05 ശതമാനമാണ് വിലക്കയറ്റം. ഫെബ്രുവരിയില്‍ 2.38 ശതമാനമായിരുന്നു. പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യോല്‍പ്പന്നങ്ങളുടെ വിലയിലാണ് കാര്യമായ കുറവുണ്ടായത്. അതേസമയം, ഉല്‍പ്പാദന മേഖലയില്‍ വിലക്കയറ്റം കഴിഞ്ഞ മാസത്തേക്കാള്‍ കൂടുതലാണ്.
മാര്‍ച്ചിലെ മൊത്ത വിലക്കയറ്റം 2.5 വരെ എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഈ കണക്കുകളെക്കാള്‍ കുറഞ്ഞ നിരക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തു വിട്ട കണക്കുകളിലുള്ളത്. ഭക്ഷ്യ വിലപ്പെരുപ്പത്തില്‍ കാര്യമായ കുറവുണ്ടായി. 5.94 ശതമാനത്തില്‍ നിന്ന് 4.66 ശതമാനത്തിലേക്കാണ് കുറഞ്ഞത്. അടിസ്ഥാന ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം 2.81 ല്‍ നിന്ന് 0.76 ശതമാനത്തിലുമെത്തി.
കാര്‍ഷിക വിളകളുടെ ഉല്‍പ്പാദന വര്‍ധന വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുന്നതില്‍ പ്രധാന ഘടകമായി. പച്ചക്കറികളുടെ വില ഫെബ്രുവരിയേക്കാള്‍ 5.08 ശതമാനം കുറഞ്ഞു. നിലവിലെ വിലക്കയറ്റ നിരക്ക് 15.88 ശതമാനമാണ്. സവാളയുടെ വിലക്കയറ്റം മുന്‍ മാസത്തെ 48.06 ശതമാനത്തില്‍ നിന്ന് 26.65 ശതമാനമായി കുറഞ്ഞു. ഉരുളക്കിഴങ്ങിന്റെ വിലവര്‍ധന 27.54 ശതമാനത്തില്‍ നിന്ന് 6.77 ശതമാനമായും കുറഞ്ഞു.
അതേസമയം, രാജ്യത്തെ പ്രതികൂല കാലാവസ്ഥ വരും മാസങ്ങളില്‍ വിലക്കയറ്റം കൂട്ടുമെന്നാണ് കണക്കുകൂട്ടുന്നത്. കടുത്ത ഉഷ്ണ തരംഗമാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇത് പച്ചക്കറി, പഴം എന്നിവയുടെ വിലക്കയറ്റത്തിന് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത്തവണ തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ പതിവിലും ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
ഈ വര്‍ഷം റിസര്‍വ് ബാങ്ക് രാജ്യത്ത് 4 ശതമാനം നാണ്യപെരുപ്പമാണ് പ്രതീക്ഷിക്കുന്നത്. ആദ്യപാദത്തില്‍ 3.6 ശതമാനവും രണ്ടാം പാദത്തില്‍ 3.9 ശതമാനമാവും നാണ്യപെരുപ്പം കണക്കാക്കുന്നു. മൂന്നാം പാദത്തില്‍ 3.8 ശതമാനം, നാലാംപാദത്തില്‍ 4.4 ശതമാനം എന്നിങ്ങനെയാണ് റിസര്‍വ് ബാങ്കിന്റെ വിലയിരുത്തല്‍. ജനുവരിയില്‍ പുറത്തു വന്ന സാമ്പത്തിക സര്‍വെയില്‍ രാജ്യം വിവിധ മേഖലകളില്‍ വെല്ലുവിളികള്‍ നേരിടുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. രൂപയുടെ വിലത്തകര്‍ച്ച, ആഗോള സാമ്പത്തിക അനിശ്ചിതാവസ്ഥ, നാണ്യപെരുപ്പത്തിലെ അസ്ഥിരത, വിദേശ നിക്ഷേപത്തിലെ കുറവ് എന്നിവയാണ് പ്രധാന കാരണങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine